IndiaNews

ഇന്ന് ആഗസ്റ്റ്‌ 15

ഇന്ന് ആഗസ്റ്റ്‌ 15 ; നൂറ്റാണ്ടുകളോളം ഭാരത ജനതയെ അടക്കിഭരിച്ച സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്വത്തെ ഈ മണ്ണില്‍ നിന്നും കെട്ടുകെട്ടിക്കാന്‍ പൊരുതി മരിച്ച ധീരരക്തസാക്ഷികളുടെ വീര സ്മരണകള്‍ക്ക് മുന്‍പില്‍ രക്ത പുഷ്പങ്ങള്‍ അര്‍പ്പിച്ചു കൊണ്ട് വീണ്ടുമൊരു സ്വാതന്ത്യദിനം. ലക്ഷക്കണക്കിനാളുകള്‍ നിര്‍ഭയമായ നിരന്തര പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണീ സ്വാതന്ത്ര്യം .

സ്വതന്ത്ര ഭാരതത്തിന്‍റെ ചിറകുകൾ സ്വാഭിമാനത്തോടെ ലോക രാഷ്ട്രങ്ങളുടെ ഇടയിൽ ഉയരങ്ങളിലേക്കു ഉയരുമ്പോൾ അഭിമാനം കൊള്ളാത്ത ഭാരതീയനുണ്ടാവുകയില്ല . ആത്മാഭിമാനത്തോടെ ഏതൊരു ഭാരതീയനും തലയുയർത്തി നിൽക്കുവാൻ കഴിയുന്ന ഒരു നിമിഷമാണു സമാഗതമായിരിക്കുന്നത് .ആയിരങ്ങൾ ജീവൻ നൽകി,  ത്യാഗത്തിന്‍റെയും ലക്ഷ്യബോധത്തിന്റെയും കർമഫലമായി നേടിയെടുത്ത സ്വാതന്ത്ര്യത്തിന്റെ വെള്ളി കതിരുകളോരോ ഭാരതീയനെയും പുൽകിയ നിമിഷങ്ങളുടെ 78–ാം ജന്മദിനം ആഗതമായിരിക്കുന്നു .

അഹിംസയിലൂടെയും നിരായുധനായി മരണം വരെ നിരാഹാര സമരമെന്ന സ്വയം ശിക്ഷയിലൂടെയും ത്യാഗത്തിന്‍റെ വജ്രായുധവുമായി, ലോകത്തിലാദ്യമായി,  സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്വ ശക്തിയായ ബ്രിട്ടീഷ് ഭരണത്തെ കീഴ്പ്പെടുത്താൻ, കഴിഞ്ഞ ഏക രാജ്യമാണല്ലോ ഭാരതം.  അടർക്കളത്തിൽ അർധ നഗ്നനായി ആശയങ്ങളുടെയും ആദർശത്തിന്റെയും ദാർശനികതയുടെയും ശിലാ ഫലകവുമായി ജീവൻ പകർന്ന, നമ്മുടെ സമര നായകൻ ബാപ്പുജി എന്ന മഹാത്മാ ഗാന്ധിയെ രാഷ്ട്രപിതാവായി അവരോധിക്കപ്പെട്ടതു കേവലം സാന്ദര്‍ഭികം മാത്രമല്ല.സ്വാതന്ത്ര്യ  സമര  ഭൂമിയിൽ  എരിഞ്ഞടങ്ങിയ  അനേകം  സ്വാതന്ത്ര്യ പ്രേമികളുടെ ശാക്തീകരണം സാധ്യമാക്കാൻ അവരുടെ ബലി ദാന ലക്ഷ്യം  സഫലമാക്കാൻ ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും മാർഗത്തിലൂടെ സ്വയം രക്തസാക്ഷിയായി, അസാധ്യമെന്നു ലോക രാഷ്ട്രങ്ങൾ വിലയിരുത്തിയ ആശയത്തെ, ധീരതയോടെയും, അഹിംസയിലൂടെയും, നിരാഹാരമെന്ന സമര മാർഗത്തിലൂടെയും,  ‘സ്വാതന്ത്ര്യം എന്ന പരമ ലക്ഷ്യം’ നേടിയെടുത്ത ഒരു  യോദ്ധാവിന്‍റെ ശിരസിനെ അണിയിക്കാൻ അനുരൂപമായ തൂവൽ തൊപ്പിയായിരുന്നു അത് എന്നതു കൊണ്ടായിരുന്നു.

ആഭ്യന്തര കലാപവും  അരക്ഷിതാവസ്ഥയും  മുതലാക്കി കടിച്ചു തൂങ്ങാനാവുമെന്നു കരുതിയ  സ്നേഹിച്ചും ദ്രോഹിച്ചും അടുത്തു കൂടിയ വിദേശ കഴുകന്മാരുടെ അഭിലാഷങ്ങൾ തച്ചുടച്ചുകൊണ്ട് ഉടുതുണിക്കു മറുതുണിയില്ലാത്ത , ഒരു നേരത്തെ അഷ്ടിക്ക് വകയില്ലാത്ത  പകർച്ച വ്യാധികളാലും സാംക്രമിക രോഗത്താലും കേഴുന്ന, ഒരു ജനതയുടെ കണ്ണീരൊപ്പാൻ വരണ്ട കൃഷി ഭൂമികളും കാലിയായ ഖജനാവും, വിവിധ സംസ്കാരവും ഭാഷയും പരസ്പരം കലഹിച്ചിരുന്ന സാമൂഹ്യ വ്യവസ്ഥയും വിദേശാധിപത്യം ചൂഴ്ന്നെടുത്ത സമ്പത് വ്യവസ്ഥയുമായി പകച്ചു നിന്ന ഒരു രാഷ്ട്രത്തെ ജനാധിപത്യം സമത്വം, സാഹോദര്യം, മതേതരത്വം  തുടങ്ങിയ അടിസ്ഥാന വ്യവസ്ഥകളിലൂടെ ജാതി മത വർണ ഭാഷ വ്യത്യാസങ്ങളില്ലാത്ത നാനാത്വത്തിൽ ഏകത്വം എന്ന ആശയത്തോടെ ഓരോ പൗരന്റെയും മൗലികാവകാശങ്ങൾ ഉറപ്പുവരുത്തി ജവഹർലാൽ നെഹ്രു, ഡോക്ടർ അംബേദ്‌കർ തുടങ്ങിയ വിശ്വ വിഖ്യാതി നേടിയ അറിവിന്റെ നിറകുടങ്ങളായ ഒരു കൂട്ടം നേതാക്കളും, ഇന്ത്യൻ നാഷനൽ കോൺഗ്രസ്സിന്റെ നേതൃത്വം ഏറ്റെടുത്തുകൊണ്ടു സുചിന്തിതമായ ഒരു ഭരണഘടനക്ക് 1950 ൽ രൂപം  കൊടുത്തുകൊണ്ട് ഒരു സ്വതന്ത്രപരമാധികാര റിപ്പബ്ലിക് ആയി രൂപപ്പെട്ട ഇന്ത്യയെന്ന രാജ്യത്തിന്റെ ദീർഘ വീക്ഷണത്തോടെ ആസൂത്രണം ചെയ്ത പദ്ധതികൾ പടിപടിയായി ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക്ക് ഭാരതത്തെ നയിച്ച് കൊണ്ടിരിക്കുന്നു.

ഇന്ത്യയെ ഇന്ത്യയാക്കിയ സ്വാതന്ത്ര്യ സമര സേനാനികൾക്കും രക്ത സാക്ഷികൾക്കും രാഷ്ട്ര ശിൽപികളായ നേതൃ നിരയിലെ അതുല്യ പ്രതിഭകൾക്കും കാലാനുകാല നേതൃനിരക്കും കാലയവനികക്കുള്ളിൽ മറഞ്ഞ വിസ്മരിക്കപ്പെട്ട ഓരോ യോദ്ധാവിനും ഇന്ത്യയെ അഭംഗുരം കാത്തു സൂക്ഷിച്ച ഓരോ വ്യക്തിക്കും അതിർ വരമ്പുകളിൽ ജീവൻ പണയം വച്ചു കാവൽ നിന്ന വരും ഇന്ത്യക്കു വേണ്ടി ജീവൻ ഹോമിച്ചവരുമായ ഓരോ പട്ടാള ഉദ്യോഗസ്ഥനും അഭിവാദ്യം അർപിക്കുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും കാൽപാടുകളിൽ  സ്വാതന്ത്ര്യത്തിന്റെ തേൻ നുകരുന്ന ഓരോ ഭാരതീയനും പ്രണാമം അർപ്പിക്കുന്നു.

അപ്പോഴും ഇന്ത്യ ഇന്ന് ദാരിദ്രത്തിന്റെ കാര്യത്തിൽ അധികം പുരോഗതി നേടിയിട്ടില്ല എന്നതാണ്‌ വസ്തുത..രണ്ട്‌ തരത്തിൽ ഉള്ള സ്വാതന്ത്രമാണ്‌ നമുക്ക്‌ ഇന്ന് കാണാൻ കഴിയുന്നത്‌….ചിറകരിയപ്പെട്ട കിളിക്ക് തുറന്നു കിട്ടുന്ന ആകാശമാണോ സ്വാതന്ത്ര്യം?

നിരക്ഷരതയുടെ അന്ധകാരത്തില്‍  കഴിയാന്‍ …, അണയാത്ത വിശപ്പിന്‍റെ എരിതീയില്‍ പിടയാൻ, ആകാശം മാത്രം മേല്‍ക്കൂരയാകുന്ന തെരുവോരങ്ങളില്‍ കൊടും തണുപ്പില്‍ മരവിച്ചു മരിക്കാന്‍ …കടക്കെണിയില്‍ കുരുങ്ങി ആത്മഹത്യ ചെയ്യാൻ..ഇതിനൊക്കെയുള്ള സ്വാതന്ത്ര്യമാണ് ഇതേ ആഗസ്ത് പതിനഞ്ച് കടന്നു പോകുമ്പോഴും കോടിക്കണക്കിന് ഇന്ത്യന്‍ പൗരന്മാരുടെ സ്വാതന്ത്ര്യം. ഇതിന്റെ മറുവശത്ത്‌  ലോകത്തെ ശത കോടീശ്വരന്മാരുടെ തിളക്കമുറ്റ പട്ടികയിൽ ഒന്നാമനാകാന്‍ …ആറക്കത്തിനുമപ്പുറമുള്ള കോടികളിലേക്ക് സ്വകാര്യ നിക്ഷേപങ്ങൾ പെരുപ്പിക്കാന്‍ ..സാമ്രാജ്യത്വ മള്‍ട്ടി കോര്‍പ്പറേറ്റുകളുടെ ദല്ലാളുകളാകാന്‍  …മന്ത്രിമാരെ പകിടകളെ പോലെ എടുത്തു പെരുമാറാന്‍ …
ഇതിനൊക്കെയുള്ള ചിലരുടെ  സ്വാതന്ത്ര്യമാണ് ഇതേ ആഗസ്ത് പതിനഞ്ച്

എങ്കിലും കാലം നമുക്ക് പറഞ്ഞു തരുന്നു, ഏതു കര്‍ക്കട കരിങ്കാവിനു മപ്പുറത്ത് ഒരു പൊന്‍ ചിങ്ങപ്പുലരിയുണ്ടെന്ന്.
ഏത് പീഡാനുഭവത്തിന്‍റെ ദുഃഖവെള്ളിക്കുമപ്പുറത്ത് ഒരു ഉയിര്‍ത്തെഴുന്നെല്‍പ്പിന്‍റെ ഞായറുണ്ടെന്ന്. ഏതു യാതനാകാലത്തിനുമപ്പുറത്ത് വിമോചനത്തിന്‍റെ മഹാസ്വാതന്ത്ര്യമുണ്ടെന്ന് മനുഷ്യത്വത്തിന്‍റെ മഹാവസന്തമുണ്ടെന്ന് ………

🇮🇳 _മുറുകെ പിടിക്കാം നമുക്ക്‌ ഈ സ്വാതന്ത്രം_ 🇮🇳

_ജയ് ഭാരത് , ജയ് കിസാൻ, ജയ് ജവാൻ.

STORY HIGHLIGHTS:Today 15th August is freedom

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker