
വിവാഹ ദിനത്തില്‍ വാഹനാപകടത്തില്‍പ്പെട്ട് ഗുരുതരമായി പരിക്കേറ്റ നവവധു ചികിത്സയ്ക്കു ശേഷം ആശുപത്രി വിട്ടു.
നട്ടെല്ലിനു ഗുരുതരമായി പരിക്കേറ്റ ആവണി കൊച്ചി ലേക്ഷോര് ആശുപത്രിയിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ആശുപത്രി മാനേജ്മെന്റിനോടും ജീവനക്കാരോടും തങ്ങള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്ക്കും നന്ദി പറഞ്ഞാണ് ആലപ്പുഴ സ്വദേശികളായ നവദമ്ബതികള്‍ ആവണിയും ഷാരോണും ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് മടങ്ങിയത്.
കഴിഞ്ഞ മാസം 21നാണ് കുമരകം ചേര്‍ത്തല റോഡില്‍ വച്ച് ആവണിയുടെയും ഷാരോണിന്റെയും വിവാഹ ദിനത്തില്‍ വാഹനാപകടം ഉണ്ടാകുന്നതും ഗുരുതരമായി പരിക്കേല്‍ക്കുന്നതും. അന്നേദിവസം പുലര്‍ച്ചെ മൂന്നു മണിക്ക് മേക്കപ്പിനായി ആവണി കുമരകത്തെ പോകുമ്ബോഴായിരുന്നു അപകടമുണ്ടായത്. കാര്‍ നിയന്ത്രണം തെറ്റി മരത്തില്‍ ഇടിക്കുകയായിരുന്നു. ആവണിക്കാണ് ഏറ്റവും കൂടുതല്‍ പരിക്കേറ്റത്. കോട്ടയം മെഡിക്കല്‍ കോളജില്‍ കൊണ്ടുപോയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കൊച്ചിയിലെ ലേക്ഷോര് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
കേരളം ഈ വാര്‍ത്ത ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കാന്‍ കാരണം അത്യാഹിത വിഭാഗത്തില്‍ വച്ച് നടന്ന ആവണിയുടെ കല്യാണമാണ്. മുന്‍ നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ ഷാരോണ്‍ ആശുപത്രി കിടക്കയിലായിരുന്ന ആവണിയുടെ കഴുത്തില്‍ താലി ചാര്‍ത്തി. ഗുരുതരമായി പരിക്കേറ്റത്തിന്റെ ആഘാതത്തിലായിരുന്ന ആവണിക്ക് ധൈര്യം പകര്‍ന്നു കൊണ്ടാണ് ഷാരോണ്‍ താലികെട്ടിയത്. നെറ്റിയില്‍ സിന്ദൂരവും ചാര്‍ത്തി. ആശുപത്രി കിടക്കയിലെ കല്യാണത്തിന്റെ വീഡിയോ മാധ്യമങ്ങളിലൂടെ കേരളമൊട്ടാകെ ശ്രദ്ധിച്ചു. തുടര്‍ന്ന് ഒരുപാടുപേര് ആവണിക്ക് പിന്തുണയും പ്രാര്‍ത്ഥനയും നേരുകയും ചെയ്തിരുന്നു. ആത്യാഹിത വിഭാഗത്തില്‍ കല്യാണം നടക്കുമ്ബോള്‍ തന്നെ കല്യാണ മണ്ഡപത്തില്‍ സദ്യയും വിളമ്ബി.
അതിനു ശേഷം കഠിനമായ ചികിത്സയുടെ നാളുകളായിരുന്നു ആവണിക്ക്. ലേക്ഷോര് മാനേജ്മെന്റ് ചികിത്സ സൗജന്യമാക്കി നല്‍കിയത് കുടുംബത്തിന് ആശ്വാസം പകര്‍ന്നു. ഇന്നലെ നിറപുഞ്ചിരിയോടു കൂടിയാണ് ആവണി ആശുപത്രി വിട്ടത്. ആവണിയെ യാത്രയാക്കാന്‍ ലേക്ഷോര് മാനേജ്മെന്റ് ജീവനക്കാരും ഉണ്ടായിരുന്നു. രണ്ടു മാസത്തോളം ഇനിയും ചികിത്സ തുടരണം. ഫിസിയോതെറാപ്പി അടക്കമുള്ള ചികിത്സകള്‍ തുടരുന്നുണ്ട്.
എനിക്കറിയാത്ത ഒരുപാട് പേര് എനിക്ക് വേണ്ടി പ്രാര്ത്ഥിച്ചിട്ടുണ്ടെന്നും അവരോടൊക്കെ നന്ദിയുണ്ടെന്നും ആവണി പറഞ്ഞു. ഹോസ്പിറ്റല്‍ ഞങ്ങള്‍ക്ക് നല്കിയ സപ്പോര്‍ട്ട് വിലമതിക്കാനാകാത്തതാണെന്ന് പങ്കാളി ഷാരോണ്‍ പറഞ്ഞു. ആവണി ഇനി എഴുന്നേറ്റ് ആരോഗ്യത്തോടെ നില്ക്കുക എന്നതിനാണ് പ്രാധാന്യമെന്നും ഷാരോണ്‍ കൂട്ടിച്ചേര്‍ത്തു. ആരോഗ്യം വീണ്ടെടുത്ത ശേഷം ചെറിയൊരു വിവാഹ സല്‍ക്കാരം നടത്തണമെന്നാണ് നവദമ്ബതികളുടെ ആഗ്രഹം. ആലപ്പുഴയില്‍ അധ്യാപകരാണ് ഷാരോണ്‍ ആവണിയും.
Story Highlights:Accident on wedding day; Avani returns home after getting married in hospital bed




