
കേന്ദ്രമന്ത്രി സുരേഷ് ഗോപി സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം നിയന്ത്രണംവിട്ട് റോഡരികിലുള്ള പാറക്കല്ലില്‍ ഇടിച്ചു.
വാഹനത്തിന്റെ മുൻവശത്തെ രണ്ടു ടയറുകളും തകരാറിലായി. സുരേഷ് ഗോപി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.


ഇന്നലെ രാവിലെ 6.10ന് എം.സി റോഡില്‍ പുതുവേലി -വൈക്കം കവലക്ക് സമീപമായിരുന്നു അപകടം. അപകടത്തെ തുടർന്ന് 20 മിനിറ്റോളം വഴിയില്‍ കുരുങ്ങിയ സുരേഷ് ഗോപിയെ കൂത്താട്ടുകുളത്ത് നിന്നെത്തിയ പൊലീസ് വാഹനത്തില്‍ പൊതുമരാമത്ത് വകുപ്പ് റെസ്റ്റ് ഹൗസിലെത്തിച്ചു.


കൊല്ലത്ത് നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു സുരേഷ് ഗോപി. കേന്ദ്രമന്ത്രി മുൻവശത്ത് ഇരുന്നാണ് യാത്ര ചെയ്തിരുന്നത്. വാഹനം പെട്ടെന്ന് തന്നെ ഡ്രൈവർ നിയന്ത്രണത്തിലാക്കി. ഒപ്പമുണ്ടായിരുന്ന ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് മന്ത്രിയെ വാഹനത്തില്‍ നിന്ന് ഇറക്കിയത്. കൊച്ചിയില്‍ നിന്ന് മറ്റൊരു വാഹനമെത്തിച്ച് സുരേഷ് ഗോപി യാത്ര തുടർന്നു.

STORY HIGHLIGHTS:Union Minister Suresh Gopi’s car met with an accident

