Sports

വനിതാ ഐ.പി.എല്‍ താരലേലം: ദീപ്തി ശര്‍മക്ക് 3.20 കോടി.

ന്യൂഡല്‍ഹി: വനിതാ ഐ.പി.എല്ലില്‍ വൻ താരമൂല്യവുമായി മലയാളി താരങ്ങള്‍. തിരുവനന്തപുരം സ്വദേശിയായ ഓള്‍റൗണ്ടർ ആശ ശോഭനയെ 1.10 കോടി രൂപക്ക് യു.വി വാരിയേഴ്സ് സ്വന്തമാക്കിയപ്പോള്‍, വയനാട് സ്വദേശിയായ ഓള്‍റൗണ്ടർ സജന സജീവനും തിളങ്ങി.

75 ലക്ഷം രൂപക്ക് മുൻ ടീമായ മുംബൈ ഇന്ത്യൻസാണ് സജനയെ തങ്ങളുടെ നിരയിലെത്തിച്ചത്.

വ്യാഴാഴ്ച ന്യൂഡല്‍ഹിയില്‍ നടന്ന വനിതാ ഐ.പി.എല്‍ ലേലത്തില്‍ 30 ലക്ഷം അടിസ്ഥാന വിലയിട്ട ലെഗ് സ്പിന്നർ ആശയെ ഡല്‍ഹി കാപിറ്റല്‍സിന്റെയും ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന്റെയും മോഹങ്ങളെ മറികടന്ന് യു.പി വാരിയേസ് സ്വന്തമാക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു സീസണിലും മുംബൈക്കായി കളിച്ച, സജന സജീവൻ വരും സീസണിലും മുംബൈ ഇന്ത്യൻസിനായി കളിക്കും. 75 ലക്ഷ രൂപക്കാണ് വയനാട് സ്വദേശിയായ ഓള്‍റൗണ്ട് താരത്തെ തങ്ങളുടെ നിരയിലെത്തിച്ചത്. 30 ലക്ഷമായിരുന്നു ഇവരുടെ അടിസ്ഥാന വില.

കഴിഞ്ഞ സീസണില്‍ ആർ.സി.ബി താരമായിരുന്നു തിരുവനന്തപുരം സ്വദേശിയായ ആശ ശോഭന. 2023ല്‍ ആർ.സി.ബി പത്ത് ലക്ഷത്തിന് കരാറില്‍ ഒപ്പുവെച്ചതാരമാണ് രണ്ടു സീസണിനിപ്പുറം കോടികള്‍ മൂല്യമുള്ള താരമായി ഉയർന്നത്. കഴിഞ്ഞ സീസണില്‍ 10 കളിയില്‍ 12 വിക്കറ്റുമായി തിളങ്ങി. 2024 മേയില്‍ ദേശീയ ടീമില്‍ അരങ്ങേറ്റം കുറിച്ചു.

ഇന്ത്യൻ താരം ദീപ്തി ശർമയാണ് ഏറ്റവും വിലയേറിയ താരമായി മാറിയത്. യു.പി. വാരിയേഴ്സ് 3.2 കോടിയെറിഞ്ഞാണ് താരത്തെ തങ്ങളുടെ നിരയിലെത്തിച്ചത്. ന്യൂസിലൻഡ് ഓള്‍റൗണ്ടർ സോഫി ഡിവൈനെ രണ്ട് കോടിക്ക് ഗുജറാത്ത് ജയന്റ്സും, ന്യൂസിലൻഡിന്റെ മറ്റൊരു താരം അമേലിയ കെറിനെ മൂന്ന് കോടിക്ക് മുംബൈ ഇന്ത്യൻസും സ്വന്തമാക്കി.

അതേസമയം, മലയാളി താരം മിന്നു മണിയെ ലേലത്തില്‍ ആരും വിളിച്ചില്ല. അടുത്ത വർഷം ജനുവരിയിലാണ് വനിതാ ഐ.പി.എല്‍ മത്സരങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്.

മുൻനിര താരങ്ങളെ വിവിധ ടീമുകള്‍ നേരത്തെ തന്നെ നിലനിർത്തിയിരുന്നു. ആറു ടീമുകളിലായി ശേഷിച്ച 73 താരങ്ങള്‍ക്കയാണ് ലേലം നടന്നത്. ഇവരില്‍ 23 വിദേശ താരങ്ങളായിരുന്നു.

Story Highlights:Women’s IPL star auction: Deepti Sharma goes for Rs 3.20 crore.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker