യുപിഐക്കും ഡിജിറ്റല്‍ ഇടപാടിനും ഒടിപി വേണ്ട, പകരമെത്തുക ഈ സംവിധാനം
ലോകത്തില്‍ തന്നെ ഏറ്റവുമധികം പേർ പണമിടപാടുകള്‍ക്കായി ഡിജിറ്റല്‍ സംവിധാനങ്ങളെയും, യുപിഐ സേവനത്തെയും ആശ്രയിക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
എന്നാല്‍ അതിന് അനുസൃതമായി തന്നെ രാജ്യത്ത് വളരെയധികം തട്ടിപ്പുകളും അരങ്ങേറുന്നുണ്ട്. ഡിജിറ്റല്‍ ഇന്ത്യ എന്ന സ്വപ്‌നത്തിന് ഏതാണ്ട് അടുത്ത് എത്തി നില്‍ക്കുമ്ബോഴും വലിയ രീതിയില്‍ വെല്ലുവിളിയാകുന്നത് ഇത്തരം കാര്യങ്ങളാണ് എന്നതും നാം മനസിലാക്കേണ്ട വിഷയമാണ്.
എന്നാല്‍ ഇനി അതിന് അധികം ആയുസുണ്ടാവില്ല എന്നാണ് റിപ്പോർട്ടുകള്‍ നല്‍കുന്ന സൂചന. ഇന്ത്യയില്‍ ഏറ്റവുമധികം പേർ തട്ടിപ്പിന് ഇരയാകുന്നത് ഒടിപി കൈമാറുമ്ബോഴോ, അത് തട്ടിയെടുക്കപ്പെടുമ്ബോഴോ ആണെന്നത് ഇവിടെ പ്രത്യേകം ഓർക്കേണ്ടതുണ്ട്. അത്തരത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നേരിടുന്ന പ്രധാന വെല്ലുവിളികള്‍ ഒന്ന് സർക്കാർ വൈകാതെ തന്നെ പരിഹരിച്ചേക്കുമെന്നാണ് ഏറ്റവും ഒടുവില്‍ ലഭ്യമായ റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.
അതായത് ഡിജിറ്റല്‍ ഇടപാടുകളില്‍ നിരന്തരമായി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ഒടിപിയെ പൂർണമായി ഒഴിവാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ഒടിപി സംവിധാനത്തെ ഒഴിവാക്കാനും സ്‌മാർട്ട്‌ഫോണുകളിലെ ഓതന്റിക്കേഷൻ ആപ്പുകള്‍ അല്ലെങ്കില്‍ ബയോമെട്രിക് സെൻസർ പോലുള്ള ഏറ്റവും പുതിയ സുരക്ഷിത ടൂളുകള്‍ ഉപയോഗിക്കാനും താല്‍പര്യപ്പെടുന്നു എന്നാണ് സൂചന.
എസ്‌എംഎസ് അടിസ്ഥാനമാക്കിയുള്ള ഒടിപി ഇടപാടുകള്‍ ഒഴിവാക്കാനുള്ള തീരുമാനം സിം സ്വാപ്പ് ചെയ്യുന്നതിനോ, വിശദാംശങ്ങള്‍ക്കായി ഉപകരണത്തില്‍ സ്പൈ വർക്ക് നടത്തുന്നതിനോ ഉള്ള സാധ്യതകളെ പൂർണമായും നിഷേധിക്കും. മറ്റ് ഓതന്റിക്കേഷൻ മാർഗങ്ങള്‍ ഉള്ളത് കൊണ്ട് അർത്ഥമാക്കുന്നത് ആളുകള്‍ക്ക് പേയ്‌മെന്റുകളില്‍ മികച്ച നിയന്ത്രണം ഉണ്ടായിരിക്കുമെന്നും ഹാക്കർമാർക്ക് ഈ സുരക്ഷ മറികടക്കാൻ ബുദ്ധിമുട്ടായിരിക്കും എന്നതാണ്.
ഒടിപികള്‍ സുരക്ഷാ ആശങ്കകള്‍ നേരിടുന്നത് ഇതാദ്യമല്ല. മുമ്ബ് ട്വിറ്റർ എന്നറിയപ്പെട്ടിരുന്ന എക്‌സ്, എസ്‌എംഎസ് അടിസ്ഥാനമാക്കിയുള്ള സ്ഥിരീകരണ പ്രക്രിയ നീക്കം ചെയ്യുകയും ഉപയോക്താക്കളെ അവരുടെ അക്കൗണ്ടിലേക്ക് ലോഗിൻ ചെയ്യുന്നതിന് ബയോമെട്രിക് ഓതന്റിക്കേഷൻ ആപ്പുകള്‍ തിരഞ്ഞെടുക്കാൻ പ്രേരിപ്പിക്കയും ചെയ്‌തിരുന്നു.
ഈ രീതിയുമായി ബന്ധപ്പെട്ട വലിയ പ്രശ്‌നങ്ങള്‍ ആർബിഐ അഭിമുഖീകരിക്കുന്നുണ്ട്. കാരണം ഇക്കാലത്ത് ലഭ്യമായ മറ്റ് സംവിധാനങ്ങളെ അപേക്ഷിച്ച് ഇതിന്റെ സുരക്ഷ കുറവാണ് എന്ന പരാതി വ്യാപകമായി ഉയരുന്നുണ്ട്. നിലവിലെ സാഹചര്യത്തില്‍ ഒടിപിയ്ക്ക് പകരമായി വിവിധ പ്ലാറ്റ്‌ഫോമുകളില്‍ നിലവില്‍ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന എം-പിൻ സംവിധാനവും ആർബിഐയുടെ പരിഗണനയിലുണ്ട്.
ഒടിപിയില്‍ നിന്ന് കൂടുതല്‍ സുരക്ഷിതമായ ബയോമെട്രിക് സേവനത്തിലേക്ക് മാറുന്നത് സുരക്ഷാപരമായി നല്ല രീതിയില്‍ ഗുണം ചെയ്യുമെങ്കിലും അത് ചില വിഭാഗങ്ങള്‍ക്ക് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്. അതായത് ഇത്തരം സംവിധാനങ്ങള്‍ പിന്തുണയ്ക്കാത്ത പഴയ രീതിയിലുള്ള സ്‍മാർട്ട്ഫോണുകള്‍ ഉപയോഗിക്കുന്നവരെ ഈ തീരുമാനം ബാധിക്കും.
STORY HIGHLIGHTS:OTP is not required for UPI and digital transactions, this system replaces it