
ചെന്നൈ:വ്യാപാരിയെ ഇടപാടിനെന്ന പേരില്‍ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചു വരുത്തിയ ശേഷം മർദ്ദിച്ച് കെട്ടിയിട്ട് 20 കോടിയിലേറെ രൂപയുടെ വജ്രാഭരണങ്ങള്‍ കവർന്നു.

ചെന്നൈയിലാണ് സംഭവം. തട്ടിപ്പിനു പിന്നാലെ അതിവേഗം ഇടപെട്ട പൊലീസ് സംഭവത്തില്‍ നാല് പേരെ പിടികൂടി. ചെന്നൈ അണ്ണാനഗർ സ്വദേശിയായ ചന്ദ്രശേഖറാണ് (70) കവർച്ചയ്ക്ക് ഇരയായത്.

സംഭവത്തില്‍ മറ്റൊരു വ്യാപരിയായ ലണ്ടൻ രാജൻ, ഇയാളുടെ കൂട്ടാളി, ഇടലനിലക്കാരായ രണ്ട് പേർ എന്നിവരെ ശിവകാശിയില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. വടപളനിയിലുള്ള ഹോട്ടലിലേക്ക് ചന്ദ്രശേഖറിനെ വിളിച്ചു വരുത്തിയാണ് സംഘം വജ്രാഭരണങ്ങള്‍ കവർന്നത്.


വജ്രങ്ങള്‍ വാങ്ങാനെന്ന വ്യാജേന ലണ്ടൻ രാജൻ ചന്ദ്രശേഖറിനെ ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. മുൻ ദിവസങ്ങളില്‍ നടത്തിയ ചർച്ചയില്‍ ധാരണയായ ശേഷം ഞായറാഴ്ച ആഭരണങ്ങള്‍ കൈമാറാനും പണം വാങ്ങാനുമായി ചന്ദ്രശേഖർ മകള്‍ ജാനകിക്കൊപ്പം ഹോട്ടലിലെത്തി. ഇടപാടുകാർ പറഞ്ഞതു പ്രകാരം ചന്ദ്രശേഖർ മാത്രമാണ് ഹോട്ടല്‍ മുറിയിലേക്ക് വജ്രാഭരണങ്ങളുമായി പോയത്. മുറിയില്‍ കയറിയ ഉടൻ തന്നെ നാല് പേരും ചേർന്നു ചന്ദ്രശേഖറിനെ മർദ്ദിച്ച ശേഷം കെട്ടിയിട്ട് ആഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു.


സമയം ഏറെയായിട്ടും ചന്ദ്രശേഖർ തിരികെ വരാൻ വൈകിയതോടെ അദ്ദേഹത്തെ അന്വേഷിച്ച് മകള്‍ മുറിയിലേക്ക് ചെന്നു. അപ്പോഴാണ് മുറിയില്‍ കെട്ടിയിട്ട നിലയില്‍ കണ്ടെത്തിയത്.

സംഭവത്തില്‍ കേസെടുത്ത വടപളനി പൊലീസ് ഹോട്ടലില്‍ നിന്നു ലഭിച്ച സിസിടിവി ദൃശ്യത്തില്‍ നിന്നു പ്രതികള്‍ സഞ്ചരിച്ച കാർ തിരിച്ചറിഞ്ഞു. പിന്നാലെ വിവരം എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. ശിവാകശി ടോള്‍ പ്ലാസയ്ക്കു സമീപത്തു നിന്നു തൂത്തുക്കുടി പൊലീസ് നടത്തിയ വാഹന പരിശോധനയില്‍ പ്രതികള്‍ പിടിയിലായി.

STORY HIGHLIGHTS:Businessman beaten, tied up and robbed of diamond jewellery worth Rs 20 crore