തിരുവനന്തപുരം:ഒറിജിനലിനെ വെല്ലുന്ന വ്യാജ സ്വർണം നിർമിച്ച് സംസ്ഥാനത്തുടനീളം പണയം വെച്ച് തട്ടിപ്പ് നടത്തിയ മൂവർ സംഘം കൈക്കലാക്കിയത് കോടികള്‍.
സംഭവത്തിലെ പ്രധാന സൂത്രധാരൻ കോട്ടയം വൈക്കം പെരുവ സ്വദേശി അനു ചന്ദ്രൻ, മുക്കുപണ്ടം നിർമിച്ച വൈക്കം മനയ്ക്കല്‍ ചിറയില്‍ ബിജു, പത്തനാപുരത്തെ ഇടനിലക്കാരൻ ഷെബീർ എന്നിവരാണ് പോലീസ് പിടിയിലായത്. ഇവരെ തെളിവെടുപ്പിനായി പത്തനാപുരം, കുണ്ടയം എന്നിവിടങ്ങളിലെ സ്വകാര്യ ബാങ്കുകളില്‍ എത്തിച്ചു. പ്രതികള്‍ വ്യാജ സ്വർണം ഇവിടെ ആണ് പണയം വെച്ച് പണം തട്ടിയത്.
ബാങ്ക് ജീവനക്കാർ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളായ മൂന്ന് പേരെയും നാളെ കോടതിയില്‍ ഹാജരാക്കും. കൂടുതല്‍ ചോദ്യം ചെയ്യാൻ പോലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങും. ഇതിനിടെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ 2021ല്‍ ലഭിച്ച പരാതി ഈ കേസിന്റെ തന്നെ ഭാഗമാക്കി അന്വേഷിക്കാൻ പൊലീസിനു നീക്കമുണ്ട്. വീട്ടമ്മയെ തെറ്റിദ്ധരിപ്പിച്ച് ബിജു, വ്യാജ സ്വർണം നിർമിച്ചു നല്കി 70 ലക്ഷം രൂപ പണയം വച്ച് തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ഇത് അന്വേഷിക്കും.
സംസ്ഥാനത്തുടനീളം ഏജന്റുമാരിലൂടെയും നേരിട്ടും വ്യാജ സ്വർണം പണയം വച്ച് രണ്ടും മൂന്നും പ്രതികള്‍ കോടികള്‍ തട്ടിയെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സ്വർണം ഈട് വെച്ച് പണം കടമായി നല്കുന്ന 2 സ്ഥാപനങ്ങള്‍ മുൻപ് ബിജു നടത്തിയിരുന്നു.
നാട്ടില്‍ ഒരു കോടിയിലധികം രൂപ ചിലവാക്കി ഇയാള്‍ ഒരു വീടും നിർമ്മിച്ചിരുന്നു. വീടിന്റെ പണി പൂർത്തിയാക്കാൻ കഴിയാതെ വന്നതോടെ ഇയാള്‍ തന്റെ ധനകാര്യ സഥാപനങ്ങളില്‍ ആളുകള്‍ പണയത്തിനു വച്ച സ്വർണം, മറ്റൊരു ബാങ്കിലേക്കു മാറ്റി കൂടുതല്‍ തുകയ്ക്ക് പണയം വച്ചു.
ഉടമസ്ഥർ തിരികെയെടുക്കാൻ വരുമ്ബോള്‍ എടുത്ത് നല്‍കാമെന്ന് കരുതിയാണ് ചെയ്തത്. എന്നാല്‍ പറഞ്ഞ സമയത്ത് ഇത് തിരികെ എടുത്ത് നല്കാൻ കഴിയാതെ വന്നതോടെയാണ് വ്യാജ സ്വർണം നിർമിച്ച്, നാട്ടിലുള്ള മറ്റൊരു സ്വകാര്യ ബാങ്കില്‍ പണയം വച്ചത്. ആദ്യമൊക്കെ ഉദ്യമം വിജയിച്ചെങ്കിലും പിന്നീട് പിടിക്കപ്പെട്ടു.
പണം നല്കിയാല് കേസിനു പോകില്ലെന്ന് സ്വകാര്യ ബാങ്കുടമ പറഞ്ഞത് ആയുധമാക്കിയ ഇവർ ഇതേ വ്യാജ സ്വർണം പൊതുമേഖലാ ബാങ്കിലേക്ക് മാറ്റി പണയം വച്ച്, കടം തീർത്തു. പൊതുമേഖലാ ബാങ്കില്‍ പിടിക്കപ്പെടാതെ വന്നതാണ് കൂടുതല്‍ വ്യാജ സ്വർണം നിർമിക്കുന്നതിലേക്ക് നയിച്ചത്. ഉരച്ചു നോക്കിയാലും മെഷീനില്‍ നോക്കിയാലും തിരിച്ചറിയാത്ത ഇവ, പിന്നീട് അനു ചന്ദ്രനിലൂടെ കേരളത്തിലുടനീളം പണയം വച്ച് കോടികള്‍ തട്ടുകയായിരുന്നു.
STORY HIGHLIGHTS:Fraud suspects arrested for manufacturing fake gold that rivaled the original and pawning it across the state.