വ്ലോഗര്‍മാരെ നിയന്ത്രിക്കാൻ പുതിയ നിർദേശങ്ങൾ
കൊച്ചി: സിനിമ റിവ്യു ചെയ്യുന്ന വ്ലോഗർമാർക്ക് നിയന്ത്രണങ്ങളേർപ്പെടുത്തുന്നു. സിനിമ പുറത്തിറങ്ങി രണ്ട് ദിവസത്തിന് ശേഷം മാത്രമേ വ്ലോഗര്‍മാർ റിവ്യു ചെയ്യാവൂ എന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നത്. സിനിമയുടെ കഥ മുഴുവൻ പറയുന്ന തരത്തിലുള്ള റിവ്യു ഒഴിവാക്കുക, റിവ്യു ചെയ്യുന്നതിനിടയിൽ ആരെയും വ്യക്തിപരമായി അധിക്ഷേപിക്കാതിരിക്കുക എന്നിങ്ങനെ പത്ത് നിർദേശങ്ങളാണ് അമിക്കസ് ക്യൂറിയായ അഡ്വ. ശ്യാം പത്മൻ ഹൈക്കോടതിയില്‍ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്.
പുതിയ മാർഗ നിർദേശങ്ങൾ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം പുറപ്പെടുവിക്കണമെന്നാണ് അമിക്കസ് ക്യൂറി പറയുന്നത്. ചില സിനിമകളെ മനപൂർവം നെഗറ്റീവ് റിവ്യു നൽകി തകർക്കുന്നു, വ്യക്തിഹത്യ ചെയ്യുന്നു തുടങ്ങിയ ആരോപണമുയർത്തി ‘ആരോമലിന്റെ ആദ്യ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റഹ്മാൻ നൽകിയ ഹർജിക്ക് പിന്നാലെയാണ് വിഷയത്തെ കുറിച്ച് പഠിക്കാനും റിപ്പോർട്ട് നൽകാനും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അമിക്കസ് ക്യൂറിയെ നിയോഗിച്ചത്.
ഓൺലൈൻ മാധ്യമങ്ങള്‍ സിനിമാ നിരൂപണം നടത്തുമ്പോൾ പാലിക്കേണ്ട പെരുമാറ്റച്ചട്ടം തയാറാക്കാൻ സംസ്ഥാന പൊലീസ് മേധാവിക്കും കോടതി നിർദേശം നല്‍കുകയും റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് പരാതിയുടെ അടിസ്ഥാനത്തിൽ റിവ്യു ബോംബിങ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്തത്. കൂടാതെ, റിവ്യൂ ബോംബിങ്ങിനെതിരെ വിവരം നൽകാൻ പ്രത്യേക വെബ്പോർട്ടൽ എന്ന നിർദേശത്തിൽ സാധ്യതകളും ഹൈക്കോടതി പരിശോധിച്ചു.
ലക്ഷക്കണക്കിനു ഫോളോവേഴ്സ് ഉള്ളതുകൊണ്ടു തന്നെ കാഴ്ച്ചക്കാരെ നെഗറ്റീവ് റിവ്യുകൾ സ്വാധീനിക്കാൻ കഴിയുമെന്നും ഇത് ഇന്ത്യൻ സിനിമ വ്യവസായത്തെ തന്നെ മോശമായി ബാധിക്കും. അതുകൊണ്ടു തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്ന് വ്ലോഗർമാരെ നിയന്ത്രിക്കുന്നതിൽ നടപടി സ്വീകരിക്കണമെന്നാണ് അമിക്കസ് ക്യൂറി റിപ്പോർട്ടിൽ പറയുന്നത്.
STORY HIGHLIGHTS:Vloggers who review movies are restricted