നടന് അല്ലു അര്ജുന് അറസ്റ്റില്‍.
ഹൈദരാബാദ്:പുഷ്പ ടൂ സിനിമയുടെ റിലീസിനിടെയുണ്ടായ മരണത്തില്‍ നടന് അല്ലു അര്ജുന് അറസ്റ്റില്‍. ജൂബിലി ഹില്‍സിലെ വസതിയില്‍ വച്ച് ഹൈദരാബാദ് പോലീസിന്റെ ടാസ്ക് ഫോഴ്സ് സംഘമാണ് നടനെ അറസ്റ്റ് ചെയ്തത്.
ചിക്കട്പള്ളി സ്റ്റേഷനിലേക്ക് നടനെ കൊണ്ടുവരികയാണ്. പോലീസ് സ്റ്റേഷന്റെ സമീപത്ത് കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
പുഷ്പ ടൂ സിനിമയുടെ ആദ്യ പ്രദര്‍ശനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് സ്ത്രീ മരിച്ച സംഭവത്തിലാണ് അറസ്റ്റ്.
ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ഹൈദരാബാദ് സ്വദേശിയായ രേവതി (39) എന്ന സ്ത്രീയാണ് മരിച്ചത്. ഇവരുടെ 9 വയസുകാരനായ മകന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രേവതിയുടെ കുടുംബത്തിന്റെ പരാതിയില്‍ നടന് പുറമേ സന്ധ്യ തിയറ്റര്‍ മാനേജ്മെന്റ്, നടന്റെ സുരക്ഷാ സംഘം എന്നിവര്‍ക്കെതിരെയും പൊലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ് എഫ്ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന് തെലങ്കാന ഹൈക്കോടതിയെ സമീപിച്ചത്.
ഷോ കാണാന്‍ നായകനായ അല്ലു അര്ജുന് എത്തുമെന്നു വിവരം ലഭിച്ചതോടെ തിയേറ്റര്‍ പരിസരത്തേക്ക് ജനക്കൂട്ടം ഒഴുകിയെത്തി. തിരക്കേറിയതോടെ ആളുകള്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. അതിനിടയില്‍പ്പെട്ടാണ് സ്ത്രീ മരിച്ചത്. ഒരു കുട്ടിയടക്കം രണ്ട് പേര് ബോധംകെട്ടു വീണു. ഇവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
അല്ലു അര്‍ജുന്റെ സെക്യൂരിറ്റി ടീം വരുത്തിയ വീഴ്ചയാണ് ഇത്രയും വലിയ ദുരന്തത്തിന് വഴിവെച്ചത് എന്നാണ് ഹൈദരാബാദ് സെന്‍ട്രല്‍ സോണ്‍ ഡിസിപി അന്ന് പറഞ്ഞത്. അല്ലു അര്ജുന് സിനിമയുടെ പ്രീമിയറിന് എത്തുമെന്ന് തിയറ്റര്‍ മാനേജ്മെന്റിന് അറിയാമായിരുന്നെങ്കിലും ഈ വിവരം പൊലീസിനെ അറിയിച്ചത് അവസാന നിമിഷം മാത്രമാണെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
STORY HIGHLIGHTS:Actor Allu Arjun arrested.