ഡൽഹി:വിദേശത്ത് സ്ഥിരതാമസമാക്കാൻ പൗരത്വം ഉപേക്ഷിക്കാൻ ഇന്ത്യക്കാർക്കിടയില്‍ താല്‍പ്പര്യം വർദ്ധിച്ചുവരുന്നു. 17.5 ലക്ഷം ഇന്ത്യക്കാരാണ് 2011 മുതല്‍ 2023 ജൂണ്‍ വരെ പൗരത്വം ഉപേക്ഷിക്കാൻ സ്വമേധയാ പാസ്‌പോർട്ട് സമർപ്പിച്ചവരെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കുന്നു.
ഇന്ത്യ നിലവില്‍ ഇരട്ട പൗരത്വം അനുവദിക്കുന്നില്ല. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിള്‍ 9 ലെ വ്യവസ്ഥകളും 1955 ലെ പൗരത്വ നിയമത്തിൻ്റെ 9ാം വകുപ്പും അനുസരിച്ച് രാജ്യത്ത് ഇരട്ട പൗരത്വം അനുവദനീയമല്ല.
ഏറ്റവും കൂടുതല്‍ യു.എസില്‍ നിന്ന്
2019 ല്‍ 1,44,017 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചതെങ്കില്‍ 2022 ല്‍ ഈ എണ്ണം റെക്കോർഡ് നിലയിലേക്കാണ് ഉയർന്നത്. 2022 ല്‍ 2,25,620 ഇന്ത്യക്കാര്‍ അവസരങ്ങള്‍ തേടി വിദേശ പൗരത്വം സ്വീകരിച്ചപ്പോഴാണ് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇന്ത്യൻ പാസ്‌പോർട്ട് സറണ്ടർ ചെയ്തത്.
യു.എസില്‍ നിന്നുളള 71,991 ആളുകളും കാനഡയില്‍ നിന്നുളള 60,139 ആളുകളും ഓസ്‌ട്രേലിയയില്‍ നിന്നുളള 40,377 ആളുകളും യു.കെ യില്‍ നിന്നുളള 21,457 ആളുകളും ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണ് ഉളളത്.
തൊഴിലാളികള്‍, പ്രൊഫഷണലുകള്‍, വിദഗ്ധർ എന്നിവരുള്‍പ്പെടെ ഏകദേശം 1.3 കോടി ഇന്ത്യൻ പൗരന്മാരാണ് വിദേശത്ത് താമസിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം പാർലമെന്റില്‍ സമര്‍പ്പിച്ച രേഖയില്‍ വ്യക്തമാക്കുന്നു.
35.54 ലക്ഷം ആളുകള്‍ യുഎഇയില്‍
വ്യക്തിപരമായ സൗകര്യങ്ങള്‍ കണക്കിലെടുത്ത് ഇവരില്‍ പലരും വിദേശ പൗരത്വം സ്വീകരിക്കാനാണ് മുന്‍ഗണന നല്‍കുന്നത്.
ഇന്ത്യൻ പൗരന്മാർക്ക് തൊഴില്‍ തേടി വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന് യാതൊരു നിയന്ത്രണങ്ങളും സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടില്ല. അവരില്‍ ചിലർ ജോലി ചെയ്യുന്ന രാജ്യത്ത് സ്ഥിരതാമസമാക്കുകയും വ്യക്തിപരമായ കാരണങ്ങളാല്‍ വിദേശ പൗരത്വം നേടുകയും ചെയ്യുന്നു.
ഗള്‍ഫിലാണ് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലി ചെയ്യുന്നത്. ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന വിദേശ രാജ്യങ്ങളില്‍ ആദ്യ അഞ്ചില്‍ വരുന്ന എല്ലാ രാജ്യങ്ങളും മിഡില്‍ ഈസ്റ്റില്‍ നിന്നാണ്.
യു.എ.ഇ- 35.54 ലക്ഷം, സൗദി അറേബ്യ- 22.19 ലക്ഷം, കുവൈറ്റ്- 8.29 ലക്ഷം, ഖത്തർ- 8.00 ലക്ഷം, ഒമാൻ- 5.30 ലക്ഷം എന്നിങ്ങനെയാണ് ഇന്ത്യക്കാരുളളത്.
ഒസിഐ
1955 ലെ പൗരത്വ നിയമം ഭേദഗതി ചെയ്ത് ഓവർസീസ് സിറ്റിസണ്‍ഷിപ്പ് ഓഫ് ഇന്ത്യ (ഒ.സി.ഐ) സ്കീം അവതരിപ്പിക്കുന്നത് 2005 ഓഗസ്റ്റിലാണ്.
ഒ.സി.ഐ യെ ഇരട്ട പൗരത്വം ആയി തെറ്റിദ്ധരിക്കരുത്. ഒ.സി.ഐ രാഷ്ട്രീയ അവകാശങ്ങള്‍ നല്‍കുന്നില്ല. ഭരണഘടനയുടെ ആർട്ടിക്കിള്‍ 16 പ്രകാരം ഇന്ത്യൻ പൗരന് ലഭിക്കുന്ന അവകാശങ്ങള്‍ക്ക് ഒ.സി.ഐ ക്കാര്‍ അർഹരല്ല.
ഇന്ത്യ സന്ദർശിക്കുന്നതിന് മള്‍ട്ടിപ്പിള്‍ എൻട്രി, ലൈഫ് ലോംഗ് വിസ, ഇന്ത്യയില്‍ താമസിക്കുന്നതിന് വിദേശ റീജിയണല്‍ രജിസ്ട്രേഷൻ ഓഫീസറുടെ രജിസ്ട്രേഷനില്‍ നിന്ന് ഒഴിവാക്കല്‍ തുടങ്ങിയ ആനുകൂല്യങ്ങള്‍ ഒ.സി.ഐ ക്കാര്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്.
STORY HIGHLIGHTS:There is a growing interest among Indians to renounce their citizenship.