ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമായത് ഒന്നര മണിക്കൂര്‍, ഖേദം അറിയിച്ച് മെറ്റ
ദില്ലി: മെറ്റയുടെ കീഴിലുള്ള സാമൂഹികമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി നിശ്ചലമായത് ഒന്നര മണിക്കൂര്‍. ഇത്രയധികം സമയം ഫേയ്സ്ബുക്കും ഇന്‍സ്റ്റഗ്രാമും നിശ്ചലമാകുന്നതും അപൂര്‍വമാണ്. ഇതിനുമുമ്പും സമാനമായ സംഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്രയധികം നേരം പ്രവര്‍ത്തന രഹിതമായിരുന്നില്ല.
ഫേയ്സബുക്ക് തനിയെ ലോഗ്ഡ് ഔട്ടാവുകയായിരുന്നു. പിന്നീട് പ്രശ്നം പരിഹരിച്ചശേഷം ലോഗ്ഡ് ഇന്‍ ആകുകയും ചെയ്തു. ഇന്നലെ രാത്രി 8.45ന് ശേഷമാണ് സംഭവം. ആപ്പുകള്‍ ഉപയോഗിച്ചുകൊണ്ടിരിക്കെയാണ് തനിയെ ലോഗ് ഔട്ട് ആയത്.
ഫേയ്സ്ബുക്ക് മെസഞ്ചർ, ത്രെഡ് എന്നീ ആപ്പുകളും പ്രവർത്തന രഹിതമായി. എന്നാല്‍ തകരാര്‍ റിപ്പോര്‍ട്ട് ചെയ്ത് ഒന്നര മണിക്കൂറിനുശേഷമാണ് ആപ്പുകള്‍ പ്രവര്‍ത്തന സജ്ജമായത്. ഉപയോക്താക്കള്‍ക്ക് ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദം അറിയിച്ച മെറ്റ പ്രശ്നം പൂര്‍ണമായി പരിഹരിക്കാന്‍ ശ്രമിക്കുന്നതായും വ്യക്തമാക്കി. എന്നാല്‍, സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള്‍ക്ക് തടസം നേരിടാനുണ്ടായ കാരണം വ്യക്തമാക്കിയിട്ടില്ല.
ഏതെങ്കിലും തരത്തിലുള്ള സാങ്കേതിക പ്രശ്നമാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ എന്ന കാര്യം ഉള്‍പ്പെടെ അധികൃതര്‍ അറിയിച്ചിട്ടില്ല. പ്രവര്‍ത്തനം നിലച്ചതോടെ #facebook, #facebookdown ഹാഷ്ടാഗുകള്‍ എക്സില്‍ ട്രെന്‍റിംഗ് ആയിരുന്നു. നൂറുകണക്കിന് പോസ്റ്റുകളാണ് ഇത് സംബന്ധിച്ച് എക്സില്‍ ആളുകള്‍ പോസ്റ്റ് ചെയ്തത്. നിരവധി ട്രോളുകളും വരുന്നുണ്ട്.
അതേ സമയം ചെങ്കടലിലെ ആഴക്കടല്‍ കേബിളുകള്‍ തകരാറിലായത് ആഗോള ടെലികമ്മ്യൂണിക്കേഷൻ ശൃംഖലകളില്‍ കാര്യമായ തടസ്സം സൃഷ്ടിച്ചതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകള്‍ വന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട തടസമാണോ മെറ്റയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് എന്ന് വ്യക്തമല്ല.
നാല് പ്രധാന ടെലികോം നെറ്റ് വര്‍ക്കുകള്‍ക്ക് കീഴില്‍ വരുന്ന കേബിളുകളാണ് മുറിഞ്ഞുപോയത്. ഇതേ തുടര്‍ന്ന് ഏഷ്യ, യൂറോപ്പ്, മിഡില്‍ ഈസ്റ്റ് പ്രദേശങ്ങള്‍ക്കിടയിലുള്ള ഇന്റര്‍നെറ്റ് ട്രാഫിക് ഉള്‍പ്പടെയുള്ള ടെലികമ്മ്യൂണിക്കേഷന്‍ ട്രാഫികിന്റെ നാലിലൊന്ന് മറ്റ് റൂട്ടുകളിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നു എന്നാണ് വിവരം.
ഏഷ്യ, യൂറോപ്പ്, മധ്യേഷ്യ എന്നിവിടങ്ങളിലെ ടെലികോം ട്രാഫികിന്റെ 25 ശതമാനത്തെ പ്രശ്‌നം ബാധിച്ചതായാണ് ഹോങ്കോങ് ടെലികോം കമ്ബനിയായ എച്ചിജിസി ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍സ് പറയുന്നത്.
STORY HIGHLIGHTS:Facebook and Instagram went down for an hour and a half, Meta said sorry