IndiaNews

ഇന്‍ഷുറന്‍സ് പോളിസിയെടുത്ത് കൊല നടത്തി ഇന്‍ഷുറന്‍സ് തുക തട്ടുന്ന സംഘം അറസ്റ്റില്‍

സംഭല്‍: പരിചയക്കാരുടെയും ബന്ധുക്കളുടെയും പേരില്‍ ഇന്‍ഷുറന്‍സ് പോളിസി എടുത്ത ശേഷം അവരെ കൊന്ന് ഇന്‍ഷുറന്‍സ് തുക തട്ടിയെടുക്കുന്ന സംഘം അറസ്റ്റില്‍.

സാലിം, അമാന്‍ എന്നിവരെ കൊന്ന് ഇന്‍ഷുറന്‍സ് തുക തട്ടിയ പ്രതികളായ വേദ്പ്രകാശ്, കമല്‍ സിങ്, നിര്‍ദേശ് കുമാര്‍, ഉദയ്ഭാന്‍ സിങ്, പ്രേംശങ്കര്‍, സുനില്‍കുമാര്‍, ഓം പ്രകാശ് എന്നിവരെയാണ് സംഭല്‍ പോലിസ് അറസ്റ്റ് ചെയ്തത്. മറ്റു രണ്ടു പേരുടെ ദുരുഹ മരണങ്ങളില്‍ അന്വേഷണം നടക്കുകയാണെന്ന് സംഭല്‍ എഎസ്പി അനുകൃതി ശര്‍മ പറഞ്ഞു.



2022 ജൂലൈ 29നാണ് സാലിം കൊല്ലപ്പെട്ടതെന്ന് അനുകൃതി ശര്‍മ പറഞ്ഞു. 2023 നവംബര്‍ 15നാണ് അമാനെ കൊന്നത്. റോഡപകടത്തില്‍ മരിച്ചുവെന്ന പോലെയാണ് കൊല നടത്തിയത്. അതിനാല്‍ പോലിസ് കേസുകള്‍ അവസാനിപ്പിച്ചു. ഫെബ്രുവരിയില്‍ മറ്റൊരു കേസില്‍ അറസ്റ്റിലായ ഒരാളില്‍ നിന്നാണ് കേസില്‍ നിര്‍ണായകമായ പുതിയ സൂചനകള്‍ ലഭിച്ചത്. ഇതോടെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. മരിക്കുന്നതിന് മുമ്ബ് അമാന്റെ പേരില്‍ 2.7 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തിരുന്നതായി കണ്ടെത്തി. സാലിമിന്റെ പേരില്‍ 88 ലക്ഷം രൂപയുടെ പോളിസിയും എടുത്തിരുന്നു.

സൂചനകളുടെ അടിസ്ഥാനത്തില്‍ കമല്‍ സിങിനെ ചോദ്യം ചെയ്തു. ഇയാളുടെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചത്. അമാന്റെ മാതാവിന്റെ സഹോദരനായ വേദ്പ്രകാശാണ് അമാന്റെ പേരില്‍ 2.70 കോടി രൂപയുടെ ഇന്‍ഷുറന്‍സ് പോളിസി എടുത്തത്. നോമിനിയുടെ സ്ഥാനത്ത് വേദ്പ്രകാശ് തന്റെ പേര് തന്നെ എഴുതിച്ചേര്‍ക്കുകയും ചെയ്തു. തുടര്‍ന്ന് അമാന്‍ മരിച്ചെന്നും ഇന്‍ഷുറന്‍സ് തുക വേണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഇങ്ങനെ ഇതുവരെ ഇയാള്‍ക്ക് 20 ലക്ഷം രൂപ ലഭിച്ചു. ഇതേ സംഘം തന്നെ സാലിമിന്റെ മരണത്തില്‍ 75 ലക്ഷം രൂപയും തട്ടിയെടുത്തു.

പരിചയക്കാരുടെയും ബന്ധുക്കളുടെയും പേരില്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്ത് സ്വയം നോമിനിയായി രേഖപ്പെടുത്തുകയാണ് സംഘം ചെയ്തിരുന്നതെന്ന് എഎസ്പി പറഞ്ഞു. അതിന് ശേഷം ആസൂത്രിതമായി കൊലപാതകം നടത്തും. കൊലപാതകത്തെ അപകട മരണമോ സ്വാഭാവിക മരണമോ ആയി ചിത്രീകരിക്കും. എഫ്‌ഐആര്‍ ഇട്ട ശേഷം അതുവച്ച്‌ ഇന്‍ഷുറന്‍സ് തുക തട്ടും. പ്രതികളില്‍ നിന്നും നിരവധി മൊബൈല്‍ഫോണുകളും ലാപ്‌ടോപ്പുകളും എടിഎം കാര്‍ഡുകളും പെന്‍ഡ്രൈവുകളും വ്യാജ സീലുകളും പിടിച്ചെടുത്തു.

STORY HIGHLIGHTS:Gang arrested for killing people and stealing insurance money by taking insurance policies

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker