മനാമ · കടയിൽനിന്ന് സാധനങ്ങൾ വാങ്ങി പണം നൽകാതെ പോകാൻ ശ്രമിച്ച യുവാവിനെ തടഞ്ഞ മലയാളി കടയുടമയ്ക്ക് മർദനമേറ്റ് ദാരുണാന്ത്യം. ബഹ്റൈൻ റിഫ യിലെ ഹാജിയാത്തിൽ കോൾഡ് സ്റ്റോർ നടത്തിവരുന്ന കക്കോടി ചെറിയകുളം സ്വദേശി കോയമ്പ്രത്ത് ബഷീർ (60) ആണ് ഇന്നു പുലർച്ചെ ബിഡിഎഫ് ആശുപത്രിയിൽ മരിച്ചത്.
ഇരുപത്തിയഞ്ച് വർഷത്തോളമായി കോൾഡ് സ്റ്റോർ നടത്തി വരികയായിരുന്നു ഇദ്ദേഹം. കടയിൽ നാല് ദിവസങ്ങൾക്ക് മുമ്പ് സാധനം വാങ്ങാൻ വന്ന യുവാവ് പണം നൽകാതെ പോകാൻ ശ്രമിച്ചത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ വാക്കേറ്റത്തിൽ ബഷീറിന് മർദനമേൽക്കുകയായിരുന്നു. തുടർന്ന് ബോധരഹിതനായി നിലത്ത് വീണ് ഇദ്ദേഹത്തെ ബിഡിഎഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിച്ചു.
നാലു ദിവസത്തോളമായി വെൻ്റിലേറ്ററിലായിരുന്ന ഇദ്ദേഹം ഇന്നു രാവിലെയാണ് മരിച്ചത്. ഇന്ത്യൻ എംബസി അധികൃതരും കെഎംസിസിയും ചേർന്ന് നടത്തിയ ഇടപ്പെടലുകളെ തുടർന്ന് ആക്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. കെഎംസിസി ലീഗൽ സെല്ലും, മയ്യത്ത് പരിപാലന വിങ്ങും മൃതദേഹം നാട്ടിലേക്ക് അയക്കുന്നതിനായുള്ള നടപടികൾ ആരംഭിച്ചതായി കെഎംസിസി ഭാരവാഹികൾ അറിയിച്ചു. കെഎംസിസി അംഗമായ ബഷീറിന്റെ വിയോഗത്തിൽ കെഎംസിസി സംസ്ഥാന കമ്മിറ്റി, കോഴിക്കോട് ജില്ലാ കമ്മിറ്റി, റിഫ ഏരിയ കമ്മിറ്റി എന്നിവർ അനുശോചനം രേഖപ്പെടുത്തി.
ഹയറുന്നീസയാണ് ബഷീറിൻ്റെ ഭാര്യ. മക്കൾ ഫബിയാസ്, നിഹാൽ, നെഹലും
STORY HIGHLIGHTS:A Malayali shop owner was beaten up after stopping a young man who tried to leave without paying after buying goods from the shop.