കൊച്ചി:പ്രവാസി മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന കേരള-ഗള്‍ഫ് യാത്രാ കപ്പല്‍ സർവീസ് നടത്താൻ താല്‍പര്യം പ്രകടിപ്പിച്ചു 4 കമ്ബനികള്‍.
കേരളത്തിലെ തുറമുഖങ്ങളില്‍ നിന്നു ഗള്‍ഫ് രാജ്യങ്ങളിലേക്കു സർവീസ് നടത്താൻ രാജ്യത്തെ മുൻനിര കപ്പല്‍ കമ്ബനിയായ ജെഎം ബക്സി (JM Baxi), സിത (Sita) ട്രാവല്‍ കോർപറേഷൻ ഇന്ത്യ, കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളി കമ്ബനി ഇന്റർസൈറ്റ് (Intersight) ടൂർസ് ആൻഡ് ട്രാവല്‍സ്, തിരുവനന്തപുരത്തുള്ള ഗാങ്‌വെ (Gangway) ഷിപ്പിങ് ആൻഡ് ലോജിസ്റ്റിക്സ് എന്നിവയാണ് താല്‍പര്യം അറിയിച്ചിരിക്കുന്നത്.
വിഴിഞ്ഞം, കൊല്ലം, ബേപ്പൂർ, അഴീക്കല്‍ തുറമുഖങ്ങളില്‍ നിന്നു ഗള്‍ഫിലേക്കു യാത്രാ കപ്പല്‍ സർവീസ് നടത്താൻ താല്‍പര്യമുള്ള കമ്ബനികളില്‍ നിന്നു കേരള മാരിടൈം ബോർഡ് ഈ മാസം ആദ്യം താല്‍പര്യപത്രം (EOI) ക്ഷണിച്ചിരുന്നു.
ഹൈബ്രിഡ് മാതൃകയിലുള്ള ചെറുതോ വലുതോ ആയ കപ്പലുകള്‍ സർവീസ് നടത്താൻ കഴിയുന്ന കമ്ബനികളില്‍ നിന്നാണ് അപേക്ഷ ക്ഷണിച്ചത്. ഇതിന്റെ ഭാഗമായാണു ഈ കമ്ബനികള്‍ ബോർഡിനെ താല്‍പര്യം അറിയിച്ചത്.
ഏപ്രില്‍ 22 വരെ അപേക്ഷകള്‍ നല്‍കാമെന്നതിനാല്‍ ഇനിയും കൂടുതല്‍ കമ്ബനികള്‍ താല്‍പര്യം അറിയിക്കുമെന്നാണു മാരിടൈം ബോർഡ് പ്രതീക്ഷിക്കുന്നത്.
സീസണുകളില്‍ ഗള്‍ഫില്‍ നിന്നു കേരളത്തിലേക്കുള്ള വിമാനയാത്രാ നിരക്ക് ഉയർന്നതായതിനാല്‍ ഗള്‍ഫ്-കേരള കപ്പല്‍ യാത്ര സാധാരണക്കാരായ പ്രവാസികള്‍ക്കു സഹായകരമാകും. സീസണുകളില്‍ സാധാരണ നിരക്കിന്റെ ഇരട്ടി വരെ വിമാന കമ്ബനികള്‍ ഈടാക്കാറുണ്ട്.
വിമാനത്തിന്റെ പകുതി നിരക്കു പോലും യാത്രാക്കപ്പലിനാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. യാത്രാ സമയം വർധിക്കുമെങ്കിലും കൂടുതല്‍ ചരക്ക് കൊണ്ടുവരാൻ കഴിയുന്നതും നേട്ടമാണ്.
താല്‍പര്യവുമായി മുന്നോട്ടു വരുന്ന കമ്ബനികളുമായി മാരിടൈം ബോർഡ് വിശദമായ ചർച്ചകള്‍ നടത്തും. തുടർന്നു തുറമുഖങ്ങളില്‍ അവർക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയ ശേഷമാകും സർവീസ് സംബന്ധിച്ച അന്തിമ തീരുമാനം.
ഓഫ് സീസണ്‍ സമയങ്ങളില്‍ യാത്രക്കാർ കുറഞ്ഞാല്‍ സർവീസ് പ്രതിസന്ധിയിലാകാനുള്ള സാധ്യതയുമുണ്ട്. ഇവ പരിഹരിക്കാനുള്ള ചർച്ചകളും നടത്തും. പ്രായോഗിക രീതിയിലുള്ള ധാരണകള്‍ രൂപപ്പെടുത്തിയ ശേഷമാകും ബോർഡ് പദ്ധതി അന്തിമമാക്കുക.
കേരള മാരിടൈം ബോർഡിന്റെ നേതൃത്വത്തില്‍ ഗള്‍ഫിലേക്കുള്ള കപ്പല്‍ യാത്രയുടെ സാധ്യതകള്‍ പരിശോധിക്കാനുള്ള ആദ്യഘട്ട ചർച്ചയും ഇന്ന് കൊച്ചിയില്‍ നടക്കും. വിവിധ കപ്പല്‍ കമ്ബനികളുമായുള്ള ചർച്ചയും ഇന്ന് നടക്കും.
ബോർഡ് ചെയർമാൻ എൻ.എസ്. പിള്ള, ഉന്നത ഉദ്യോഗസ്ഥർ, പോർട്ട് ഓഫിസർമാർ, കൊച്ചിൻ ഷിപ്‌യാഡ്, ടൂറിസം വകുപ്പ് പ്രതിനിധികള്‍, കപ്പല്‍ കമ്ബനികള്‍ എന്നിവർ ചർച്ചയില്‍ പങ്കെടുക്കും.
പ്രവാസികള്‍ക്കിടയില്‍ സർവേയുമായി മാരിടൈം ബോർഡ്. കപ്പലില്‍ യാത്ര ചെയ്യാൻ താല്‍പര്യമുണ്ടോ, എത്ര ഇടവേളയിലാണു കേരളത്തില്‍ വരിക, യാത്രാ സീസണുകള്‍ ഏതെല്ലാം, പ്രതീക്ഷിക്കുന്ന ടിക്കറ്റ് നിരക്ക്, ലഗേജ് എത്ര, കപ്പല്‍ യാത്രയുടെ പ്രതീക്ഷിക്കുന്ന ദൈർഘ്യം തുടങ്ങിയ പത്തോളം ചോദ്യങ്ങളാണു ബോർഡിന്റെ വെബ്സൈറ്റ് (kmb.kerala.gov.in) സർവേയിലുള്ളത്.
STORY HIGHLIGHTS:4 companies have expressed interest in operating the Kerala-Gulf passenger ferry service