
ഡൽഹി:എടിഎം കൗണ്ടറുകള്‍ വഴിയുള്ള ഇടപാടുകളില്‍ ഒരു കരുതലുണ്ടാകുന്നത് നല്ലതാണ്. മെയ് ഒന്ന് മുതല്‍ എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നതിന് നല്‍കേണ്ട നിരക്കുകളില്‍ വർദ്ധനയുണ്ടാകും.
റിസർവ് ബാങ്കാണ് എടിഎം ഇടപാടുകളില്‍ നിരക്ക് വർദ്ധന പ്രഖ്യാപിച്ചത്.


പണം പിൻവലിക്കാനുള്ള സൗജന്യ ഇടപാടുകള്‍ക്ക് പുറമെയുള്ള ഓരോ ട്രാൻസാക്ഷനും നിലവില്‍ 21 രൂപയാണ് നല്‍കുന്നത്. എന്നാല്‍ ഒന്നാം തിയതി മുതല്‍ അത് 23 രൂപയാകും. അക്കൗണ്ടുള്ള ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് അഞ്ച് തവണയും മറ്റ് ബാങ്കുകളുടെ എടിഎമ്മില്‍ നിന്ന് മൂന്ന് തവണയും (മെട്രോ അല്ലാത്ത നഗരങ്ങളില്‍ ഇത് അഞ്ച് തവണയും) പണം സൗജന്യമായി പിൻവലിക്കാം.

എടിഎം കൗണ്ടറുകളുടെ നടത്തിപ്പിനും സെക്യൂരിറ്റി സംവിധാനങ്ങള്‍ നടപ്പാക്കുന്നതിനും വലിയ ചിലവ് വരുന്നുണ്ടെന്ന ബാങ്കുകളുടെ അഭ്യർത്ഥന മാനിച്ചാണ് ആർബിഐ നിരക്ക് വർദ്ധനക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചത്.

പുതിയ പരിഷ്കാരം എടിഎം കൗണ്ടർ വഴി പണം പിൻവലിക്കുന്നവർക്ക് ചിലവ് വർദ്ധിപ്പിക്കാനിടയാക്കും. യുപിഐ പോലുള്ള ഡിജിറ്റല്‍ പണമിടപാടുകള്‍ ഉപയോഗിക്കുന്നത് വ്യാപകമാക്കുകയും എടിഎം കൗണ്ടറുകള്‍ വഴിയുള്ള ഇടപാടുകള്‍ ആവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന രീതിയിലേക്ക് മാറുകയും വേണം. എടിഎം കൗണ്ടറില്‍ നിന്ന് പണം പിൻവലിക്കുമ്ബോള്‍ കൃത്യമായ ആസൂത്രണമില്ലെങ്കില്‍ 500 രൂപ പിൻവലിച്ചതിന് 23 രൂപ ബാങ്കിന് നല്‍കേണ്ടി വരും.

STORY HIGHLIGHTS:New rates for cash withdrawals through ATM counters from May 1
