ചെന്നൈ: ബംഗളൂരുവിന് പിന്നാലെ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പായ സ്വിഗിയുടെ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് ചെന്നൈയിലും വൻ ഓൺലൈൻ തട്ടിപ്പ് സംഘം. ജനുവരി ഒന്ന് മുതൽ 12 വരെ 30 പേർക്കാണ് ഇത്തരത്തിൽ പണം നഷ്‌ടമായതെന്ന് ചെന്നൈ പൊലീസ് പറഞ്ഞു. ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തിയാണ് തട്ടിപ്പുസംഘം പ്രവർത്തിക്കുന്നതെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ സഞ്ജയ് കുമാർ പറഞ്ഞു.
സ്വിഗിയിലൂടെ ഭക്ഷണം ഓർഡർ ചെയ്യാൻ വായ്‌പ ആപ്പായ lazypay ഉപയോഗിച്ചവരാണ് തട്ടിപ്പിന് ഇരയായതെന്ന് പൊലീസ് പറഞ്ഞു. Lazypay അക്കൗണ്ട് വഴി ഓർഡറിന് ശ്രമിച്ചോ എന്ന ചോദ്യവുമായി മുൻകൂട്ടി റെക്കോർഡ് ചെയ്‌ത കോൾ വരുന്നിടത്താണ് തട്ടിപ്പിന്റെ തുടക്കം. ഓർഡർ ചെയ്യാൻ ശ്രമിച്ചത് മാറ്റാരെങ്കിലും ആണെങ്കിൽ ഡയൽപാഡിൽ ഒന്ന് അമർത്തിയ ശേഷം ഒടിപി നമ്പർ ടൈപ്പ് ചെയ്‌ത് പണമിടപാട് തടയാൻ ഉപദേശിക്കും. ആരോ തൻ്റെ അക്കൗണ്ട് ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്ന ഭയത്തിൽ ഉപഭോക്താവ് വേഗം നിർദേശം അനുസരിക്കും. പിന്നാലെ നൂറോളം സ്‌പാം മെസേജുകൾ ഫോണിലേക്കെത്തും. ഇതിനിടയിൽ പണം നഷ്ടമായെന്ന സന്ദേശവും എത്തും. എന്നാൽ അത് ഭൂരിഭാഗം പേരും ശ്രദ്ധിക്കാതെ പോകും. ഇതാണ് തട്ടിപ്പിന്റെ വഴിയെന്ന് പൊലീസ് അറിയിച്ചു.
കർണാടകയിൽ എവിടെയാണ് ഭക്ഷണം
എത്തിക്കേണ്ടത് എന്ന ചോദ്യവുമായി ഡെലിവറി
ബോയിയുടെ ഫോൺ കോൾ എത്തിയപ്പോഴാണ്
കോയമ്പേട് സ്വദേശിയായ യുവാവ് 4,900 രൂപ
നഷ്ടമായതായി അറിയുന്നത്. 9938 രൂപയുടെ
ഓർഡറിനെ കുറിച്ച് താമ്പരം സ്വദേശിക്ക് വിളി
എത്തിയത് ഹരിയനയിൽ നിന്നാണ്.
തട്ടിപ്പിന്
ഇരയായെന്നു അറിഞ്ഞിട്ടും സിബിൽ സ്കോർ
കുറയുമെന്ന പേടി കാരണം Lazypayലേക്ക് തുക
തിരിച്ചടയ്ക്കേണ്ടി വരികയും ചെയ്യും. മദ്യകുപ്പികൾ
ആണ് തട്ടിപ്പുകാർ കൂടുതലും ഓർഡർ ചെയ്യുന്നതെന്നും
കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ 30ഓളം പരാതികൾ
കിട്ടിയതായും ചെന്നൈ സൈബർ പൊലീസ് പറഞ്ഞു.
ഡാറ്റാ ചോർച്ച സംശയിക്കുന്നതിനാൽ രണ്ടു
കമ്പനികളിൽ നിന്നും വിശദീകരണം തേടിയതായും
പൊലീസ് അറിയിച്ചു.
STORY HIGHLIGHTS:Online food delivery app Swiggy’s customers targeted by massive online scam in Chennai too.