
തദ്ദേശ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രയോജനപ്പെടുത്താന്‍ യു.ഡി.എഫ് ക്യാമ്ബ്
കോണ്‍ഗ്രസിലേയും ലീഗിലേയും ചില പ്രമുഖര്‍ വിജയസാധ്യത ഉറപ്പിച്ചുള്ള മണ്ഡലമാറ്റത്തിന്റെ തയാറെടുപ്പിലാണ്. കെ.പി.സി.സി മുന്‍ പ്രസിഡന്റ് കെ. മുരളീധരനാണ് ഇതില്‍ പ്രമുഖന്. കോണ്‍ഗ്രസിലേക്കുള്ള മടങ്ങി വരവിനുശേഷം തിരുവനന്തപുരം കേന്ദ്രീകരിച്ചായിരുന്നു മുരളിയുടെ പ്രവര്‍ത്തനം.
വട്ടിയൂര്‍കാവില്‍ എം.എല്‍.എയായി മികച്ച പ്രകടനം കാഴ്ച്ച അദ്ദേഹത്തെ ഒരു സുപ്രഭാതത്തില്‍ വടകരയിലേക്കു പറിച്ചുനട്ടു. മണ്ഡലം നിലനിര്‍ത്തിയ അദ്ദേഹത്തെ എന്നാല്‍, കഴിഞ്ഞ തവണ തൃശൂരിലേക്കാണ് നേതൃത്വം പരിഗണിച്ചത്. തൃശൂരില്‍ മൂന്നാം സ്ഥാനത്തായെങ്കിലും മണ്ഡലത്തില്‍ പെട്ട ഗുരുവായൂര്‍ അസംബ്ലി മണ്ഡലത്തില്‍ മുരളിക്ക് ഏഴായിരം വോട്ടുകളുടെ ഭൂരിപക്ഷം ലഭിച്ചിരുന്നു. തൃശൂര്‍ ജില്ലയിലെ മുസ്ലിം ലീഗിന്റെ ശക്തമായ സീറ്റായിരുന്നു ഗുരുവായൂര്‍.
ബി.ജെ.പിയുടെ സുരേഷ് ഗോപി തൃശൂരിന്റെ എം.പിയായപ്പോഴും മുരളി ഗുരുവായൂരില്‍ ഭൂരിപക്ഷം നിലനിര്‍ത്തിയതില്‍നിന്ന് ആവേശമുള്‍ക്കൊണ്ടാണ് കോണ്‍ഗ്രസ് ഈ സീറ്റിനായി ചരടുവലിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ലീഗിന് പകരം സീറ്റ് നല്‍കാനാണ് നീക്കം. കഴിഞ്ഞ നാലു തെരഞ്ഞെടുപ്പുകളിലും ലീഗ് ഗുരുവായൂരില്‍ തോറ്റിരുന്നു. സി.പി.എമ്മിലെ എന്‍.കെ അക്ബറാണ് ഇവിടെ നിലവിലെ എം.എല്‍.എ.
അതേസമയം, തൃശൂര്‍ ജില്ലയിലെ ഏക സീറ്റ് ഉപേക്ഷിക്കാന്‍ പ്രാദേശിക ലീഗ് ഘടകത്തിന് വലിയ താല്പര്യമില്ല. മലപ്പുറം, തൃശൂര്‍ ജില്ലകളുമായി അതിര് പങ്കിടുന്ന പാലക്കാട്ടെ പട്ടാമ്ബി ലീഗിന് നല്കി ആശ്വസിപ്പിക്കാനാണ് ശ്രമം. സി.പി.ഐയുടെ യുവനേതാവ് മുഹമ്മദ് മുഹ്സിനാണ് പട്ടാമ്ബി എം.എല്‍.എ.
താന്‍ മുന്‍പ് പ്രതിനിധീകരിച്ചിരുന്ന കണ്ണൂരിലെ അഴീക്കോട്ട് മണ്ഡലത്തില്‍ ഇത്തവണ ലീഗ് നേതാവ് കെ.എം. ഷാജി മത്സരിക്കാനിടയില്ല. ഷാജിയുടെ വിവാദ പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് അഡ്വ. അബ്ദുള്‍ കരീം ചേലേരിയായിരിക്കും ഇവിടെ കളത്തിലിറങ്ങുക.
മണ്ഡലത്തില്‍ സുപരിചിതനായ ചേലേരി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഡോ: എം.കെ മുനീര്‍ മത്സരിക്കുന്നില്ലെങ്കില്‍ കൊടുവള്ളിയിലാവും ഷാജി രംഗത്തിറങ്ങുക. മുനീര്‍ കൊടുവള്ളി വിട്ട് കോഴിക്കോട് സൗത്തിലേക്ക് മടങ്ങാനാണ് സാധ്യത. കഴിഞ്ഞ തവണ നഷ്ടപ്പെട്ട കോഴിക്കോട് സൗത്ത് മുനീറിലൂടെ തിരിച്ചുപിടിക്കാമെന്ന് ലീഗ് കണക്കുകൂട്ടുന്നു.
ഷാജി കാസര്‍ഗോട്ടെ ഏതെങ്കിലും സീറ്റില്‍ മത്സരിക്കാനും സാധ്യതയുണ്ട്. മുനീര്‍ പഴയ തട്ടകമായ കോഴിക്കോട് സൗത്തില്‍ രംഗത്തിറങ്ങാനാണ് സാധ്യതയെന്നു ലീഗ് വൃത്തങ്ങള്‍ സൂചിപ്പിച്ചു. മുമ്ബ് ലീഗ് സ്ഥിരമായി ജയിച്ചതും പിന്നീട് ഇടതിന് വിജയിക്കാവുന്നതുമായി മാറിയ കോഴിക്കോട്ടെ തിരുവമ്ബാടി സീറ്റിന്റെ കാര്യത്തിലും പുനര്വിചിന്തനമുണ്ടെന്നാണ് ശ്രുതി. ഈ സീറ്റ് കോണ്‍ഗ്രസിന് നല്കി മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ് ജോയിയെ മത്സരിപ്പിച്ചാല്‍ വിജയിക്കാനാവുമെന്നാണ് കണക്കുകൂട്ടല്‍. സി.പി.എമ്മിലെ ലിന്റോ ജോസഫാണ് ഇപ്പോള്‍ തിരുവമ്ബാടിയുടെ ജനപ്രതിനിധി
കണക്കുകള്‍ പ്രകാരം കോഴിക്കോട് ജില്ലയില്‍ പത്ത് സീറ്റില്‍ വിജയിക്കാനാവും. ബേപ്പൂര്‍, കോഴിക്കോട് നോര്‍ത്ത്, എലത്തൂര്‍ മണ്ഡലങ്ങളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് ലീഡ്. രണ്ടിടത്ത് അയ്യായിരം വോട്ടുകളുടേയും ബേപ്പൂരില്‍ 1500 ല്‍ താഴെ വോട്ടുകളുടേയും മേല്‍ക്കൈ. 2021ല്‍ സി.പി.എം. മുപ്പതിനായിരത്തിനടുത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ച സീറ്റാണ് ബേപ്പൂര്‍. കഴിഞ്ഞ ദിവസം യു.ഡി.എഫില്‍ അസോസിയേറ്റ് അംഗമായ പി.വി. അന്‍വറെ സ്വാഗതം ചെയ്തുള്ള ബോര്‍ഡുകള്‍ ബേപ്പൂരില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മാറിയ കാലാവസ്ഥയില്‍ കോഴിക്കോട് ജില്ലയിലെ നാദാപുരം, പേരാമ്ബ്ര, കുറ്റ്യാടി, ബാലുശേരി സീറ്റുകളും ജയിക്കാനാവുമെന്ന പ്രതീക്ഷയിലാണ് യു.ഡി.എഫ്. ലീഗിന്റെ സീറ്റുകള്‍ ഏറ്റെടുക്കുമ്ബോഴുണ്ടാവുന്ന കുറവ് ഇതിലേതെങ്കിലും നല്കി നികത്താനും ആലോചനയുണ്ട്.
കൊണ്ടോട്ടി എം.എല്‍.എ: ടി.വി. ഇബ്രാഹിം വള്ളിക്കുന്നിലേക്ക് മാറാന്‍ സാധ്യതയുള്ളപ്പോള്‍, മഞ്ചേരിയില്‍ യു.എ. ലത്തീഫിന് പകരം യുവനേതാക്കളെയാണ് ലീഗ് പരിഗണിക്കുന്നത്. പി.എം.എ. സലാമിനെ തിരൂരങ്ങാടിയിലോ വള്ളിക്കുന്നിലോ മത്സരിപ്പിച്ചേക്കും. ഇത്തവണ മലപ്പുറം ജില്ലയില്‍ ഒരു വനിതാ നേതാവിനെ മത്സരിപ്പിക്കുന്ന കാര്യത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. മുതിര്‍ന്ന നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങരയില്‍നിന്ന് തന്റെ പഴയ തട്ടകമായ മലപ്പുറം മണ്ഡലത്തിലേക്ക് മാറുന്ന കാര്യവും സജീവ പരിഗണനയിലാണ്. മലപ്പുറത്ത് ലഭിക്കാനിടയുള്ള റെക്കോര്‍ഡ് ഭൂരിപക്ഷമാണ് ഇത്തരമൊരു ആലോചനയ്ക്കു പിന്നില്‍.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ കര്‍ശനമായ മാനദണ്ഡങ്ങള്‍ നടപ്പാക്കാനാണ് പാണക്കാട് സാദിഖലി തങ്ങളുടെ നേതൃത്വത്തിലുള്ള തീരുമാനം. മൂന്ന് തവണ എം.എല്‍.എമാരായ പി. ഉബൈദുള്ള, എന്‍.എ. നെല്ലിക്കുന്ന്, കെ.പി.എ. മജീദ് എന്നിവര്‍ മാറിനില്‍ക്കുമെന്ന് ഏകദേശം ഉറപ്പായിക്കഴിഞ്ഞു. എന്നാല്‍, മണ്ണാര്‍ക്കാട്ടെ വിജയസാധ്യത പരിഗണിച്ച് എന്‍. ഷംസുദ്ദീന് ഇളവ് നല്‍കിയേക്കും. ഷംസുദ്ദീന് ഇളവ് നല്കുകയാണെങ്കില് പി.കെ. ബഷീര്‍, മഞ്ഞളാംകുഴി അലി എന്നിവരും ഇളവിനായി സമ്മര്‍ദ്ദം ചെലുത്തിയേക്കാം. തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടായ മുന്നേറ്റം നിയമസഭയിലും ആവര്‍ത്തിക്കാനായി പഴുതടച്ചുള്ള നീക്കങ്ങളാണ് ലീഗ് നേതൃത്വം നടത്തുന്നത്.
STORY HIGHLIGHTS:UDF begins candidate selection



