IndiaNews

വിദേശ ഇന്ത്യക്കാരുമായുള്ള വിവാഹങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ക്ക് നിര്‍ദേശം

വിദേശ ഇന്ത്യക്കാരുമായുള്ള വിവാഹങ്ങളില്‍ കര്‍ശന വ്യവസ്ഥകള്‍ക്ക് നിര്‍ദേശം; വിവാഹ വിവരം പാസ്പോര്‍ട്ടില്‍ ചേര്‍ക്കാൻ ശുപാര്‍ശ

ഇന്ത്യക്കാരുടെ പാസ്പോർട്ടുകളില്‍ വിവാഹ റജിസ്ട്രേഷൻ നമ്ബർ രേഖപ്പെടുത്താൻ പ്രത്യേക കോളം കൊണ്ടുവരാൻ ദേശീയ നിയമ കമ്മിഷൻ സർക്കാരിനോടു ശുപാർശ ചെയ്തു.

ഇതിനായി പാസ്പോർട്ട്സ് നിയമം (1967) ഭേദഗതി ചെയ്യാൻ കമ്മിഷൻ അധ്യക്ഷൻ ഋതുരാജ് അവസ്തി അധ്യക്ഷനായ സമിതി നിയമ മന്ത്രാലയത്തിനു നല്‍കിയ റിപ്പോർട്ടില്‍ ആവശ്യപ്പെട്ടു.

വിദേശ ഇന്ത്യക്കാർ (എൻആർഐ), വിദേശ പൗരത്വമുള്ള ഇന്ത്യക്കാർ (ഒസിഐ), ഇന്ത്യൻ വംശജർ (പിഐഒ) എന്നിവരും ഇന്ത്യൻ പൗരരും തമ്മിലുള്ള വിവാഹ കേസുകളിലെ പഴുതടയ്ക്കാൻ ഉദ്ദേശിച്ചുള്ളതാണു നിർദേശം.

വിവാഹിതരാണോ എന്നതു നിർബന്ധമായും പാസ്പോർട്ടില്‍ വ്യക്തമാക്കാനും പങ്കാളിയുടെ പാസ്പോർട്ടുമായി ലിങ്ക് ചെയ്യാനും ശുപാർശകളിലുണ്ട്. എൻആർഐകളും ഇന്ത്യൻ പൗരരും തമ്മിലുള്ള വിവാഹങ്ങളില്‍ തട്ടിപ്പു കൂടിവരുന്നതിലെ ആശങ്കയും കമ്മിഷൻ റിപ്പോർട്ടില്‍ ഉയർത്തുന്നു.

വിവാഹം ഇന്ത്യയിലും റജിസ്റ്റർ ചെയ്യണം

വിവാഹ റജിസ്ട്രേഷൻ, വിവാഹമോചനം, പരിപാലന ചെലവ്, കുട്ടികളെ വിട്ടുകിട്ടല്‍ തുടങ്ങിയവ സംബന്ധിച്ച 2019 ലെ എൻആർഐ ബില്ലില്‍ കൂടുതല്‍ കർശനമായ വ്യവസ്ഥകളും കമ്മിഷൻ മുന്നോട്ടുവയ്ക്കുന്നു. മറ്റു നിർദേശങ്ങള്‍:

∙ എൻആർഐ വിവാഹ കാര്യങ്ങള്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിലോ വിദേശകാര്യ മന്ത്രാലയത്തിലോ പ്രത്യേക വിഭാഗം ആരംഭിക്കണം. പോർട്ടലിലടക്കം വിവരങ്ങള്‍ ലഭ്യമാക്കണം.

∙ എൻആർഐ, ഒസിഐ വിവാഹ വ്യവഹാരങ്ങള്‍ പരിഗണിക്കാനുള്ള അധികാരം ഇന്ത്യൻ കോടതികള്‍ക്കുണ്ട്.

∙ എൻആർഐ, ഒസിഐ എന്നിവരുമായുള്ള ഇന്ത്യൻ പൗരരുടെ വിവാഹം നിർബന്ധമായും ഇന്ത്യയില്‍ റജിസ്റ്റർ ചെയ്യണം.

എൻആർഐ, ഒസിഐ, പിഐഒ എന്നിവരുള്‍പ്പെട്ട വിവാഹവുമായി ബന്ധപ്പെട്ട സമഗ്രനിയമത്തിനു ശുപാർശ ചെയ്യുന്ന കമ്മിഷൻ, ഇതു ലംഘിച്ചാല്‍ പാസ്പോർട്ട് അടക്കം യാത്രാരേഖകള്‍ താല്‍ക്കാലികമായി റദ്ദു ചെയ്യാനും നിർദേശിക്കുന്നു. കേസുകളില്‍ എൻആർഐകളുടെ വസ്തു കണ്ടുകെട്ടുന്നതടക്കം നടപടികളുമുണ്ട്.

STORY HIGHLIGHTS:Strict conditions proposed for marriages with foreign Indians

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker