വാഷിങ്ടൺ: ചരിത്രവിജയത്തിനു പിന്നാലെ അമേരിക്കൻ ജനതയ്ക്കു നന്ദി പറഞ്ഞ് നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 45-ാമത്തെയും 47-ാ മത്തെയും പ്രസിഡന്റെന്ന അസാധാരണ ആദരവ് നൽകിയതിനു നന്ദിയെന്നാണ് അദ്ദേഹം പറഞ്ഞത്. രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചരിത്രമുഹൂർത്തവും അവിശ്വസനീയമായ നേട്ടവുമാണിതെന്നും ട്രംപ് വിശേഷിപ്പിച്ചു. യുദ്ധങ്ങൾ അവസാനിപ്പിക്കുമെന്നും പ്രസംഗത്തിൽ പ്രഖ്യാപനമുണ്ട്.
സ്വിങ് സംസ്ഥാനങ്ങളിലെ വിജയങ്ങൾക്കു പിന്നാലെയായിരുന്നു ഫ്ളോറിഡയിലെ വെസ്റ്റ് പാം ബീച്ചിൽ ട്രംപ് റിപബ്ലിക്കൻ പ്രവർത്തകരെ അഭിസംബോധന ചെയ്തത്. മുൻ പ്രഥമ വനിത മെലാനിയ ട്രംപ്, മക്കളായ ഡൊണാൾഡ് ട്രംപ് ജൂനിയർ, എറിക്, ഇവാൻക, ബാരൻ, ടിഫനി എന്നിവരെല്ലാം വേദിയിലുണ്ടായിരുന്നു.
‘ഇതൊരു ചരിത്രവിജയമാണ്. മുൻപെങ്ങും കാണാത്തൊരു മുഹൂർത്തമാണിത്. എക്കാലത്തെയും ഏറ്റവും വലിയ രാഷ്ട്രീയനീക്കമാണിതെന്നാണ് ഞാൻ കരുതുന്നത്. നിസ്സഹായമായിപ്പോയൊരു രാജ്യമാണിത്. നമ്മുടെ അതിർത്തികളെല്ലാം ശരിയാക്കാൻ പോകുകയാണ്. രാജ്യത്തെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കും. അസാധ്യമെന്ന് എല്ലാവരും കരുതിയതാണ്, മുന്നിലുള്ള പ്രതിബന്ധങ്ങളെല്ലാം കടന്നാണ് നമ്മൾ ഇവിടെ എത്തിയത്. തീർത്തും അവിശ്വസനീയമായൊരു രാഷ്ട്രീയനേട്ടമാണ് നമ്മൾ കൈവരിച്ചിരിക്കുന്നത്. നമ്മൾ നമ്മുടെ രാജ്യത്തിനു കരുത്തേക്കുകയാകും ഇനി ചെയ്യുക. നിസ്സഹായമായി നിൽക്കുന്ന രാജ്യമാണിത്.’-ട്രംപ് പറഞ്ഞു.
നിങ്ങളുടെ 45-ാമത്തെയും 47-ാമത്തെയും പ്രസിഡന്റാകാനുള്ള അസാധാരണമായ യോഗം ലഭിച്ചതിൽ അമേരിക്കൻ ജനതയോട്, ഓരോ പൗരനോടും നന്ദിയുണ്ട്. നിങ്ങൾക്കു വേണ്ടി, നിങ്ങളുടെ കുടുംബത്തിനും ഭാവിക്കും വേണ്ടിയാകും ഞാൻ പോരാടുക. ഓരോ ദിവസവും, എന്റെ ഓരോ ശ്വാസത്തിലും നിങ്ങൾക്കു വേണ്ടിയുള്ള പോരാട്ടത്തിലായിരിക്കും ഞാൻ. ശക്തവും സുരക്ഷിതവും സമൃദ്ധവുമായ അമേരിക്ക യാഥാർഥ്യമാകുന്നതു വരെ എനിക്ക് വിശ്രമമില്ല. ശരിക്കും അമേരിക്കയുടെ സുവർണകാലമായിരിക്കും വരാൻ പോകുന്നതെന്നും അദ്ദേഹം തുടർന്നു.
തനിക്ക് ഉറച്ച പിന്തുണയുമായി പ്രചാരണരംഗത്ത് സജീവമായിരുന്ന ടെസ്ല മേധാവി ഇലോൺ മസ്കിനു നന്ദി പറയാനും ട്രംപ് മറന്നില്ല.
പുതിയൊരു താരം ഉദയം ചെയ്തിരിക്കുന്നുവെന്നാണ് അദ്ദേഹം മസ്കിനെ വിശേഷിപ്പിച്ചത്. ഒരു കിടിലൻ കക്ഷിയാണ് അദ്ദേഹം. ഈ രാത്രി ഞങ്ങൾ ഒന്നിച്ചിരുന്നു. ഫിലാഡൽഫിയയിലും പെൻസിൽവാനിയയുടെ വിവിധ ഭാഗങ്ങളിലും പ്രചാരണവുമായി രണ്ട് ആഴ്ചയാണ് അദ്ദേഹം ചെലവിട്ടത്. ഇലോണിനു മാത്രം സാധ്യമാകുന്ന കാര്യം.
അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തെ താൻ ഇഷ്ടപ്പെടുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
STORY HIGHLIGHTS:Donald Trump beat Kamala Harris to the White House