IndiaNews

ചത്തീസ്ഗഢില്‍ ഇനി മതംമാറ്റം ജാമ്യമില്ലാക്കുറ്റം


ചത്തീസ്ഗഢില്‍ ഇനി മതംമാറ്റം ജാമ്യമില്ലാക്കുറ്റം; 10 വര്‍ഷം വരെ തടവും പിഴയും ശിക്ഷ

ന്യൂദല്‍ഹി: ചത്തീസ്ഗഢില്‍ ഇനി മതം മാറുന്നത് ജാമ്യമില്ലാക്കുറ്റം. വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലാതെ നടക്കുന്ന മതം മാറ്റങ്ങള്‍ക്ക് 10 വര്‍ഷം വരെ തടവ് ലഭിക്കാവുന്ന തരത്തിലുള്ള നിയമത്തിന്റെ കരട് തയ്യാറാക്കിയിരിക്കുകയാണ് ചത്തീസ്ഗഢിലെ ബി.ജെ.പി സര്‍ക്കാര്‍.

നിയമത്തിന്റെ കരട് ഉടന്‍ തന്നെ നിയമസഭയില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുത്തിരിക്കുകയാണ് ചത്തീസ്ഗഢ് സര്‍ക്കാര്‍. സംസ്ഥാനത്ത് ക്രിസ്ത്യന്‍ മിഷണറിമാര്‍ക്ക് കീഴില്‍ വ്യാപകമായ മതംമാറ്റം നടക്കുന്നുണ്ടെന്നും ഇത് ഉടന്‍ അവസാനിപ്പിക്കുമെന്നും കഴിഞ്ഞ ദിവസം ചത്തീസ്ഗഢ് മുഖ്യമന്ത്രി വിഷ്ണുദേവ് സായ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് പുതിയ നിയമനിര്‍മാണത്തിന് ഒരുക്കം നടക്കുന്നത്.

മതം മാറുന്നവര്‍ 60 ദിവസം മുമ്പെങ്കിലും അപേക്ഷ നല്‍കേണ്ടതുണ്ട്. വ്യക്തിവിവരങ്ങല്‍ കാണിച്ച് ജില്ല മജിസ്ട്രേറ്റിന് നല്‍കുന്ന അപേക്ഷയില്‍ പൊലീസ് പരിശോധന നടത്തും. മതം മാറ്റ ചടങ്ങ് സംഘടിപ്പിക്കുന്നവരും ചടങ്ങിന് ഒരു മാസം മുമ്പ് അപേക്ഷ നല്‍കേണ്ടതുണ്ട്.

മതം മാറുന്ന വ്യക്തി മതം മാറിയതിന് ശേഷം 60 ദിവസങ്ങള്‍ക്കുള്ളില്‍ സത്യവാങ്മൂലം സമര്‍പ്പിക്കുകയും ജില്ല മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാകുകയും വേണം. മതംമാറ്റം നടന്നത് വ്യവസ്ഥകള്‍ക്ക് അനുസൃതമല്ലെന്ന് മജിസ്ട്രേറ്റിന് ബോധ്യപ്പെട്ടാല്‍ മതം മാറ്റം അസാധുവാക്കും. അംഗീകാരം നല്‍കുന്നത് വരെ മതംമാറിയ വ്യക്തി സമര്‍പ്പിച്ച സത്യവാങ്മൂലം നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കുയും ചെയ്യും. മതംമാറുന്ന വിവരങ്ങളടങ്ങിയ രജിസ്റ്റര്‍ സൂക്ഷിക്കുകയും ചെയ്യും.

മാത്രവുമല്ല, പുതിയ കരട് പ്രകാരം രക്തബന്ധത്തില്‍ പെട്ടവര്‍ക്കോ, ദത്തെടുക്കല്‍ വഴി ബന്ധമുള്ളവര്‍ക്കോ മതംമാറ്റത്തെ എതിര്‍ക്കാനും സാധിക്കും. ഇത്തരം ബന്ധുക്കള്‍ നല്‍കുന്ന പരാതിയില്‍ കേസെടുക്കാനും ജാമ്യമില്ലാക്കുറ്റം ചുമത്താനും പുതിയ നിയമപ്രകാരം സാധിക്കും. സെഷന്‍സ് കോടതികളിലാകും ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുക.

പ്രായപൂര്‍ത്തിയാകാത്തവര്‍, സ്ത്രീകള്‍, പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ തുടങ്ങിയവരെ മതം മാറ്റുന്നവര്‍ക്ക് 2 മുതല്‍ 10 വര്‍ഷം വരെ തടവും 25000 രൂപ പിഴയുമുണ്ടാകും. കൂട്ടമായി മതംമാറ്റം സംഘടിപ്പിച്ചാല്‍ പരമാവധി 1 മുതല്‍ 10 വര്‍ഷം വരെ തടവും അരലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

STORY HIGHLIGHTS:Conversion is now a non-bailable offense in Chhattisgarh

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker