ഡല്‍ഹി: ആലിപ്പൂരിലെ പെയിന്റ് ഫാക്ടറിയില്‍ തീപിടിച്ച് 11 പേര്‍ക്ക് ദാരുണാന്ത്യം. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ഒരു പൊലിസുകാരന് ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്നലെ വൈകീട്ട് 5.30ഓടെയാണ് സംഭവം.
ഫാക്ടറിയില്‍ നിന്ന് വന്‍തോതില്‍ തീ ആളിപ്പടരുകയായിരുന്നു. രണ്ട് ഗോഡൗണിലേക്കും അടുത്തുള്ള ഡി-അഡിക്ഷന് സെന്ററിലേക്കും പടര്‍ന്നു. സമീപത്തെ ഏതാനും കടകള്‍ക്കും വീടുകള്‍ക്കും തീപിടിച്ചു. ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്ന് പൊലിസ് പറഞ്ഞു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്.
ഫാക്ടറിയില്‍ തീപിടിത്തത്തെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊന്നും ഉണ്ടായിരുന്നില്ല. നാല് മണിക്കൂര്‍ പരിശ്രമത്തിന് ശേഷമാണ് ഫയര്‍ ഫോഴ്സ് തീയണച്ചത്. മൃതദേഹങ്ങള്‍ ബാബു ജഗ്ജീവന് റാം ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലാണെന്നും പൊലിസ് വ്യക്തമാക്കി. തീപിടത്തത്തിന്റെ യഥാര്‍ഥ കാരണം വ്യക്തമല്ല. കാണാതായവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.
STORY HIGHLIGHTS:Fire breaks out in paint factory in Delhi; 11 death