ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് രംഗത്തെ മത്സരത്തിലേക്ക് ആപ്പിൾ
ഡാർവിൻ എഐയെ ഏറ്റെടുത്ത് ആപ്പിൾ
ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് രംഗത്തെ മത്സരത്തിലേക്ക് ആപ്പിള് നേരിട്ട് ഇതുവരെ കടന്നുവന്നിട്ടില്ലെങ്കിലും അതിനുള്ള തയ്യാറെടുപ്പുകള് അണിയറയില് നടക്കുന്നുണ്ട്.
ഇപ്പോഴിതാ ഡാര്വിന് എഐ എന്ന കനേഡിയന് എഐ സ്റ്റാര്ട്ടപ്പിനെ ആപ്പിള് ഏറ്റെടുത്തുവെന്നാണ് റിപ്പോർട്ടുകള്.
ഇതുമായി ബന്ധപ്പെട്ട് ഈ വര്ഷം ആദ്യം ധാരണയിലെത്തിയിരുന്നുവെന്നാണ് വിവരം. എങ്കിലും കമ്ബനി ഔദ്യോഗികമായി ഏറ്റെടുക്കല് പ്രഖ്യാപിച്ചിട്ടില്ല.
എഐയ്ക്ക് വേണ്ടിയുള്ള വലിയ പരിശ്രമത്തിലാണ് ആപ്പിളെന്ന് ഫെബ്രുവരിയില് കമ്ബനി മേധാവി ടിം കുക്ക് വെളിപ്പെടുത്തിയിരുന്നു. ഇ വര്ഷം അവസാനത്തോടെ ആപ്പിളിന്റെ എഐ പദ്ധതിയുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുണ്ടായേക്കുമെന്നാണ് കരുതുന്നത്.
ആപ്പിള് ഐഒഎസ് 18 അപ്ഡേറ്റില് വിവിധ എഐ ഫീച്ചറുകളും ഉള്പ്പെട്ടേക്കുമെന്നും കരുതുന്നു.
എന്നാല് ആപ്പിള് ഏറ്റെടുക്കുന്ന ആദ്യ എഐ സ്ഥാപനമല്ല ഡാര്വിന് എഐ. 2023 ല് 30 ല് ഏറെ എഐ സ്റ്റാര്ട്ടപ്പുകളെ ആപ്പിള് ഏറ്റെടുത്തിട്ടുണ്ടെന്ന് 9 ടു 5 മാക്ക് അടുത്തിടെ റിപ്പോര്ട്ട് ചെയ്തിരുന്നു.
എഐ വിപണിയിലെ മറ്റ് കമ്ബനികളെ മറികടക്കാന് സാധിക്കും വിധമുള്ള പദ്ധതികളാണ് ആപ്പിള് ആസൂത്രണം ചെയ്യുന്നത് എന്നാണ് അഭ്യൂഹങ്ങള്. 2023 ല് ഗൂഗിളും മെറ്റയും മൈക്രോസോഫ്റ്റും ഏറ്റെടുത്ത കമ്ബനികളുടെ എണ്ണത്തേക്കാള് കൂടുതല് കമ്ബനികളെ ആപ്പിള് ഏറ്റെടുത്തിട്ടുണ്ട്.
2024 ലും തങ്ങളുടെ വിഭവ ശേഷി ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളിലാണ് ആപ്പിള് എന്ന് ഡാര്വിന് എഐയുടെ ഏറ്റെടുക്കല് വ്യക്തമാക്കുന്നു.
ഡാര്വിന് എഐയെ മാത്രമല്ല, കമ്ബനിയിലെ നിരവധി ജീവനക്കാരെയും ആപ്പിള് ഏറ്റെടുത്തുവെന്നാണ് ബ്ലൂംബെര്ഗിലെ മാര്ക്ക് ഗുര്മന് ചെയ്യുന്നത്. ഡാര്വിന് എഐയുടെ സഹസ്ഥാപകനും ചീഫ് സൈന്റിസ്റ്റുമായ അലക്സാണ്ടര് വോങും അക്കൂട്ടത്തിലുണ്ടെന്നും റിപ്പോര്ട്ടുകള് പറയുന്നു.
നിര്മാണ പ്രവര്ത്തനങ്ങള്ക്ക് ഉപയോഗിക്കുന്ന വസ്തുക്കള് കണ്ടറിയാനാവുന്ന എഐ പ്രോഗ്രാം സ്വന്തമായി വികസിപ്പിച്ച സ്ഥാപനമാണ് ഡാര്വിന് എഐ. ഇതുള്പ്പടെ ഡാര്വിന് എഐയുടെയും അതിലെ സാങ്കേതിക വിദഗ്ദരുടെയും എഐ കഴിവുകള് മുഴുവന് തങ്ങള്ക്കായി പ്രയോജനപ്പെടുത്താന് ഈ ഏറ്റെടുക്കലിലൂടെ ആപ്പിളിന് സാധിക്കും.
2024 ല് എഐയിലാണ് തങ്ങള് ശ്രദ്ധകേന്ദ്രീകരിക്കുകയെന്ന് ടിം കുക്ക് പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാല് എന്താണ് പദ്ധതിയെന്ന് ആപ്പിള് വെളിപ്പെടുത്തിയിട്ടില്ല.
ആര്ട്ടിഫിഷ്യല് ഇന്റലിജന്സില് ഇതുവരെ ഒന്നും ചെയ്യാതിരുന്നവരല്ല ആപ്പിള്. എഐയില് ഒരു അടിത്തറ ഇതിനകം ആപ്പിള് ഒരുക്കിയിട്ടുണ്ട്. ഇപ്പോള് പുറത്തിറക്കിക്കൊണ്ടിരിക്കുന്നതും, അണിയറയില് ഒരുങ്ങുന്നതുമായി ഉപകരണങ്ങളില് പലതും ഭാവിയെ മുന്നില് കണ്ടുകൊണ്ടു തന്നെയാണ് കമ്ബനി തയ്യാറാക്കിയിരിക്കുന്നതും.
ആപ്പിളിന് സ്വന്തമായി എഐ ചാറ്റ്ബോട്ട് നിര്മിക്കാന് പദ്ധതിയുണ്ടെന്നും അവ ആപ്പിള് ഉപകരണങ്ങളില് അവതരിപ്പിക്കുമെന്നും റിപ്പോര്ട്ടുകളുണ്ട്.
2024 ല് അവതരിപ്പിക്കാനിരിക്കുന്ന ഐഫോണ് 16 സീരീസിനൊപ്പം ആര്ട്ടിഫിഷ്യല് ഇന്റലിജന്സുമായി ബന്ധപ്പെട്ട വന് പ്രഖ്യാപനങ്ങളും ആപ്പിള് നടത്തിയേക്കുമെന്നാണ് വിവരം.
അങ്ങനെയെങ്കില് ആപ്പിളും ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് രംഗത്തെ മത്സരത്തിനിറങ്ങുന്നതിന് ലോകം സാക്ഷിയാവും.
STORY HIGHLIGHTS:Apple to compete in the field of artificial intelligence