IndiaNewsPolitics

മോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച നേതാവിനെ ബിജെപി പുറത്താക്കി

ജയ്പൂര്‍: രാജസ്ഥാനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിദ്വേഷ പരാമര്‍ശത്തില്‍ അതൃപ്തി പ്രകടിപ്പിച്ച ബിക്കാനീര്‍ ബിജെപി ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഗനിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.

ന്യൂഡല്‍ഹിയില്‍ ഒരു വാര്‍ത്താ ചാനലിനോട് സംസാരിക്കുന്നതിനിടെയാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലികളില്‍ മുസ് ലിംകളെ അധിക്ഷേപിച്ചുകൊണ്ടുള്ള പ്രധാനമന്ത്രി മോദിയുടെ പരാമര്‍ശങ്ങളെ അദ്ദേഹം അപലപിച്ചത്. മാത്രമല്ല, 25 സീറ്റുകളില്‍ മൂന്നോ നാലോ സീറ്റുകള്‍ ബിജെപിക്ക് നഷ്ടപ്പെടുമെന്നും ഗനി പറഞ്ഞിരുന്നു.

ഒരു മുസ്ലിമായതിനാല്‍ പ്രധാനമന്ത്രി പറഞ്ഞതില്‍ നിരാശയുണ്ടെന്നായിരുന്നു ഗനി ചാനലിനോട് പറഞ്ഞത്. ബിജെപിക്ക് വേണ്ടി മുസ് ലിംകളുടെ അടുത്ത് പോയി വോട്ട് ചോദിക്കുമ്പോള്‍, പ്രധാനമന്ത്രി നടത്തിയ പരാമര്‍ശങ്ങളെ കുറിച്ച് സമുദായത്തിലെ ജനങ്ങള്‍ സംസാരിക്കുമെന്നും അതിന് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംസ്ഥാനത്ത് ബിജെപിയോട് ജാട്ട് സമുദായത്തിന് അമര്‍ഷമുണ്ട്. ചുരു ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളില്‍ അവര്‍ പാര്‍ട്ടിക്കെതിരേ വോട്ട് ചെയ്തിട്ടുണ്ട്. ഇക്കാര്യം താന്‍ പറയുന്നതിന്റെ പേരില്‍ പാര്‍ട്ടി തനിക്കെതിരേ എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ ഭയപ്പെടുന്നില്ലെന്നും ഗനി പറഞ്ഞിരുന്നു.

ചാനല്‍ റിപോര്‍ട്ടറോട് സംസാരിക്കുന്ന ഗനിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെയാണ്, മാധ്യമങ്ങളിലൂടെ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാന്‍ ഉസ്മാന്‍ ഗനി ശ്രമിച്ചെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അച്ചടക്ക സമിതി ചെയര്‍മാന്‍ ഓങ്കാര്‍ സിങ് ലഖാവത് അദ്ദേഹത്തെ പുറത്താക്കിയത്. പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമമാണിതെന്ന് മനസ്സിലാക്കുകയും അച്ചടക്ക ലംഘനമായി കണക്കാക്കി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് ആറ് വര്‍ഷത്തേക്ക് പുറത്താക്കുകയും ചെയ്തതായി ലഖാവത്ത് പ്രസ്താവനയില്‍ പറഞ്ഞു.

ബിക്കാനീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഏപ്രില്‍ 19നാണ് ആദ്യഘട്ട വോട്ടെടുപ്പ് നടന്നത്. രാജസ്ഥാനിലെ ബന്‍സ്‌വാരയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യവെ, കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്‌ലിംകള്‍ക്ക് സമ്പത്ത് ‘പുനര്‍വിതരണം’ ചെയ്യുമെന്ന് പ്രധാനമന്ത്രി മോദി ഞായറാഴ്ച അഭിപ്രായപ്പെട്ടിരുന്നു.

ജനങ്ങള്‍ കഷ്ടപ്പെട്ട് സമ്പാദിച്ച പണവും വിലപിടിപ്പുള്ള വസ്തുക്കളും നുഴഞ്ഞുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നല്‍കാനാണ് കോണ്‍ഗ്രസ് പദ്ധതിയിടുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. മോദിയുടെ വിദ്വേഷ പരാമര്‍ശത്തിനെതിരേ പ്രതിഷേധം പ്രതിഷേധം ശക്തമായിട്ടുണ്ട്.

STORY HIGHLIGHTS:Criticized for Modi’s hate speech;  BJP sacked Minority Morcha leader

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker