Entertainment

കേൾവി-കാഴ്ച പരിമിതിയുള്ളവർക്ക് സിനിമാ തിയേറ്ററുകളിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി.

ന്യൂഡൽഹി: കേൾവി-കാഴ്ച പരിമിതിയുള്ളവർക്ക് സിനിമാ തിയേറ്ററുകളിൽ ഏർപ്പെടുത്തേണ്ട സൗകര്യങ്ങളെക്കുറിച്ച് കേന്ദ്ര സർക്കാർ മാർഗനിർദേശങ്ങൾ പുറത്തിറക്കി. ഇവർക്കായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകൾ തുടങ്ങിയ സാങ്കേതിക സംവിധാനങ്ങളൊരുക്കണമെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. 2025 ജനുവരി മുതൽ ദേശീയ ചലച്ചിത്ര പുരസ്കാരത്തിനും ഗോവയിലെ രാജ്യാന്തര ചലച്ചിത്രോത്സവത്തിനും അയക്കുന്ന ചിത്രങ്ങൾ ഈ മാനദണ്ഡങ്ങൾ പാലിച്ചിരിക്കണമെന്ന് നിർദേശത്തിലുണ്ട്.സംസ്ഥാന സർക്കാരുകൾ നൽകുന്ന അവാർഡുകൾ, സംസ്ഥാന ചലച്ചിത്രോത്സവങ്ങൾ എന്നിവയിലെ ചിത്രങ്ങൾക്ക് ഈ മാനദണ്ഡങ്ങൾ ഉണ്ടായിരിക്കണമെന്ന് സംസ്ഥാനസർക്കാരുകൾ നിബന്ധന രൂപപ്പെടുത്തണമെന്നും നിർദേശമുണ്ട്. 2016-ലെ റൈറ്റ്‌സ് ഓഫ് പേഴ്‌സൻസ് ആൻഡ് ഡിസബിലിറ്റീസ് ആക്ടിലെ വ്യവസ്ഥകൾ അനുസരിച്ചാണ് കേന്ദ്ര വാർത്താ വിതരണമന്ത്രാലയം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. പൊതുപ്രദർശനത്തിനായി സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അനുമതി നൽകിയ 72 മിനിറ്റിൽ കുറയാത്ത ദൈർഘ്യമുള്ള ഫീച്ചർ സിനിമകളുടെ പ്രദർശനങ്ങൾക്ക് ഈ വ്യവസ്ഥകൾ ബാധകമായിരിക്കും. ഇത് സംബന്ധിച്ച് ഫെബ്രുവരി എട്ടിനകം അഭിപ്രായങ്ങൾ അറിയിക്കാൻ പൊതുജനങ്ങൾക്ക് അവസരവും നൽകി.
വിവേചനമൊഴിവാക്കൽ
സമൂഹത്തെ സമഗ്രമായി ഉൾക്കൊള്ളൽ, സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. ഇതിനായി ശ്രാവ്യവിവരണം, അടിക്കുറിപ്പുകൾ, ഇന്ത്യൻ ചിഹ്നഭാഷാ മാർഗനിർദേശങ്ങൾ എന്നിവu നടപ്പാക്കണമെന്ന് നിർദേശിക്കുന്നു.
മറ്റു നിർദേശങ്ങൾ
ശ്രാവ്യവിവരണം ചുരുക്കത്തിലുള്ളതും യാഥാർഥ്യത്തോടു ചേർന്നുനിൽക്കുന്നതുമാകണം. അടിക്കുറിപ്പുകൾ ചിത്രത്തിലെ സംഭാഷണവുമായി ചേരുന്നതായിരിക്കണം. പശ്ചാത്തലത്തിലെ ശബ്ദങ്ങൾ ഉൾപ്പെടെയുള്ളവയെക്കുറിച്ചും വിശദീകരിക്കണം. സംഭാഷണത്തിന്റെ സന്ദർഭം, രംഗങ്ങൾ, മനോഭാവങ്ങൾ തുടങ്ങിയവയും വെളിവാക്കണം. അടിക്കുറിപ്പുകൾ സിനിമയിൽ കഥാപാത്രങ്ങൾ ഉച്ചരിക്കുന്ന വാക്കുകളോടും ശബ്ദങ്ങളോടും ചേർന്നുപോകണം. വായിക്കാൻ പര്യാപ്തമായ വേഗനിയന്ത്രണത്തോടെയായിരിക്കണം സ്‌ക്രീനിൽ അവ പതിക്കേണ്ടത്. അടിക്കുറിപ്പുകൾ കൃത്യമായ വ്യാകരണം പാലിക്കണം. അക്ഷരത്തെറ്റുകൾ ഉണ്ടാകരുത്. അടിക്കുറിപ്പുകൾ കറുത്ത പശ്ചാത്തലത്തിൽ വെളുത്ത അക്ഷരങ്ങളിലായിരിക്കണം. സിനിമയിലെ അടിക്കുറിപ്പുകൾ സീറ്റിനടുത്ത് കാണാവുന്ന നിലയിൽ മിറർ കാപ്ഷനായി നൽകണം. സീറ്റിനടുത്ത് അടിക്കുറിപ്പുകൾ പ്രദർശിപ്പിക്കാനായി ഒരു സ്റ്റാൻഡ് വെക്കാം. വലിയ സ്‌ക്രീനിന് തൊട്ടുതാഴെ ചെറിയ സ്‌ക്രീൻ ഘടിപ്പിച്ചും അടിക്കുറിപ്പുകൾ പ്രദർശിപ്പിക്കാം.

STORY HIGHLIGHTS:The Central Government has issued guidelines regarding the facilities to be provided in cinema theaters for the hearing and visually impaired.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker