Tech

വാട്സ്‌ആപ്പ്:ഇനി ഏത് വോയിസ് സന്ദേശവും ധൈര്യമായി തുറക്കാം…

ഒരുപാട് പുതിയ ഫീച്ചറുകള്‍ അ‌വതരിപ്പിച്ചുകൊണ്ട് ഉപയോക്താക്കളെ സന്തോഷിപ്പിക്കാറുള്ള വാട്സ്‌ആപ്പ്  ഇപ്പോള്‍ പ്രയോജനപ്രദമായ ഒരു പുതിയ ഫീച്ചർ കൂടി അ‌വതരിപ്പിക്കാൻ തയാറെടുത്തിരിക്കുന്നു.

ഏറെനാളായി പറഞ്ഞുകേള്‍ക്കുന്ന വോയിസ് ടു ടെക്സ്റ്റ് ഫീച്ചർ ഉടൻ വാട്സ്‌ആപ്പ് അ‌വതരിപ്പിക്കുമെന്ന് വാബീറ്റഇൻഫോ ഏറ്റവും പുതിയ റിപ്പോർട്ടിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു.

വാട്സ്‌ആപ്പ് കൊണ്ടുവന്ന മികച്ച ഫീച്ചറുകളില്‍ ഒന്നാണ് വോയിസ് നോട്ട് എന്നതില്‍ തർക്കമില്ല. ടൈപ്പ് ചെയ്യുക എന്നത് പലർക്കും മടിയുള്ള കാര്യമാണ്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയോ മറ്റെന്തെങ്കിലും ജോലികള്‍ ചെയ്തുകൊണ്ടിരിക്കുകയോ ആണെങ്കില്‍പ്പോലും വോയിസ് നോട്ട് സൗകര്യം ഉപയോഗിച്ചുകൊണ്ട് മികച്ച രീതിയില്‍ ചാറ്റ് തുടരാം. നിരവധിപേർ ഈ ഫീച്ചർ ഉപയോഗപ്പെടുത്തുന്നുണ്ട്.

എന്നാല്‍ നാം ജോലി സ്ഥലത്തോ മറ്റെവിടെയെങ്കിലുമോ എന്തെങ്കിലും പ്രധാനപ്പെട്ട മീറ്റിങ്ങിലും മറ്റും പങ്കെടുത്തുകൊണ്ടിരിക്കുന്ന ഒരു ഘട്ടത്തില്‍ ഒരു സുഹൃത്തില്‍ നിന്നും ഒരു വോയിസ് നോട്ട് ലഭിച്ചു എന്നിരിക്കുക. ആ വോയിസ് നോട്ട് പ്ലേ ചെയ്യാൻ കഴിയാത്ത അ‌ത്തരമൊരു സാഹചര്യത്തില്‍, അ‌തിനുള്ളില്‍ പറഞ്ഞിരിക്കുന്നത് എന്താണ് എന്ന് അ‌റിയാൻ നമുക്ക് അ‌തിയായ ആഗ്രഹം കാണും.

ഇത്തരം ഘട്ടങ്ങളില്‍ ഉപയോക്താക്കള്‍ക്ക് വോയിസ് നോട്ടുകളുടെ ഉള്ളിലുള്ള കാര്യം അത് പ്ലേ ചെയ്യാതെ തന്നെ ടെക്സ്റ്റ് രൂപത്തില്‍ അ‌റിയാൻ സഹായിക്കുന്ന ഒരു ഫീച്ചർ വാട്സ്‌ആപ്പ് ഉടൻ പുറത്തിറക്കുമെന്ന് വാബീറ്റഇൻഫോ പറയുന്നു. ഇത്തരമൊരു ഫീച്ചർ അ‌വതരിപ്പിക്കാനുള്ള ശ്രമങ്ങള്‍ കഴിഞ്ഞ കുറച്ച്‌ നാളുകളായി വാട്സ്‌ആപ്പ് നടത്തിവരികയായിരുന്നു. ഇപ്പോള്‍ അ‌ത് അ‌ന്തിമഘട്ടത്തിലേക്ക് എത്തിയിരിക്കുന്നു.

വോയ്‌സ് നോട്ടില്‍ ഉള്ളത് പ്ലേ ചെയ്യാതെ തന്നെ വായിക്കാനാകുന്ന ഫീച്ചർ ഐഒഎസ് ഉപയോക്താക്കള്‍ക്കായി വാട്സ്‌ആപ്പ് ആദ്യം ലോഞ്ച് ചെയ്തിരുന്നു, ഇപ്പോള്‍ ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കും ഈ ഫീച്ചറിലേക്ക് ആക്‌സസ് ലഭിച്ചേക്കാമെന്ന് വാബീറ്റഇൻഫോ പറയുന്നു. ഐഒഎസില്‍ നടപ്പാക്കിയ ഈ ഫീച്ചർ വൻ വിജയമായിരുന്നു. ഇതിനെത്തുടർന്നാണ് ഇപ്പോള്‍ ആൻഡ്രോയിഡ് ഫോണ്‍ ഉപയോക്താക്കള്‍ക്കായും വാട്സ്‌ആപ്പ് ഈ ഫീച്ചർ അ‌വതരിപ്പിക്കാൻ തയാറെടുക്കുന്നത്.

ഏതാനും ആൻഡ്രോയിഡ് വാട്സ്‌ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്കായി ഈ ഫീച്ചർ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഉപയോക്താക്കള്‍ക്കായുള്ള വാട്സ്‌ആപ്പിന്റെ ഏറ്റവും പുതിയ ബീറ്റാ പതിപ്പില്‍ (പതിപ്പ് 2.24.7.8), വോയിസ് നോട്ട് ടെക്സ്റ്റ് ഫോർമാറ്റിലേക്ക് ട്രാൻസ്‌ക്രൈബ് ചെയ്യാൻ കഴിയുന്ന ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നു. ബീറ്റ ടെസ്റ്റർമാരുടെ ഉപയോഗത്തില്‍നിന്ന് ലഭിക്കുന്ന ഫീഡ്ബാക്കുകള്‍ക്ക് ശേഷം ന്യൂനതകള്‍ പരിഹരിച്ച്‌ ഈ ഫീച്ചർ എല്ലാവർക്കുമായി ലഭ്യമാക്കും.

ഈ ഫീച്ചർ ലഭ്യമാകുന്നതോടെ ഉപയോക്താക്കള്‍ക്ക് വോയിസ് നോട്ടുകളുടെ ഉള്ളടക്കം ടെക്സ്റ്റ് രൂപത്തില്‍ വായിക്കാൻ സാധിക്കും. ഈ ഫീച്ചർ എത്തുമ്ബോള്‍ ഏകദേശം 150MB അധിക ആപ്പ് ഡാറ്റ ഡൗണ്‍ലോഡ് ചെയ്യേണ്ടിവരും. അ‌പ്ഡേറ്റ് ഡൗണ്‍ലോഡ് ചെയ്താല്‍ ഫീച്ചർ ഡിഫോള്‍ട്ടായി പ്രവർത്തനക്ഷമമാകും, എന്നാല്‍ ചില സാഹചര്യങ്ങളില്‍, ഉപയോക്താക്കള്‍ക്ക് ഇത് ആക്ടീവ് ചെയ്യേണ്ടി വന്നേക്കാം.

ഈ ഫീച്ചർ ആക്ടീവ് ആകുന്നതോടെ ”Read before you listen with transcripts” എന്ന ഒരു നോട്ടിഫിക്കേഷൻ ഉപയോക്താക്കള്‍ക്ക് ലഭിക്കും. നിലവില്‍ പരീക്ഷണ ഘട്ടത്തിലായതിനാല്‍ പരിമിതമായ എണ്ണം ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമേ ഈ ഫീച്ചർ ലഭ്യമാകൂ. ഇതുകൂടാതെ മറ്റനേകം പുതിയ ഫീച്ചറുകളും വാട്സ്‌ആപ്പില്‍ ഉടൻ എത്താൻ തയാറെടുത്ത് നില്‍ക്കുന്നുണ്ട്.

അ‌ത്തരത്തില്‍ ഉടൻ എത്താൻ പോകുന്ന ഫീച്ചറുകളിലൊന്നാണ് ഒരു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ സ്റ്റാറ്റസ് ഫീച്ചർ. നിലവില്‍ 30 സെക്കൻഡ് വരെയുള്ള വീഡിയോകളാണ് സ്റ്റാറ്റസായി ഷെയർ ചെയ്യാനാകുക. എന്നാല്‍ അ‌ധികം വൈകാതെ 1 മിനിറ്റ് വരെ ദൈർഘ്യമുള്ള വീഡിയോകള്‍ സ്റ്റാറ്റസായി വാട്സ്‌ആപ്പില്‍ ഷെയർ ചെയ്യാൻ കഴിയും. ഈ ഫീച്ചറും ബീറ്റ ടെസ്റ്റർമാർക്ക് ഇപ്പോള്‍ ലഭ്യമാക്കിയിട്ടുണ്ട്.

STORY HIGHLIGHTS:Now you can boldly open any voice message…!

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker