
ഭാഗ്യവും സ്വതന്ത്രരില്‍ ചിലരും കൂടെ നിന്നതോടെ ജില്ലയിലെ പഞ്ചായത്തുകളില്‍ യുഡിഎഫ് ഒരു പൊടിക്ക് മുന്നില്‍.
അധ്യക്ഷ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് – 34 പ്രസിഡന്റുമാരെ ലഭിച്ചു. എല്‍ഡിഎഫിന് – 33, എൻഡിഎ -1 എന്നിങ്ങനെയുമാണ് ലഭിച്ചത്.
നെടുവത്തൂർ പഞ്ചായത്ത് ഭരണമാണ് എൻഡിഎയ്ക്ക് ലഭിച്ചത്.ചിറക്കര പഞ്ചായത്തില്‍ എൻഡിഎയ്ക്കായിരുന്നു ഭൂരിപക്ഷം. എൻഡിഎ-6, യുഡിഎഫ്- 5, സ്വതന്ത്രൻ-1 എന്നിങ്ങനെയായിരുന്നു കക്ഷിനില. സ്വതന്ത്രനായി വിജയിച്ച മുൻ സിപിഎം നേതാവ് യു.എസ്. ഉല്ലാസ് കൃഷ്ണനെ യുഡിഎഫ് പ്രസിഡന്റ് സ്ഥാനത്തേക്ക് പിന്തുണച്ചു.
വോട്ടെടുപ്പില്‍ ഉല്ലാസ് കൃഷ്ണനും എൻഡിഎ സ്ഥാനാർഥി എം.ആർ. രതീഷിനും ആറ് വോട്ടുകള്‍ വീതം ലഭിച്ചു. തുടർന്നു നടന്ന നറുക്കെടുപ്പില്‍ ഉല്ലാസ് കൃഷ്ണനെ ഭാഗ്യം തുണച്ചു. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഉല്ലാസ് കൃഷ്ണൻ യുഡിഎഫിനെ പിന്തുണച്ചു. എന്നാല്‍ നറുക്കെടുപ്പില്‍ ഭാഗ്യം എൻഡിഎയ്ക്കൊപ്പമായിരുന്നു.
കുളത്തൂർക്കോണം വാർഡില്‍ നിന്നു വിജയിച്ച ബിജെപിയുടെ എം. രമ്യ വൈസ് പ്രസിഡന്റായി.ഉമ്മന്നൂർ ഗ്രാമപഞ്ചായത്തില്‍ യുഡിഎഫ്- ഒന്‍പത്, എല്‍ഡിഎഫ്-ഒന്‍പത്, എൻഡിഎ-മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. വോട്ടടെടുപ്പില്‍ എല്‍ഡിഎഫി നും യുഡിഎഫിനും തുല്യ വോട്ട് ലഭിച്ചതോടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്കു നടന്ന നറുക്കെടുപ്പില്‍ ഭാഗ്യം യുഡിഎഫിനൊപ്പമായതോടെ കോണ്‍ഗ്രസ് അംഗങ്ങളായ ബ്രിജേഷ്ഏബ്രഹാം പ്രസിഡന്റായും ജലജ ശ്രീകുമാർ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു. ജില്ലയിലെ ഒരു പഞ്ചായത്തിലും മുന്നണി സ്ഥാനാർഥികളുടെ കൂറുമാറ്റം ഉണ്ടായില്ല.
ഇരുമുന്നണികളും തുല്യനിലയിലായിരുന്ന മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ ഭാഗ്യം യുഡിഎഫിനൊപ്പമായിരുന്നു. ഇതോടെ നാല് ബ്ലോക്ക് പഞ്ചായത്തുകളുടെ ഭരണം യുഡിഎഫിന് ലഭിച്ചു. എല്‍ഡിഎഫിന് ഏഴും. മുഖത്തല ബ്ലോക്ക് പഞ്ചായത്തില്‍ യുഡിഎഫ്- എട്ട്, എല്‍ഡിഎഫ്- എട്ട്, എൻഡിഎ-1 എന്നിങ്ങനെയായിരുന്നു കക്ഷി നില. പ്രസിഡന്റ് , വൈസ് പ്രസിഡന്റ് സ്ഥാനങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിലും ഇരുമുന്നണികളുടെയും സ്ഥാനാർഥികള്‍ക്ക് എട്ട് വീതം വോട്ട് ലഭിച്ചു.
തുടർന്നു നടന്ന നറുക്കെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്ത് കോണ്‍ഗ്രസിന്റെ സാം വർഗീസിനെയും വൈസ് പ്രസിഡന്റ് സ്ഥാനത്ത് മുസ്ലിം ലീഗിന്റെ ആർ. ഗായത്രിദേവിയേയും ഭാഗ്യം തുണച്ചു.
Story Highlights:With luck and some independents on their side, the UDF is in a tight spot in the district’s panchayats.




