IndiaNews

എവറസ്റ്റ് കയറണമെങ്കില്‍ ഇനി ചിപ്പ് ഘടിപ്പിക്കണം

എവറസ്റ്റ് കയറണമെങ്കില്‍ ഇനി ചിപ്പ് ഘടിപ്പിക്കണം; നിയമം കര്‍ശനമാക്കാന്‍ നേപ്പാള്‍ ഭരണകൂടം

എവറസ്റ്റ് കീഴടക്കാനെത്തുന്ന പര്‍വതാരോഹകര്‍ക്കായി പുതിയ സുരക്ഷ സംവിധാനവുമായി നേപ്പാള്‍ ഭരണകൂടം. ഈ സീസണ്‍ മുതല്‍ എവറസ്റ്റ് കയറാനെത്തുന്ന മുഴുവന്‍ പര്‍വതാരോഹകരും ഒരു ഇലക്‌ട്രോണിക്ക് ചിപ്പ് ശരീരത്തില്‍ ഘടിപ്പിക്കണം.

പര്‍വതാരോഹകരെ ട്രാക്ക് ചെയ്യാനും അപകടത്തില്‍ പെടുകയാണെങ്കില്‍ എളുപ്പത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുമാണ് ഈ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ഇതുവരെ ഏതാണ്ട് മുന്നൂറോളം സഞ്ചാരികള്‍ എവറസ്റ്റ് കിഴടക്കാനുള്ള ശ്രമത്തിനിടെ മരണപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ സീസണില്‍ മാത്രം നാല് നേപ്പാളികളും ഒരു ചൈനക്കാരനും ഒരു ഇന്ത്യക്കാരനുമാണ് ഇത്തരത്തില്‍ കൊല്ലപ്പെട്ടത്. എവറസ്റ്റിലെ ദുര്‍ഘടം നിറഞ്ഞ ഭൂപ്രദേശങ്ങളും തീവ്രമായ കാലാവസ്ഥയും മഞ്ഞുവീഴ്ചയുമെല്ലാം കാരണം രക്ഷാ പ്രവര്‍ത്തനങ്ങളും പലപ്പോഴും അസാധ്യമാണ്. ഇത്തരത്തില്‍ എവറസ്റ്റില്‍ കാണാതാവുന്നവരുടെ മൃതശരീരങ്ങള്‍ പോലും പലപ്പോഴും കണ്ടെത്താന്‍ സാധിക്കാറില്ല.

ഈ പ്രതിസന്ധികള്‍ക്ക് പരിഹാരം എന്ന നിലയിലാണ് പുതിയ ഇലക്‌ട്രോണിക് ചിപ് അവതരിപ്പിച്ചിരിക്കുന്നത്. 10 മുതല്‍ 15 ഡോളര്‍ വരെയാണ് ഇതിനായി സഞ്ചാരികളില്‍ നിന്ന് ഈടാക്കുക. എവറസ്റ്റ് ട്രക്കിങ് പാക്കേജ് നടത്തുന്ന ചില വന്‍കിട ഏജന്‍സികള്‍ ഇപ്പോള്‍ തന്നെ സഞ്ചാരികള്‍ക്ക് ചിപ്പുകള്‍ നല്‍കുന്നുണ്ട്. പുതിയ നിയമം നടപ്പിലാവുന്നതോടെ എല്ലാവര്‍ക്കും ചിപ്പുകള്‍ നിര്‍ബന്ധമാകും.

നേപ്പാളിന്റെയും ചൈനയുടെയും അതിര്‍ത്തിയിലായി ഹിമാലയന്‍ മലനിരകളിലാണ് എവറസ്റ്റ് സ്ഥിതിചെയ്യുന്നത്. നേപ്പാളില്‍ സാഗര്‍മാത എന്നും ടിബറ്റില്‍ ചൊമോലുങ്മ എന്ന പേരിലുമാണ് അറിയപ്പെടുന്നു. ‘പീക്-15’ എന്നായിരുന്നു ആദ്യപേര്. 1865ല്‍ ഇന്ത്യയില്‍ സര്‍വേയര്‍ ജനറലായ ആന്‍ഡ്രൂ വോയാണ് കൊടുമുടിക്ക് എവറസ്റ്റ് എന്ന പേരുനല്‍കിയത്. സര്‍ ജോര്‍ജ് എവറസ്റ്റിന്റെ സ്മരണാര്‍ഥമായിരുന്നു ഇത്.

70 വര്‍ഷം മുന്‍പാണ് ഭൂമിയുടെ നെറുകയെന്ന വിശേഷണമുള്ള എവറസ്റ്റ് കൊടുമുടിയില്‍ മനുഷ്യന്‍ ആദ്യമായി കാലുകുത്തിയത്. 1953 മേയ് 29-നാണ് നേപ്പാള്‍ സ്വദേശി ടെന്‍സിങ് നോര്‍ഗെയും ന്യൂസീലന്‍ഡ് സ്വദേശിയായ എഡ്മണ്ട് ഹിലാരിയും ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടി എവറസ്റ്റ് കീഴടക്കിയത്. ജോണ്‍ ഹണ്ടിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പര്യവേക്ഷണസംഘത്തിലെ അംഗങ്ങളായിരുന്നു ഇരുവരും. സംഘത്തിന്റെ ഒമ്ബതാമത്തെ ശ്രമത്തിലാണ് വിജയം നേടിയത്. ഇപ്പോള്‍ നേപ്പാള്‍ ഭാഗത്ത് നിന്നും ചൈന ഭാഗത്ത് നിന്നുമായി ഏതാണ്ട് എണ്ണൂറോളം പര്‍വതാരോഹകരാണ് എല്ലാ വര്‍ഷവും എവറസ്റ്റ് കയറാനെത്തുന്നത്.

STORY HIGHLIGHTS:If you want to climb Everest, you have to install a chip

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker