KeralaNews

ലൈസന്‍സ് പുതുക്കല്‍: കാലാവധി ഒരു വര്‍ഷം കഴിഞ്ഞാല്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റ് പാസ്സാകണം: ഹൈക്കോടതി

കൊച്ചി :കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കുന്നതെങ്കില്‍ വീണ്ടും ഡ്രൈവിങ് ടെസ്റ്റിന് വിധേയനാകണമെന്ന് ഹൈക്കോടതി.

ടെസ്റ്റിന് വിധേയമായി പാസ്സാകേണ്ടതാണെന്നും ജസ്റ്റിസ് എന്‍ നഗരേഷ് ഉത്തരവിട്ടു. ഇതുസംബന്ധിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണറുടെ 2009 ഒക്ടോബര്‍ 15 ലെ സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് എറണാകുളം സ്വദേശി സെബാസ്റ്റ്യന്‍ ജേക്കബ് നല്‍കിയ ഹര്‍ജി കോടതി തള്ളി.

ഹര്‍ജിക്കാരന്റെ ലൈസന്‍സിന് 2020 ഒക്ടോബര്‍ 30 വരെ കാലാവധിയുണ്ടായിരുന്നു. കോവിഡ് മൂലം ലൈസന്‍സ് പുതുക്കാനായില്ല. ഹര്‍ജിക്കാരന്‍ 2022 ജൂലൈ 17ന് അപേക്ഷ നല്‍കി. തുടര്‍ന്ന് ജോയിന്റ് ആര്‍ടിഒ ലൈസന്‍സ് പുതുക്കി നല്‍കി. 2032 ജൂലൈ 14വരെയായിരുന്നു കാലാവധി. പിന്നീട് സ്മാര്‍ട് കാര്‍ഡ് ആക്കാനായി അപേക്ഷ നല്‍കിയപ്പോള്‍ ലൈസന്‍സ് പുതുക്കിയത് നിയമവിരുദ്ധമാണെന്ന് കാണിച്ച്‌ കാരണം കാണിക്കല്‍ നോട്ടിസ് ലഭിച്ചു. ലൈസന്‍സ് പുതുക്കാനായി ഡ്രൈവിങ് ടെസ്റ്റ് നടത്തിയിട്ടില്ലെന്ന കാരണത്താലാണ് നോട്ടിസ് ലഭിച്ചതെന്ന് മനസ്സിലായതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടി.

എന്നാല്‍ കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷത്തിനുള്ളില്‍ ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ നല്‍കിയാല്‍ ടെസ്റ്റുകള്‍ക്ക് വിധേയമാകേണ്ടതില്ലെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ 1988 ലെ മോട്ടര്‍ വാഹന നിയമത്തില്‍ 2019 ല്‍ സമഗ്രമായ ഭേദഗതിയുണ്ടായെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഡ്രൈവിങ് ലൈസന്‍സ് അനുവദിക്കുന്നതു സംബന്ധിച്ച 9 (3) വകുപ്പില്‍ മാറ്റമുണ്ടായിട്ടില്ലെങ്കിലും പുതുക്കുന്നതു സംബന്ധിച്ച 15-ാം വകുപ്പിന് ഭേദഗതിയുണ്ടായി. കാലാവധി കഴിഞ്ഞ് ഒരു വര്‍ഷത്തിനുശേഷമാണ് അപേക്ഷ നല്‍കുന്നതെങ്കില്‍ ടെസ്റ്റ് പാസാകണമെന്നാണ് വ്യവസ്ഥ. ഹര്‍ജിക്കാരന്‍ അപേക്ഷ നല്‍കിയിരിക്കുന്നത് ലൈസന്‍സ് പുതുക്കാനാണ്. അതിനു ബന്ധപ്പെട്ട വ്യവസ്ഥ ബാധകമാണ്. സര്‍ക്കുലര്‍ നിയമാനുസൃതമാണെന്നും കോടതി വ്യക്തമാക്കി.

STORY HIGHLIGHTS:Renewal of license: Must pass driving test again after one year: HC

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker