ബെയ്ജിങ്ങിനെ മറികടന്ന് മുംബൈ ഏഷ്യയിലെ ശതകോടീശ്വരന്മാരുടെ തലസ്ഥാനം. ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ മൊത്തം ആസ്തി ഒരു ലക്ഷം കോടി ഡോളറായി ഉയര്‍ന്നതായും ഹുരുണ്‍ ആഗോള സമ്പന്ന പട്ടിക വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തില്‍ ഇന്ത്യ വന്‍മുന്നേറ്റമാണ് കാഴ്ചവെച്ചത്. 271 ശതകോടീശ്വരന്മാരുമായി ആഗോളതലത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. 84 ശതകോടീശ്വരന്മാരാണ് പുതുതായി പട്ടികയില്‍ ഇടംപിടിച്ചത്.
അമേരിക്ക കഴിഞ്ഞാല്‍ ശതകോടീശ്വരന്മാരുടെ എണ്ണത്തിന്റെ വര്‍ധനയില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ.
സമ്പന്നരുടെ പട്ടികയില്‍ അദാനി ഗ്രൂപ്പ് തലവന്‍ ഗൗതം അദാനി വലിയ മുന്നേറ്റമാണ് കാഴ്ചവെച്ചത്.
ആഗോള സമ്പന്ന പട്ടികയില്‍ 15-ാം സ്ഥാനത്തേയ്ക്കാണ് ഗൗതം അദാനി ഉയര്‍ന്നത്. ആസ്തിയില്‍ ഉണ്ടായ വര്‍ധനയാണ് ഗൗതം അദാനിക്ക് ഗുണമായത്. ഈ വര്‍ഷം ഗൗതം അദാനിയുടെ ആസ്തിയില്‍ 3300 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
നിലവില്‍ 8800 കോടി ഡോളറാണ് ഗൗതം അദാനിയുടെ ആസ്തി. ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന് എന്ന സ്ഥാനം റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി നിലനിര്‍ത്തി. 11500 കോടി ഡോളര്‍ ആസ്തിയുമായി ആഗോള സമ്പന്നരുടെ പട്ടികയില്‍ പത്താം സ്ഥാനത്താണ് മുകേഷ് അംബാനി.
ആസ്തിയില്‍ അടുത്തിടെ 40 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. ആഗോള ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പുതുതായി 167 പേര് കൂടി എത്തിയതായും ഹുരുണ്‍ ആഗോള സമ്പന്ന പട്ടിക വ്യക്തമാക്കുന്നു. നിലവില്‍ ആഗോളതലത്തില്‍ 3279 ശതകോടീശ്വരന്മാരാണ് ഉള്ളത്.
ഏറ്റവുമധികം ശതകോടീശ്വരന്മാര് ഉള്ളത് ചൈനയില്‍ തന്നെയാണ്. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 155 പേരുടെ കുറവുണ്ടായെങ്കിലും 814 ശതകോടീശ്വരന്മാരുമായാണ് ചൈന മുന്നിട്ട് നില്‍ക്കുന്നത്. അമേരിക്കയില്‍ 800 ശതകോടീശ്വരന്മാരാണ് ഉള്ളത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ വരവാണ് ശതകോടീശ്വരന്മാരുടെ പുതിയ ആസ്തിയില്‍ പകുതിയും സംഭാവന ചെയ്തതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ടെസ്ല മേധാവി ഇലോണ്‍ മസ്ക് ആണ് ലോകത്തെ ഏറ്റവും വലിയ സമ്പന്നന്.
STORY HIGHLIGHTS:India has seen huge progress in the number of billionaires.