കറാച്ചി:ടി20 ലോകകപ്പില്‍ ഇന്ത്യ – പാകിസ്താൻ മത്സരത്തിനു മുമ്ബായി ആളുകളുടെ പ്രതികരണമെടുക്കുകയായിരുന്ന പാക് യൂട്യൂബറെ സുരക്ഷാ ഉദ്യോഗസ്ഥൻ വെടിവെച്ചുകൊന്നു.
24-കാരനായ യൂട്യൂബർ സാദ് അഹമ്മദാണ് കറാച്ചിയിലെ സെറീന മൊബൈല്‍ മാർക്കറ്റില്‍വെച്ച് സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റു മരിച്ചതെന്ന് പാക് ചാനല്‍ ജിയോ ടിവി റിപ്പോർട്ട് ചെയ്തു. ജൂണ്‍ നാലിനായിരുന്നു സംഭവം.
ഇന്ത്യ – പാകിസ്താൻ മത്സരത്തിനു മുമ്ബായി ആളുകളുടെ പ്രതികരണമടങ്ങുന്ന വ്ളോഗ് ചെയ്യാൻ സെറീന മാർക്കറ്റിലെത്തിയതായിരുന്നു സാദ് അഹമ്മദ്. മാർക്കറ്റിലെ കടക്കാരോടും അവിടെ എത്തിയവരോടുമെല്ലാം മത്സരത്തെ കുറിച്ച് ചോദിച്ച സാദ്, അവിടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനോടും പ്രതികരണം ആരാഞ്ഞു. എന്നാല്‍ ഇതിന് തയ്യാറാകാതിരുന്ന ഉദ്യോഗസ്ഥനെ സാദ് വീണ്ടും വീണ്ടും നിർബന്ധിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് എആർവൈ ന്യൂസ് റിപ്പോർട്ട് ചെയ്തു. തുടർന്ന് പ്രകോപിതനായ ഇയാള്‍ സാദിനു നേർക്ക് വെടിയുതിർക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
അവിടെയുണ്ടായിരുന്നവർ ഉടൻതന്നെ സാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും വഴിമധ്യേ മരണം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥൻ ഗുല്‍ ഹസനെ പോലീസ് അറസ്റ്റ് ചെയ്തു. താത്പര്യമില്ലെന്ന് പറഞ്ഞിട്ടും മൈക്ക് തുടർച്ചയായി മുഖത്തിനടുത്തേക്ക് കൊണ്ടുവന്നതാണ് തന്നെ പ്രകോപിപ്പിച്ചതെന്നാണ് ഗുല്‍ ഹസൻ പോലീസിനോട് പറഞ്ഞത്.
STORY HIGHLIGHTS:T20 World Cup: India vs Pakistan vlog; YouTuber shot dead by security officer