Tech

2024 ജനുവരിയില്‍ മാത്രം 85 ടെക് സ്ഥാപനങ്ങളില്‍ നിന്ന് പിരിച്ചുവിട്ടത് 20,000 പേരെ

2024 ജനുവരിയില്‍ ഇതുവരെ 85 ടെക് കമ്ബനികളില്‍ നിന്ന് 20,000 പേരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. Layoffs.fyi എന്ന വെബ്‌സൈറ്റിന്റെ കണക്കനുസരിച്ച്‌, ടെക്ക് മേഖലയിലെ ഏകദേശം 38,000 ആളുകള്‍ ത്നങ്ങളുടെ ജോലിക്ക് പുറത്തായ 2023 മാര്‍ച്ചിന് ശേഷമുള്ള ഏറ്റവും വലിയ കണക്കാണിത്.

ജർമനിയില്‍ ബാഡൻ-വുർട്ടംബർഗ് ആസ്ഥാനമായുള്ള പ്രമുഖ മള്‍ട്ടിനാഷണല്‍ സോഫ്റ്റ്‌വെയർ കമ്ബനിയായ സാപ് (SAP) 8,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് ഈ ആഴ്ച അറിയിച്ചു. മൈക്രോസോഫ്റ്റ് അതിന്റെ ഗെയിമിംഗ് ഡിവിഷനിലെ 1,900 സ്ഥാനങ്ങള്‍ നീക്കം ചെയ്തു. ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പ് ബ്രെക്സ് അതിന്റെ 20 ശതമാനം ജീവനക്കാരെ പിരിച്ചുവിടുകയും ഇ ബെ (eBay) 1,000 ജോലികള്‍ അല്ലെങ്കില്‍ അവരുടെ മുഴുവന്‍ സമയ തൊഴിലാളികളുടെ 9 ശതമാനം വെട്ടിക്കുറക്കുകയും ചെയ്തു. സെയില്‍സ്‌ഫോഴ്‌സ് (Salesforce) ഏകദേശം 700 ജീവനക്കാരെ അല്ലെങ്കില്‍ അതിന്റെ ആഗോള തൊഴിലാളികളുടെ ഏകദേശം 1 ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടതായാണ് പുറത്തുവരുന്ന മറ്റൊരു വിവരം.

ഫ്‌ലിപ്പ്കാര്‍ട്ട്, ടീമിന്റെ വലുപ്പം 5-7 ശതമാനം വരെ കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ടുണ്ട്. സൊമാറ്റോയുടെ പിന്തുണയുള്ള ക്യൂര്‍ഫിറ്റ് പുന:സംഘടനയുടെ ഭാഗമായി 120 ജീവനക്കാരെയും പിരിച്ചുവിട്ടിരുന്നു. സ്വിഗ്ഗി വരാനിരിക്കുന്ന ഐപിഒ-യ്ക്ക് മുമ്ബായി ഒട്ടേറെ ജീവനക്കാര്‍ക്ക് പിങ്ക് സ്ലിപ്പുകള്‍ കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍, കമ്ബനിയിലുടനീളം നൂറുകണക്കിന് ജോലികള്‍ വെട്ടിക്കുറച്ചതായി ഗൂഗിള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ആമസോണ്‍ അതിന്റെ പ്രൈം വീഡിയോ, എംജിഎം സ്റ്റുഡിയോ, ട്വിച്ച്‌, ഓഡിബിള്‍ ഡിവിഷനുകളിലായി നൂറുകണക്കിന് സ്ഥാനങ്ങള്‍ വെട്ടിച്ചുരുക്കി.

തങ്ങളുടെ 25 ശതമാനം ജീവനക്കാരെ വെട്ടിക്കുറയ്ക്കുകയാണെന്ന് യൂണിറ്റിയും അറിയിച്ചിട്ടുണ്ട്. ഗെയിമര്‍മാര്‍ ഉപയോഗിക്കുന്ന ജനപ്രിയ സന്ദേശമയയ്ക്കല്‍ സേവനം വാഗ്ദാനം ചെയ്യുന്ന ഡിസ്‌കോര്‍ഡ് അതിന്റെ 17 ശതമാനം തൊഴിലാളികളെ ഒഴിവാക്കുന്നു.

ജനപ്രിയമായ ”ലീഗ് ഓഫ് ലെജന്‍ഡ്‌സ്” മള്‍ട്ടിപ്ലെയര്‍ വാര്‍ ഗെയിമിന് പിന്നില്‍ നില്‍ക്കുന്ന വീഡിയോ ഗെയിം ഡെവലപ്പറായ റയറ്റ് ഗെയിംസ് കമ്ബനിയുടെ 11 ശതമാനം ജീവനക്കാരെ വെട്ടിച്ചുരുക്കി. ചൈനീസ് ടെക്നോളജി ഭീമനായ ടെന്‍സെന്റിന്റെ ഉടമസ്ഥതയിലുള്ള കമ്ബനി 530 ജോലികള്‍ ഇല്ലാതാക്കുകയാണെന്ന് അറിയിച്ചു.

ആല്‍ഫബെറ്റ്, ആമസോണ്‍, ആപ്പിള്‍, മെറ്റാ, മൈക്രോസോഫ്റ്റ് എന്നിവയെല്ലാം ത്രൈമാസ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മുന്നോടിയായാണ് പിരിച്ചുവിടലുകള്‍.

2023 ജനുവരിയില്‍ 277 ടെക്നോളജി കമ്ബനികള്‍ ഏകദേശം 90,000 തൊഴിലവസരങ്ങള്‍ വെട്ടിക്കുറച്ചപ്പോള്‍, ഒരു ദശാബ്ദത്തിലേറെ നീണ്ട ശക്തമായ തൊഴില്‍ വിപണിയുടെ അന്ത്യം കണക്കാക്കാന്‍ ടെക് വ്യവസായം നിര്‍ബന്ധിതരായി. 2023-ൻ്റെ ആദ്യ പാദത്തിലാണ് ഭൂരിഭാഗം വെട്ടിനിത്തലുകളും നടന്നത്, വർഷാവസാനത്തിലേക്ക് നീങ്ങിയപ്പോള്‍ സെപ്റ്റംബർ മാസത്തോടെ പിരിച്ചുവിടലുകള്‍ കുറഞ്ഞതായിരുന്നു. എന്നാല്‍ വീണ്ടും ആ ഒരു സ്ഥിതിവിശേഷം നേരിടുന്നു എന്നതാണ് തൊഴില്‍ രംഗത്തെ ആശങ്കപ്പെടുത്തുന്നത്.

STORY HIGHLIGHTS:20,000 layoffs from 85 tech firms in January 2024 alone

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker