പുതുപ്പള്ളിക്കാരുടെ സ്വന്തം കുഞ്ഞൂഞ്ഞ്, കേരളത്തിന്റെ പ്രിയപ്പെട്ട ഉമ്മന്‍ചാണ്ടിയുടെ ഓര്‍മ്മകള്‍ക്ക് ഇന്ന് ഒരാണ്ട്.
ചീകിയൊതുക്കാത്ത നരച്ച മുടിയും എപ്പോഴും ചിരിച്ച മുഖവും അടയാളമാക്കി മാറ്റിയ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും വലിയ അടയാളം ചുറ്റുംവലയം തീര്‍ത്തിരുന്ന ആള്‍കൂട്ടങ്ങളായിരുന്നു. ജനങ്ങള്‍ക്ക് വേണ്ടി, അവര്‍ക്ക് നടുവില്‍ ജീവിച്ച രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. ഓര്‍മയായി ഒരു വര്‍ഷം പിന്നിടുമ്ബോഴും ഉമ്മന്‍ചാണ്ടിയോടുള്ള ഹൃദയബന്ധം പുതുപ്പള്ളിക്ക് അവസാനിക്കുന്നില്ല. പുതുപ്പള്ളി പള്ളിയിലെ കല്ലറയിലേക്ക് ഇപ്പോഴും ഒഴിയാത്ത ജന പ്രവാഹമാണ്. പുതുപ്പള്ളി ഉമ്മന്‍ചാണ്ടിയെയും, ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയെയും കൈവിടുന്നില്ല.
അര്‍ബുദ ബാധിതനായി ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ജനങ്ങള്‍ക്ക് എപ്പോഴും എത്തിച്ചേരാന്‍ കഴിയുന്ന നേതാവായിരുന്നു ചാണ്ടി. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ ജനങ്ങളുടെ പരാതി കേള്‍ക്കാന്‍ തുടങ്ങിയ ‘ജനസമ്ബര്‍ക്ക പരിപടി’ എന്ന പരിപാടി ഏറെ ജനശ്രദ്ധ നേടിയിരുന്നു. 2020ല്‍ ഉമ്മന്‍ചാണ്ടി നിയമസഭ അംഗമായി 50 വര്‍ഷം പിന്നിട്ടു. 1970 മുതല്‍ പുതുപ്പള്ളിയില്‍നിന്നു തുടര്‍ച്ചയായി പന്ത്രണ്ടു തവണ കേരള നിയമസഭയിലെത്തി. മുഖ്യമന്ത്രി, തൊഴില്‍ മന്ത്രി ആഭ്യന്തര മന്ത്രി , ധനകാര്യ മന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെയാണ് ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ആചരിക്കുന്നത്. ജൂലൈ 18ന് ഉമ്മന്‍ ചാണ്ടി അനുസ്മരണ വാരാചരണം ആരംഭിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പാലോട് രവി അറിയിച്ചിരുന്നു. ജില്ലയിലെ 1546 വാര്‍ഡുകളിലാണ് ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുന്നത്. ഓരോ വാര്‍ഡിലെയും ഗുരുതര രോഗബാധിതരുള്ള 10 വീടുകള്‍ ഭവന സന്ദര്‍ശനത്തിലൂടെ കണ്ടെത്തി മതിയായ സഹായം ഒരാഴ്ചക്കാലം കൊണ്ട് എത്തിച്ചു നല്‍കും. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികള്‍ ഇതിന് നേതൃത്വം നല്‍കും.
രണ്ടാം ഘട്ടമായി ജില്ലയിലെ 182 കോണ്‍ഗ്രസ്സ് മണ്ഡലങ്ങളിലും മെഡിക്കല്‍ ക്യാമ്ബുകള്‍ സംഘടിപ്പിക്കും. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിവസമായ ജലൈ 18 രാവിലെ എട്ട് മണിക്ക് വാര്‍ഡ് കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. രാവിലെ 9.30ന് ഡിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് രാവിലെ 10 മണിക്ക് വെള്ളയമ്ബലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ ’21ാം നൂറ്റാണ്ടിലെ പുതിയ കേരളം: സാധ്യതകളും വെല്ലുവിളികളും’ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.
മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ഡി.സി.സി പ്രസിഡന്റ് പാലോട് രവി അദ്ധ്യക്ഷത വഹിക്കുന്ന സെമിനാറില്‍ തോമസ് ഐസക്, മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാര്‍, സി.പി.ജോണ്‍, പി.കെ.രാജശേഖരന്‍, ഡോ.മേരി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം 3.30ന് അതേ വേദിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്യും. പി.കെ.കുഞ്ഞാലിക്കുട്ടി, എം.എ.ബേബി, എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി, V.M സുധീരന്‍, കെ.മുരളീധരന്‍, അടൂര്‍ പ്രകാശ് എം.പി, പന്ന്യന്‍ രവീന്ദ്രന്‍, എം.വിന്‍സന്റ് എം.എല്‍.എ, ജോണ്‍ മുണ്ടക്കയം, എം.എസ്.ഫൈസല്‍ഖാന്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം വാരാചരണ പരിപാടിയുടെ ഉദ്ഘാടനം എം.എം.ഹസ്സന്‍ നിര്‍വ്വഹിക്കും. ഉമ്മന്‍ ചാണ്ടി ജീവകാരുണ്യ പുരസ്‌കാര വിതരണം കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമായ ഡോ.ശശി തരൂര്‍ എം.പി നിര്‍വ്വഹിക്കും. ജീവകാരുണ്യ മേഖലയില്‍ പ്രശംസനീയ പ്രവര്‍ത്തനം നടത്തുന്ന ജില്ലയിലെ രണ്ടു സ്ഥാപനങ്ങള്‍ക്കാണ് ഉമ്മന്‍ചാണ്ടി കാരുണ്യ പുരസ്‌കാരം സമ്മാനിക്കുന്നത്.
STORY HIGHLIGHTS:The memory of Kerala’s favorite Oommen Chandy, the very own baby of the Pudupalli people, is one year old today.