കണ്ണൂർ:കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കേസില്‍ വിജിലന്‍സിന്‍റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്.
ടി വി പ്രശാന്ത് നവീന്‍ ബാബുവിന് കൈക്കൂലി നല്‍കിയതിന് തെളിവില്ലെന്ന് വിജിലന്‍സ്. മൊഴിക്കപ്പുറം തെളിവ് ഹാജരാക്കാൻ പരാതിക്കാരനായ പ്രശാന്തിന് കഴിഞ്ഞില്ലെന്നും വിജിലൻസ്. വിജിലൻസ് അടുത്ത ആഴ്ച റിപ്പോർട്ട് നല്‍കും. എഡിഎം നവീന്‍ ബാബുവിന് കൈക്കൂലി കൊടുത്തുവെന്ന പ്രശാന്തിന്‍റെ മൊഴിക്കപ്പുറം തെളിവില്ലെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. തെളിവ് ഹാജരാക്കാന്‍ പ്രശാന്തിനും കഴിഞ്ഞില്ലെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. കോഴിക്കോട് വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ എസ്പിയാണ് അന്വേഷണം നടത്തിയത്.
പെട്രോള്‍ പമ്ബിന് അനുമതി നല്‍കുന്നതിനായി കൈക്കൂലി നല്‍കിയെന്നായിരുന്നു പെട്രോള്‍ പമ്ബിന്റെ അപേക്ഷകനായിരുന്ന പ്രശാന്തിന്റെ ആരോപണം. സംഭവത്തില്‍ കൈക്കൂലി ഇടപാട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനായിരുന്നു വിജിലൻസ് സ്പെഷല്‍ സെല്ലിന് സർക്കാർ നിർദേശം നല്‍കിയിരുന്നത്. നവീൻ ബാബുവിനെ കണ്ണൂരിലെ താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കളക്ടറേറ്റില്‍ എഡിഎമ്മിന് നല്‍കിയ യാത്രയയപ്പില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരുന്ന പി.പി.ദിവ്യ എഡിഎമ്മിനെതിരെ വിമർശനം ഉന്നയിച്ചിരുന്നു.
ഉദ്യോഗസ്ഥരുടെ മുന്നിലെത്തുന്ന ഓരോ ഫയലിലും ഓരോ ജീവിതങ്ങളാണെന്ന് ഓർമിപ്പിച്ചാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വിമർശനം ഉന്നയിച്ചിരുന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ വിമർശനം ചർച്ചയായതിന് പിന്നാലെയാണ് എഡിഎമ്മിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
STORY HIGHLIGHTS:ADM Naveen Babu’s death: Vigilance report finds no evidence of bribery