NewsWorld

ഗാസയെ ഏറ്റെടുത്താല്‍ എങ്ങനെയായിരിക്കും: എഐ ദൃശ്യാവതരണം പങ്കുവെച്ച്‌ ട്രംപ്

അമേരിക്ക:അംബരചുംബികളായ കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട നഗരത്തിനു നടുവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ കൂറ്റൻ സ്വർണ്ണ പ്രതിമ.

തെരുവുകളിലെ കടകളില്‍ അടക്കിവെച്ചിരിക്കുന്ന ട്രംപിന്റെ തന്നെ സ്വർണ്ണപ്രതികളുടെ ചെറിയ പതിപ്പുകള്‍. കടല്‍തീരത്ത് ടൂറിസ്റ്റുകള്‍ക്കിടയില്‍ പണം വാരിവിതറുന്ന അദ്ദേഹത്തിന്റെ സംരംഭക സുഹൃത്ത് ഇലോണ്‍ മസ്ക്. നിശാപാർട്ടിയിലെ സുന്ദരികള്‍ക്കൊപ്പം നില്‍ക്കുന്ന ട്രംപ്. മറ്റൊരു ഘട്ടത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെത്യാഹുവിനൊപ്പം വെയില്‍ കാഞ്ഞ് ശീതളപാനീയം ആസ്വദിക്കുന്നു, ഗാസയെ ഏറ്റെടുത്ത് കൊണ്ടുള്ള തന്റെ സ്വപ്ന പദ്ധതി എ.ഐയിലൂടെ ചിത്രീകരിച്ച്‌ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ് ഡൊണാള്‍ഡ് ട്രംപ്.

‘ട്രംപ് ഗാസ’ എന്ന പേരില്‍ പൂർണ്ണായും നിർമിത ബുദ്ധിയില്‍ ചിത്രീകരിച്ച വീഡിയോ തന്റെ സ്വകാര്യ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ട്രംപ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇസ്രയേല്‍-ഹമാസ് യുദ്ധത്തിന്റെ പ്രധാന സംഘർഷ ഭൂമിയായി മാറിയ ഗാസയില്‍നിന്ന് പലസ്തീനികളെ മറ്റു അറബ് രാജ്യങ്ങളിലേക്ക് മാറ്റി യുഎസ് ഏറ്റെടുക്കുന്നതാണ് ട്രംപിന്റെ പദ്ധതി. യുഎസ് ഏറ്റെടുത്താല്‍ പലസ്തീനികള്‍ക്ക് പിന്നീട് ഗാസയില്‍ അവകാശം ഉണ്ടാകില്ലെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്. ട്രംപിന്റെ നീക്കത്തിനെതിരെ അറബ് രാജ്യങ്ങളിലും യുഎസിന്റെ സഖ്യകക്ഷികളില്‍നിന്നും വ്യാപക എതിർപ്പുകളുയർന്നിട്ടുണ്ട്. എന്നാല്‍ ഇസ്രയേല്‍ ട്രംപിന്റെ നീക്കത്തെ ഇരുകൈയും നീട്ടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.

സ്വന്തം പ്രതിമകളും ചിത്രങ്ങളും പാറിപറക്കുന്ന ട്രംപിന്റെ എഐ വീഡിയോയില്‍ അദ്ദേഹത്തെ പ്രകീർത്തിക്കുന്ന ഗാനവും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറേബ്യൻ ടച്ചും വീഡിയോയില്‍ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.

ഡൊണാള്‍ഡ് നിങ്ങളെ മോചിപ്പിക്കാൻ വരുന്നു, എല്ലാവർക്കും കാണാനുള്ള വെളിച്ചം നല്‍കുന്നു, ഇനി ഭയവുമില്ല, തുരങ്കങ്ങളുമില്ല ട്രംപിന്റെ ഗാസ ഒടുവില്‍ ഇവിടെ എത്തി’ തുടങ്ങിയ വരികളാണ് ഈ എഐ ഗാനത്തിലുള്ളത്. ട്രംപ് ഗാസ നമ്ബർ വണ്‍ എന്ന വരികളോടെയാണ് വീഡിയോ അവസാനിക്കുന്നത്.

യുദ്ധത്തില്‍ തകർന്ന കെട്ടിടങ്ങള്‍ക്കിടയിലൂടെ കുട്ടികള്‍ ഓടുന്നതിന്റെ ദൃശ്യത്തോടെ തുടങ്ങുന്ന വീഡിയോയില്‍ ഗാസയില്‍ അടുത്തതെന്ത് എന്ന ചോദ്യത്തോടെയാണ് ട്രംപിന്റെ സ്വപ്ന പദ്ധതി എ.ഐയില്‍ അവതരിപ്പിച്ചിട്ടുള്ളത്. 33 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയില്‍ പണം വിതറിയും ഭക്ഷണം കഴിച്ചും ഇലോണ്‍ മസ്ക് പലതവണ മുഖം കാണിക്കുന്നുണ്ട്.

പതിനഞ്ചു മാസത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കും ആശ്വാസമായി ഗാസയില്‍ ജനുവരി 19-മുതല്‍ ഗാസയില്‍ വെടിനിർത്തല്‍ കരാർ പ്രാബല്യത്തിലുണ്ട്. ഇസ്രേയലും ഹമാസും ബന്ദികളേയും തടവുകാരേയും പരസ്പരം കൈമാറിക്കൊണ്ടിരിക്കെയാണ് ട്രംപ് ഗാസ ഏറ്റെടുക്കല്‍ പദ്ധതിയുമായി മുന്നോട്ട് നീങ്ങുന്നത്.

ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിന് പിന്നാലെ ഗാസയില്‍ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തിലും മറ്റും 40000 ത്തോളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

STORY HIGHLIGHTS:What it would be like to take over Gaza: Trump shares AI visualization

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker