World

തൂഫാനുല്‍ അഖ്‌സ: പഴുതടച്ച ആസൂത്രണം; അറിഞ്ഞത് 5 ഹമാസ് നേതാക്കള്‍ മാത്രം

തൂഫാനുല്‍ അഖ്‌സ: പഴുതടച്ച ആസൂത്രണം; അറിഞ്ഞത് 5 ഹമാസ് നേതാക്കള്‍ മാത്രം

ഗസാ സിറ്റി: ഇസ്രായേലിനെ വിറപ്പിച്ചും മൊസാദിനെ നാണംകെടുത്തിയും ഒക്ടോബര്‍ ഏഴിനു നടത്തിയ തൂഫാനുല്‍ അഖ്‌സയില്‍ ഹമാസ് പോരാളികള്‍ നടത്തിയആസൂത്രണം പഴുതടച്ചുള്ളത്. വര്‍ഷങ്ങള്‍ നീണ്ടുനിന്ന ആസൂത്രണം ഇസ്രായേലും ചാരസംഘടനകളും അറിയാതിരിക്കാന്‍ പോരാളികള്‍ പോലും അതീവശ്രദ്ധ പുലര്‍ത്തിയതായി ഫലസ്തീന്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ലണ്ടന്‍ ആസ്ഥാനമായുള്ള അറേബ്യന്‍ ദിനപത്രമായ അഷര്‍ഖ് അല്‍ ഔസാത്ത് റിപോര്‍ട്ട് ചെയ്തു. തൂഫാനുല്‍ അഖ്‌സയ്ക്കു വേണ്ടി പ്രത്യേകം പരിശീലനം നല്‍കിയ 70 എലൈറ്റ് യൂനിറ്റ് അംഗങ്ങളാണ് ആദ്യഘട്ടത്തില്‍ പങ്കെടുത്തതെന്നും പദ്ധതിയെ കുറിച്ച് ഹമാസിന്റെ അഞ്ചു നേതാക്കള്‍ മാത്രമാണ് അറിഞ്ഞിരുന്നതെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

അല്‍ഖസ്സാം ബ്രിഗേഡുമായി അടുത്ത ബന്ധമുള്ള വൃത്തങ്ങളില്‍ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപോര്‍ട്ട് തയ്യാറാക്കിയതെന്നാണ് പത്രം അവകാശപ്പെടുന്നത്. വര്‍ഷങ്ങളായി തീവ്രപരിശീലനം നല്‍കിയ ഗസയിലെ വിവിധ മേഖലകളിലുള്ള ഹമാസിന്റെ ‘എലൈറ്റ് യൂനിറ്റില്‍’ നിന്നാണ് തൂഫാനുല്‍ അഖ്‌സയില്‍ പങ്കെടുക്കാനുള്ളവരെ തിരഞ്ഞെടുത്തത്. ഇസ്രായേല്‍ അധിനിവേശം നടത്തിയ ജനവാസ കേന്ദ്രങ്ങളിലേക്ക് നുഴഞ്ഞുകയറിയുള്ള ഓപറേഷന്‍ 2014ലെ യുദ്ധത്തിന് മുമ്പാണ് തയ്യാറാക്കിയത്.

2021ലെ ഇസ്രായേല്‍ ആക്രമണത്തിനു ശേഷം പദ്ധതി കൂടുതല്‍ വിപുലമാക്കി. രഹസ്യ പരിശീലനം ലഭിച്ച എലൈറ്റ് അംഗങ്ങളാവട്ടെ പദ്ധതികള്‍ ഒരിടത്തും ചര്‍ച്ച പോലും ചെയ്യാതെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കുകയും ചെയ്തു. ആക്രമണത്തിന്റെ വ്യാപ്തിയെ കുറിച്ച് ഇവര്‍ക്ക് പോലും വ്യക്തമായ അറിവുണ്ടായിരുന്നില്ല. ജനവാസ കേന്ദ്രങ്ങളില്‍ നുഴഞ്ഞുകയറുന്നതിലായിരുന്നു അവര്‍ക്ക് പരിശീലനം നല്‍കിയത്. ഗസയിലെ വിവിധ മേഖലകളിലുള്ള ഹമാസിന്റെയോ പോഷക സംഘങ്ങളുടെയോ നേതാക്കള്‍ക്കു പോലും വിശദാംശങ്ങളോ പദ്ധതികളോ അറിഞ്ഞിരുന്നില്ല. എന്നാല്‍, ഒരു ഓപറേഷന്‍ ഉണ്ടാവുമെന്നും അതിന്റെ ചുമതലകളെക്കുറിച്ചും പരിമിതമായ വിവരങ്ങള്‍ കൈമാറിയിരുന്നു.

ഇസ്രായേലിന്റെ പേരുകേട്ട രഹസ്യാന്വേഷണ വിഭാഗത്തിലേക്കുള്ള ചോര്‍ച്ച തടയാനായിരുന്നു ഇത്തരത്തില്‍ അതീവരഹസ്യമാക്കിയത്. മാത്രമല്ല, തൂഫാനുല്‍ അഖ്‌സയുടെ ദിവസവും സമയവും തീരുമാനിച്ച ഹമാസിന്റെ അഞ്ചു നേതാക്കളാണെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

ഗസയിലെ ഹമാസ് മേധാവി യഹ് യാ സിന്‍വാര്‍, അല്‍ഖസ്സാം ബ്രിഗേഡ്‌സ് നേതാവ് മുഹമ്മദ് അല്‍ദഈഫ്, യഹ്‌യ സിന്‍വാറിന്റെ സഹോദരന്‍ മുഹമ്മദ് സിന്‍വാര്‍, സിന്‍വാറിന്റെ അടുത്ത സഹായി റൂഹി മുഷ്താഹ, ദഈഫിന്റെ അടുത്ത സഹായിയും അല്‍ഖസ്സാം ബ്രിഗേഡ്‌സിന്റെ മുന്‍ ഇന്റലിജന്‍സ് തലവനുമായ അയ്മന്‍ നൗഫല്‍ എന്നിവരാണ് പദ്ധതി തീരുമാനിച്ചതെന്നാണ് പറയുന്നത്.

ഹമാസ് നേതാക്കളായ ഖത്തറില്‍ കഴിയുന്ന ഇസ്മായില്‍ ഹനിയ്യ, ലബനാനില്‍ കഴിഞ്ഞ ആഴ്ച ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഉപമേധാവി സ്വാലിഹ് അല്‍ ആരൂരി, ഗസയില്‍ തന്നെയുള്ള ഹമാസിന്റെ മുതിര്‍ന്ന നേതാവ് മര്‍വാന്‍ ഈസ എന്നിവര്‍ക്ക് പോലും തൂഫാനുല്‍ അഖ്‌സയുടെ സമ്പൂര്‍ണ ചിത്രം അറിഞ്ഞിരുന്നില്ലെന്നാണ് റിപോര്‍ട്ടില്‍ പറയുന്നത്.

ഓപറേഷന്‍ ആസൂത്രണം ചെയ്യാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായ സമയം ഒഴികെയുള്ള തയ്യാറെടുപ്പുകളെക്കുറിച്ചും ആക്രമണ പദ്ധതിയെക്കുറിച്ചും അല്‍ഖസ്സാം ബ്രിഗേഡിന്റെ യൂനിറ്റ് നേതാക്കളെ അറിയിച്ചിരുന്നു. എന്തെങ്കിലും സംഭവിക്കാന്‍ സാധ്യതയുണ്ടെന്നു മാത്രമായിരുന്നു സൂചന നല്‍കിയത്.

അപ്പോഴും പദ്ധതിയെ കുറിച്ച് പരാമര്‍ശിക്കുക പോലും ചെയ്തില്ല. ഒക്ടോബര്‍ ഏഴിന് മൂന്ന് ദിവസം മുമ്പ് വിവരം അറിയിക്കുകയും ചുമതലകള്‍ ഏല്‍പ്പിക്കപ്പെട്ട പ്രാദേശിക ബ്രിഗേഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. നിര്‍ദേശപ്രകാരം ബ്രിഗേഡ് നേതാക്കളാണ് പോരാളികളെ തയ്യാറാക്കിനിര്‍ത്തിയത്. അതിര്‍ത്തിയില്‍ സമ്പൂര്‍ണ ശാന്തതയുണ്ടെന്ന റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഒക്ടോബര്‍ ഏഴ് തിരഞ്ഞെടുത്തത്.

ഇസ്രായേലിലെ അവധി ദിവസമായ ശനിയാഴ്ച രാവിലെയാണ് ഏറ്റവും അനുയോജ്യമായ സമയമെന്ന് തലേന്നാണ് തീരുമാനിച്ചത്. സിംചത് തോറ അവധിയായതിനാല്‍ ഇസ്രായേല്‍ സൈന്യത്തിന്റെ കാവല്‍ ഏറ്റവും കുറഞ്ഞ സമയമാണെന്നതാണ് ഒക്ടോബര്‍ ഏഴ് തിരഞ്ഞെടുക്കാന്‍ അഞ്ചംഗ പാനല്‍ തീരുമാനിച്ചത്. ഒക്‌ടോബര്‍ ആറിന് അര്‍ധരാത്രി വരെ കാത്തിരുന്ന ശേഷം പദ്ധതി നടപ്പാക്കാന്‍ ഉത്തരവിട്ടു. ഫീല്‍ഡ് കമാന്‍ഡര്‍മാര്‍ക്കും എലൈറ്റ് സേനകള്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കുകയും അതിരാവിലെ തന്നെ നീങ്ങാന്‍ തുടങ്ങുകയും ചെയ്തു. പിന്നാലെ തന്നെ ഹമാസിന്റെ രാഷ്ട്രീയ നേതാക്കള്‍ക്കും വിവരം കൈമാറി. വിദേശത്ത് കഴിയുന്ന ഇസ്മായില്‍ ഹനിയ്യ, സ്വാലിഹ് അല്‍ ആരൂരി എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ക്ക് മണിക്കൂറുകള്‍ക്ക് മുമ്പ് വിവരങ്ങള്‍ കൈമാറി മുന്‍കരുതലുകളെടുക്കാന്‍ നിര്‍ദേശം നല്‍കി.

തൂഫാനുല്‍ അഖ്‌സയിലൂടെ ഇസ്രായേല്‍ സൈനികരെ പിടികൂടുക എന്നതായിരുന്നു പ്രാഥമിക പദ്ധതി. എന്നാല്‍ ഇസ്രായേല്‍ പ്രതിരോധ നിരകള്‍ അനായാസം തകര്‍രുകയും സൈനികര്‍ ഉള്‍പ്പെടെ നിരവധി പേരെ പിടികൂടാന്‍ കഴിയുകയും ചെയ്തതോടെയാണ് പദ്ധതി വിപുലീകരിച്ചത്. ഒന്നര മണിക്കൂറിന് ശേഷം അല്‍ഖസ്സാം ബ്രിഗേഡുകളിലെ ശേഷിക്കുന്ന എലൈറ്റ് യൂനിറ്റുകളും ഓപറേഷനുകളില്‍ പങ്കാളികളായി.

നൂറുകണക്കിനാളുകള്‍ ഇസ്രായേല്‍ അധിനിവേശ പ്രദേശങ്ങളിലേക്ക് കടന്നുകയറിയതോടെ മറ്റ് സായുധ വിഭാഗങ്ങളെ കൂടി പങ്കാളികളാക്കി. അതിര്‍ത്തിയില്‍ കഴിയുന്നത്ര സൈനികരെ പിടികൂടാനും ചില ഗ്രാമങ്ങളില്‍ കയറാനും മാത്രമായിരുന്നു ഹമാസിന്റെ ആദ്യപദ്ധതി. എന്നാല്‍, ഇസ്രായേല്‍ സമ്പൂര്‍ണ പരാജയമായതോടെ 90 മിനിറ്റിനുള്ളില്‍ തന്നെ കൂടുതല്‍ ഗ്രാമങ്ങളിലേക്ക് പ്രവേശിക്കാന്‍ ഉത്തരവിട്ടു. ഇസ് ലാമിക് ജിഹാദിനോടും മറ്റു പോരാളികളോടും തൂഫാനുല്‍ അഖ്‌സയെ കുറിച്ച് പറയുകയും പ്രത്യേക ഗ്രാമങ്ങളില്‍ ചേരാന്‍ ചുമതലകള്‍ നല്‍കുകയും ചെയ്തു.

ഡസന്‍ കണക്കിന് ഇസ്രായേലികളെ പിടികൂടിയ ശേഷം അല്‍ഖസ്സാം ബ്രിഗേഡിനോട് ഇസ്രായേല്‍ സേനയുമായി ഏറ്റുമുട്ടാന്‍ നിര്‍ദേശം നല്‍കി. ഈ സമയം ബന്ദികളാക്കിയവരെ കൃത്യമായി ഒളിപ്പിക്കാന്‍ വേണ്ടി ഉപയോഗിച്ചു. ഹമാസും ഫലസ്തീനിലെ മറ്റു പോരാളി ഗ്രൂപ്പുകളും ചേര്‍ന്ന് തട്ടിക്കൊണ്ടുപോയ 240 ഓളം പേരെ ഉടനടി ഗാസയിലേക്ക് മാറ്റുകയും ചെയ്തു. ഈയിടെ നടത്തിയ വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം മോചിപ്പിച്ച 136 പേര്‍ക്കു പുറമെ ബാക്കിയുള്ളവര്‍ ഇപ്പോഴും ഹമാസിന്റെയും മറ്റു പോരാളി സംഘങ്ങളുടെയും കസ്റ്റഡിയില്‍ തന്നെയാണുള്ളത്.

ഗസ അതിര്‍ത്തിയിലെ ഇസ്രായേലിന്റെ മതിലുകള്‍ ഭേദിക്കാന്‍ സ്‌ഫോടകവസ്തുക്കള്‍ തന്ത്രപരമായി ഉപയോഗിച്ചാണ് അകത്തുകയറിയത്. ഇസ്രായേലി സൈറ്റുകള്‍ക്ക് പിന്നിലും മുകളിലും ചുറ്റിലും പോരാളികളെ എത്തിക്കാന്‍ ഗ്ലൈഡറുകളും പാരച്യൂട്ടുകളും ഉപയോഗിച്ചു. എലൈറ്റ് യൂനിറ്റിലെ 70 പേരാണ് നുഴഞ്ഞുകയറ്റത്തില്‍ ആദ്യം പങ്കെടുത്തത്. ആക്രമണത്തോടൊപ്പം തന്നെ ഒരേസമയം നൂറുകണക്കിന് റോക്കറ്റുകള്‍ വിക്ഷേപിക്കാനുള്ള നിര്‍ദേശം ഗസ റോക്കറ്റ് യൂനിറ്റിന്റെ തലവനായ അയ്മന്‍ സിയാമിന് നല്‍കിയിരുന്നു. തല്‍ഫലമായി യുദ്ധത്തിന്റെ ആദ്യ നാല് മണിക്കൂറിനുള്ളില്‍ ഹമാസ് 3,000 റോക്കറ്റുകള്‍ വിക്ഷേപിക്കുകയും ചെയ്തു. അതേസമയം, തൂഫാനുല്‍ അഖ്‌സയെ കുറിച്ച് ഇസ്രായേല്‍ അധിനിവേശ സൈന്യത്തിന് നേരത്തേ ചെറിയ വിവരം മുമ്പ് ലഭിച്ചിരുന്നുവെന്നും ഗൗരവത്തിലെടുത്തില്ലെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

STORY HIGHLIGHTS:Tufanul Aqsa: The Loopholed Plan; Only 5 Hamas leaders knew

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker