കണ്ണൂർ:മരിച്ച എഡിഎം നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറ ഉണ്ടായിരുന്നതായി പൊലീസ് ഇൻക്വസ്റ്റ് റിപ്പോർട്ട്. ഒക്ടോബര്‍ 15-ന് കണ്ണൂര്‍ ടൗണ്‍ പൊലീസ് തയ്യാറാക്കിയ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലാണ് ഈ പരാമര്‍ശമുള്ളത്.
എന്നാല്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രക്തക്കറയുടെ പരാമര്‍ശങ്ങളില്ല. എഫ്ഐആറിലും മറ്റു സംശയങ്ങള്‍ പറയുന്നില്ല.
നവീൻ ബാബുവിന്റെത് കൊലപാതകമല്ല ആത്മഹത്യ തന്നെയാണെന്നാണ് സർക്കാർ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ് മൂലം. പ്രതി ദിവ്യ ഉദ്യോഗസ്ഥരുടെ മുമ്ബില്‍വെച്ച് അപമാനിച്ചതിന്റെ മാനസിക വിഷമത്തിലാണ് നവീൻ ആത്മഹത്യ ചെയ്തതെന്നും പഴുതില്ലാത്ത അന്വേഷണമാണ് നടത്തുന്നതെന്നുമാണ് സിബിഐ അന്വേഷണത്തെ എതിർത്ത് കൊണ്ട് സർക്കാർ കോടതിയെ അറിയിച്ചത്. ഒക്ടോബർ 15ന് രാവിലെ 10.15ന് തുടങ്ങി 11.45നാണ് ഇൻക്വസ്റ്റ് പൂർത്തിയാക്കിയത്. മരണവിവരമറിഞ്ഞ് ബന്ധുക്കള്‍ കണ്ണൂരില്‍ എത്തിയപ്പോഴേക്കും ഇൻക്വസ്റ്റ് കഴിഞ്ഞിരുന്നു.
പരിയാരം മെഡിക്കല്‍ കോളേജിലാണ് മൃതദേഹ പരിശോധന നടത്തിയത്. എന്നാല്‍ മൃതദേഹ പരിശോധന പരിയാരത്ത് നിന്ന് കോഴിക്കോട്ടേക്ക് മാറ്റണമെന്ന് ഡി.സി.പി.യോട് ബന്ധുക്കള്‍ ആവശ്യപ്പെട്ടിരുന്നു. ആരോപണവിധേയയായ പി.പി.ദിവ്യയുടെ ഭർത്താവും, കൈക്കൂലി നല്‍കിയെന്ന് ആരോപണമുന്നയിച്ച പ്രശാന്തനും ജോലിചെയ്യുന്ന സ്ഥലമായതിനാലാണ് ബന്ധുക്കള്‍ വിയോജിപ്പ് അറിയിച്ചത്. കളക്ടറോട് പറയുന്നതായിരിക്കും ഉചിതം എന്നായിരുന്നു ഡി.സി.പിയുടെ മറുപടി. അപ്പോഴേക്കും പരിശോധന തുടങ്ങിയിരുന്നു. ഒന്നും പേടിക്കാനില്ലെന്നും, ഒരു ക്രമക്കേടും ഉണ്ടാകില്ലെന്നും കളക്ടർ ബന്ധുക്കള്‍ക്ക് ഉറപ്പുനല്‍കി. പൊലീസ് സർജനാണ് മൃതദേഹപരിശോധന ചെയ്യുന്നതെന്നും അദ്ദേഹം ബന്ധുക്കളെ അറിയിച്ചു.
STORY HIGHLIGHTS:Blood stains on Naveen Babu’s underwear, inquest report out