മക്ക: മക്കയിൽ നോമ്പ് തുറക്കാൻ ഇരിക്കുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ മലയാളി മരിച്ചതിനു പുറമെ പരിക്കേറ്റത് 21 പേർക്ക്. മഞ്ചേരി പുൽപറ്റ എടത്തിൽ പള്ളിയാളി പ്രദേശത്തുള്ള സ്രാബിക്കൽ മുഹമ്മദ് ബഷീർ (47) ആണ് മരണപ്പെട്ട മലയാളി.
അപകടത്തിൽ നിസ്സാര പരിക്കേറ്റ മഞ്ചേരി ആനക്കയം സ്വദേശി മൻസൂറിനെ മക്കാ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു.
മക്കയിലെ നവാരിയയിൽ ആണ് ദാരുണ സംഭവം നടന്നത്. മഗ്‌രിബ് ബാങ്ക് പ്രതീക്ഷിച്ച് നോമ്പുതുറക്കാൻ പള്ളിക്ക് പുറത്ത് ഇരുന്ന ആളുകൾക്കിടയിലേക്ക് നിയന്ത്രണം തെറ്റിയെത്തിയ വാഹനം ഇടിച്ചു കയറുകയായിരുന്നു. അമിത വേഗതയിൽ എത്തിയ കാർ ആളുകൾ ഇരിക്കുന്നതിനിടെയിലേക്ക് പാഞ്ഞ് കയറുകയായിരുന്നു. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നതേയുള്ളൂ.
അപകടത്തിൽ 21 പേർക്ക് പരിക്കേറ്റതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്യുന്നു. സുരക്ഷാ സേനയും റെഡ്ക്രസന്റും സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു. അപകടത്തിൽ മരിച്ച മുഹമ്മദ് ബഷീറിന് ഭാര്യയും മൂന്നു മക്കളുമുണ്ട്. മക്ക നവോദയ ഈസ്റ്റ് നവാരിയ യൂനിറ്റ് അംഗമായിരുന്നു. മക്ക ഹിറ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം മക്കയിൽ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിന് മക്കയിലെ നവോദയ, ഐ.സി.എഫ് പ്രവർത്തകർ രംഗത്തുണ്ട്.
അപകടത്തിൽ നിസ്സാര പരിക്കേറ്റ മഞ്ചേരി ആനക്കയം സ്വദേശി മൻസൂറിനെ മക്കാ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. മക്കയിലുള്ള പി.വി അൻവർ എം.എൽ.എ പരിക്കേറ്റ് ആശുപത്രിയിലുള്ളവരെ സന്ദർശിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സംഭവസ്ഥലത്ത് നിന്നുള്ള മൊബൈൽ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്. പുറത്ത് വന്ന ദൃശ്യങ്ങൾ ഏറെ ഏറെ നടുക്കുന്നതാണ്. സിസിടിവി ദൃശ്യങ്ങളും പ്രത്യേകിച്ച് മൊബൈലിൽ ചിത്രീകരിച്ച അപകട ദൃശ്യങ്ങളും പ്രസിദ്ധീകരിക്കുന്നതിൽ സഊദിയിൽ നിയന്ത്രണം ഉള്ളതിനാൽ ഞങ്ങൾ അത് പ്രസിദ്ധീകരിക്കുന്നില്ല.
STORY HIGHLIGHTS:The vehicle rushed into the midst of those who were breaking their fast in Makkah; A Malayali died and several others were injured