
കുവൈറ്റ്:കുവൈത്തില്‍ ബാങ്ക് വായ്പ തട്ടിപ്പില്‍ നിരവധി മലയാളികള്‍ക്ക് പണം നഷ്ടമായി. പ്രവാസികള്‍ക്ക് വളരെ എളുപ്പത്തില്‍ കുറഞ്ഞ പലിശയില്‍ വായ്പ നല്‍കുമെന്ന സോഷ്യല്‍ മീഡിയ വഴിയുള്ള വ്യാജ വാഗ്ദാനത്തില്‍ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് ലക്ഷക്കണക്കിന് രൂപയാണ് നഷ്ടമായത്.

ഹാക്ക് ചെയ്ത കുവൈത്ത് വാട്ട്സാപ്പ് നമ്ബറുകളും യഥാർത്ഥ ഫിനാൻസ് കമ്ബനിയുടെ പോലെ തോന്നിക്കുന്ന വ്യാജ വെബ്സൈറ്റും ഉപയോഗിച്ചാണ് ഈ തട്ടിപ്പു സംഘം പ്രവർത്തിക്കുന്നത്.
മലയാളികളാണ് ഇതിന് പിന്നില്‍ പ്രവർത്തിക്കുന്നത്. വളരെ മാന്യമായ സംസാരവും ആരെയും എളുപ്പത്തില്‍ വിശ്വസിപ്പിക്കുന്ന തരത്തിലുള്ള പെരുമാറ്റവുമാണ് ഇവരുടെ രീതി. ഇത് വിശ്വസിക്കുന്ന ആളുകളാണ് തട്ടിപ്പ് സംഘത്തിന്‍റെ വലയില്‍ വീഴുന്നത്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്സാപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ വായ്പ ഓഫറുകള്‍ പ്രചരിപ്പിക്കുന്ന ഇവര്‍ കുവൈത്തിലെ ഒരു പ്രശസ്ത ഫിനാൻസ് കമ്ബനിയുടെ പേരിലാണ് ആളുകളെ ബന്ധപ്പെടുന്നത്. ഈ കമ്ബനിയുടേതെന്ന് തോന്നിപ്പിക്കുന്ന ഒരു വ്യാജ വെബ്സൈറ്റും തട്ടിപ്പിനായി ഇവര്‍ ഉപയോഗിക്കുന്നുണ്ട്.

വായ്പക്കായി ഒരു ഫോം പൂരിപ്പിച്ചു നല്‍കിയാല്‍ മാത്രം മതിയെന്നും നേരിട്ട് ഓഫീസില്‍ എത്തുകയോ ഏതെങ്കിലും രേഖയുടെയോ ആവശ്യമില്ലെന്നും ഇവര്‍ ആളുകളോട് പറയുന്നു. തുടർന്ന് വായ്പ അനുവദിക്കപ്പെട്ടുവെന്നും നിങ്ങളുടെ നാട്ടിലെ അക്കൗണ്ടിലേക്ക് പണം അയച്ചപ്പോള്‍ അക്കൗണ്ടില്‍ ക്രെഡിറ്റ് ആയില്ലെന്നും പണം ഫ്രീസായെന്നും അതിനാല്‍ ഒരു നിശ്ചിത സംഖ്യ അടച്ചാല്‍ മാത്രമേ ലോണ്‍ തുക വീണ്ടും അക്കൗണ്ടിലേക്ക് അയക്കുകയുള്ളുവെന്നും പറഞ്ഞ് ആളുകള വിശ്വസിപ്പിക്കുന്നതാണ് തട്ടിപ്പ് സംഘത്തിന്‍റെ രീതി.

ഇത്തരത്തില്‍ 1000 ദിനാറോളം വായ്പ അപേക്ഷിച്ചവരുടെ പക്കല്‍ നിന്നും നൂറും ഇരുന്നൂറും ദിനാർ ഈടാക്കിയാണ് തട്ടിപ്പ് നടത്തുന്നത്. ഇരയായവരില്‍ ഭൂരിഭാഗം പേരും ഗാർഹിക തൊഴിലാളികളും സ്ത്രീകളുമാണ്. തട്ടിപ്പ് നടത്തുന്നവർ മലയാളികളാണ്. ഇവർ കുവൈത്തിന് പുറത്തു നിന്നാണ് ആളുകളെ ബന്ധപ്പെടുന്നതെന്നാണ് വിവരം.

ഈ തട്ടിപ്പു സംഘം കുവൈത്ത് കൂടാതെ മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും സജീവമാണ്. പണം ഇവർ ഇന്ത്യൻ അക്കൗണ്ട് നമ്ബറിലേക്കാണ് ട്രാൻസ്ഫർ ചെയ്യുന്നത്. അതിനാല്‍ തന്നെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇവർക്കെതിരെ കേസ് നല്കിയതുകൊണ്ട് പ്രത്യേകിച്ച് ഗുണം ഉണ്ടാകാൻ സാധ്യതയില്ല. ഇവരുടെ വലയില്‍ വീണ മലപ്പുറം സ്വദേശിയായ മുഹമ്മദിന് 116 കുവൈത്ത് ദിനാറാണ് നഷ്ടമായത്. 200 ദിനാർ മുതല്‍ 20000 ദിനാർ വരെ കുറഞ്ഞ പലിശയില്‍ വായ്പ ലഭിക്കുമെന്ന ഫേസ്ബുക്ക് പരസ്യം കണ്ടാണ് മുഹമ്മദ് ഈ കമ്ബനിയെ ബന്ധപ്പെടുന്നത്.

കുവൈത്തില്‍ വീട്ടു ജോലിക്കാരനായ മുഹമ്മദിന് 4000 ദിനാർ വായ്പ അനുവദിച്ചു. തുടർന്ന് തട്ടിപ്പു സംഘം മുഹമ്മദിന്‍റെ സിബില്‍ സ്കോർ കുറവാണെന്നും അത് ശരിയാക്കാനായി ഒരു മാസത്തെ അടവായ 116 ദിനാർ അക്കൗണ്ടിലേക്ക് അയക്കാൻ ആവശ്യപ്പെടുകയായിരുന്നു. പണം അയച്ചതിനുശേഷം വീണ്ടും ഇവർ ഇദ്ദേഹത്തെ ബന്ധപ്പെടുകയും ലോണ്‍ തുകയായ 4000 ദിനാർ മുഹമ്മദിന്‍റെ അക്കൗണ്ടിലേക്ക് അയച്ചപ്പോള്‍ അക്കൗണ്ട് നമ്ബറില്‍ എന്തോ പ്രശ്നം ഉള്ളതിനാല്‍ അവരുടെ പണം നഷ്ടമായെന്ന് അറിയിക്കുകയും ചെയ്തു. അതിനാല്‍ മുന്‍കൂര്‍ ആയി പകുതി പണം വീണ്ടും മുഹമ്മദിനോട് ആവശ്യപ്പെട്ടു എന്നാല്‍ പണം നല്‍കാൻ കഴിയില്ല എന്ന് പറഞ്ഞതോടെ സംഘം ദേഷ്യപ്പെട്ട് സംസാരിക്കുകയും പിന്നീട് ഫോണ്‍ ബ്ലോക്ക് ചെയ്യുകയുമാണുണ്ടായത്. പിന്നീടാണ് ഇത് തട്ടിപ്പാണെന്നും വഞ്ചിക്കപ്പെട്ടു എന്നും മനസ്സിലാകുന്നത്. തുടര്‍ന്ന് ഭാര്യ വഴി മഞ്ചേരി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ഒരു ലക്ഷം രൂപ ലോണ്‍ അനുവദിച്ച ഷീബക്ക് 45000 രൂപയാണ് നഷ്ടമായത്. ലോണിനായി സാലറി സർട്ടിഫിക്കറ്റ് നല്‍കാൻ ആവശ്യപ്പെടുകയും അതില്ലെങ്കില്‍ 10000 രൂപ ഡെപ്പോസിറ്റ് അടച്ചാല്‍ യാതൊരും രേഖകളും ഹാജരാക്കാതെ തന്നെ വായ്പ നല്‍കാമെന്നും പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. തുടർന്ന് വായ്പ ശരിയായെന്നും നല്‍കിയ അക്കൗണ്ട് നമ്ബർ തെറ്റായതിനാല്‍ പണം മറ്റൊരു അക്കൗണ്ടിലേക്ക് പോയെന്നും പറഞ്ഞു. 45000 രൂപ ഉടൻ അടക്കണമെന്നും അല്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ഭീഷിണിപ്പെടുത്തുകയും ചെയ്തു. ഇതോടെയാണ് ഷീബ 45000 രൂപ നല്‍കിയത്. തുടർന്ന് ലോണ്‍ തുക ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിയും അസഭ്യവര്‍ഷവുമായിരുന്നു മറുപടി. നാട്ടില്‍ സൈബർ സെല്ലില്‍ പരാതി നല്‍കിയ ഷീബ പിന്നീടാണ് തന്‍റെ ബാങ്ക് അക്കൗണ്ടും ഹാക്ക് ചെയ്തെന്ന് അറിയുന്നത്. അന്വേഷണത്തില്‍ നിരവധി പേരില്‍ നിന്നായി പണം ഷീബയുടെ അക്കൗണ്ടില്‍ വന്നുപോയതായി കണ്ടെത്തി. അന്വേഷണം നാട്ടില്‍ പുരോഗമിക്കുകയാണ്.

STORY HIGHLIGHTS:Many Malayalis lost money in bank loan fraud in Kuwait