സ്വന്തം കറന്‍സികളില്‍ പണമിടപാട് നടത്താനായി ഇന്ത്യയും യു.എ.ഇയും ചേര്‍ന്ന് അവതരിപ്പിച്ച പേയ്മെന്റ് ഗേറ്റ്വേ സംവിധാനമാണ് ‘ജയ്വാന്’. ഇന്ത്യയിലെ റൂപേ കാര്‍ഡിന്റെ യു.എ.ഇ പതിപ്പാണ് ‘ജയ്വാന്’ കാര്‍ഡുകള്‍.
‘ജയ്വാന്’ കാര്‍ഡ് ഉപയോഗിച്ച് യു.എ.ഇയിലും ഇന്ത്യയിലും സ്വന്തം കറന്‍സികളില്‍ ഇടപാട് നടത്താം. യു.എ.ഇയില്‍ താമസ വിസയുള്ള ആര്‍ക്കും ‘ജയ്വാന്’ കാര്‍ഡ് സ്വന്തമാക്കാനാവും.
ഇന്ത്യയിലെ റൂപേ പ്ലാറ്റ്ഫോമുമായി ബന്ധിപ്പിച്ചാണ് ‘ജയ്വാന്’ കാര്‍ഡിന്റെ ഇടപാടുകള്‍ സാധ്യമാക്കുന്നത്. ഇതുവഴി യഥാര്‍ഥ വിനിമയ നിരക്ക് പണത്തിന് ലഭിക്കുമെന്നതാണ് ഇതിന്റെ ഏറ്റവും വലിയ മെച്ചം. ഉദാഹരണത്തിന് ഒരു ദിര്‍ഹമിന് വിനിമയ നിരക്ക് 22.55 രൂപയാണെങ്കില്‍ നിലവില്‍ ബാങ്കുവഴി എക്സ്ചേഞ്ച് ചെയ്യുമ്പോള്‍ 21.55 രൂപയായിരിക്കും ലഭിക്കുക.
എന്നാല്‍, റൂപേ കാര്‍ഡ് ഉപയോഗിക്കുമ്പോള്‍ ദിര്‍ഹമിന് യഥാര്‍ഥ മൂല്യമായ 22.55 രൂപ തന്നെ ലഭിക്കും. പ്രാദേശിക കറന്‍സികളിലായിരിക്കും പണത്തിന്റെ സെറ്റില്‍മെന്റ് നടക്കുകയെന്നര്‍ഥം. നിലവില്‍ ഇന്ത്യയില്‍ റൂപേ കാര്‍ഡ് ഉപഭോക്താക്കളുടെ എണ്ണം ഏതാണ്ട് 750 ദശലക്ഷമാണ്. അതേസമയം, പുതിയ സംവിധാനത്തിലൂടെ ഡിജിറ്റല്‍ ഇടപാട് മാത്രമേ നിലവില്‍ സാധ്യമാകൂവെന്നാണ് ബാങ്കിങ് മേഖലയിലെ വിദഗ്ധര്‍ നല്കുന്ന സൂചന.
കാര്‍ഡുകള്‍ ഉപയോഗിച്ച് കറന്‍സികള്‍ പിന്‍വലിക്കാന്‍ നിലവില്‍ സാധ്യമല്ല. ഇന്ത്യയുടെ യു.പി.ഐയും യു.എ.ഇയുടെ ‘ആനി’ പെയ്മെന്റ് സംവിധാനങ്ങളും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള കരാറിലും ഇരുരാജ്യങ്ങളും ഒപ്പുവെച്ചിട്ടുണ്ട്. അക്കൗണ്ടുമായി ബന്ധിപ്പിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് പണമിടപാട് നടത്താന്‍ ഇതുവഴി സാധിക്കും.
STORY HIGHLIGHTS:With ‘Jaywan’ card you can transact in your own currencies in UAE and India.