IndiaNews

കാമുകിയുടെ ഫോണ്‍വിളി;ലഹരിക്കച്ചവടക്കാരനെ പോലീസ് പൂട്ടിയത് വിദഗ്ധമായി

തൃശൂർ:പ്രയം വെറും 21, ബെംഗളൂരുവില്‍ പഠിക്കുകയാണെന്നുപറഞ്ഞ് തൃശ്ശൂർ മനക്കൊടി ചെറുവത്തൂർ ആല്‍വിൻ ഇതുവരെ നടത്തിവന്നത് എംഡിഎംഎ കച്ചവടമായിരുന്നു.

ചെറുപ്രായത്തില്‍ തന്നെ കാറും ബൈക്കും ഉള്‍പ്പെടെ സ്വന്തമാക്കി ആഡംബരജീവിതം. യാതൊരു കൂസലുമില്ലാതെ ലഹരിവില്‍പ്പന. പക്ഷേ, തൃശ്ശൂർ നെടുപുഴ പോലീസിന്റെ അന്വേഷണമികവില്‍ ആല്‍വിൻ ഉള്‍പ്പെടെയുള്ള ലഹരിസംഘം പിടിയിലായി. എന്നാല്‍, പോലീസ് കസ്റ്റഡിയിലിരിക്കെ തെളിവെടുപ്പിനായി ഹൊസൂരില്‍ കൊണ്ടുപോയപ്പോള്‍ ആല്‍വിൻ പോലീസിനെ വെട്ടിച്ച്‌ കടന്നു. പോലീസുകാരുടെ മൊബൈല്‍ഫോണുകളടക്കം കൈക്കലാക്കിയാണ് ആല്‍വിൻ ഹൊസൂരില്‍നിന്ന് മുങ്ങിയത്. ദിവസങ്ങളോളം ബന്ധുക്കളുടെ സഹായത്തോടെ കേരളത്തിലെ പലയിടങ്ങളിലായി ഒളിവില്‍ കഴിഞ്ഞ ആല്‍വിൻ ഏപ്രില്‍ ഏഴാം തീയതി തൃശ്ശൂർ പോലീസ് പൂട്ടി. കേരള പോലീസിന്റെ അന്വേഷണമികവിന്റെ മറ്റൊരു ഉദാഹരണം കൂടിയായിരുന്നു ആല്‍വിന്റെ അറസ്റ്റ്. സിനിമാകഥകളെപ്പോലും വെല്ലുന്ന ആ അന്വേഷണം ഇങ്ങനെ…

വാടകവീട്ടില്‍ ലഹരിവില്‍പ്പന, സഹോദരങ്ങളടക്കം പിടിയില്‍…
മാർച്ച്‌ ഏഴിനാണ് തൃശ്ശൂർ നെടുപുഴയില്‍ വാടകവീടെടുത്ത് ലഹരിവില്‍പ്പന നടത്തിവന്ന സംഘം പോലീസിന്റെ പിടിയിലായത്. ഇവരില്‍നിന്ന് 70 ഗ്രാം എംഡിഎംഎയും നാലുകിലോ കഞ്ചാവും നെടുപുഴ പോലീസ് പിടിച്ചെടുത്തു.

വാടകവീട് കേന്ദ്രീകരിച്ച്‌ ലഹരിവില്‍പ്പനയും ഉപയോഗവും നടക്കുന്നതായി സംശയമുണ്ടെന്ന് പറഞ്ഞ് ഫോണ്‍വിളി വന്നതോടെയാണ് നെടുപുഴ പോലീസ് സ്ഥലത്ത് പരിശോധനയ്ക്കെത്തിയത്. എന്നാല്‍, പോലീസിനെ കണ്ടതോടെ വീട്ടിലുണ്ടായിരുന്ന അഞ്ചുപേരില്‍ രണ്ടുപേർ രക്ഷപ്പെട്ടു. വാതില്‍ തുറന്ന് പോലീസിനെ തള്ളിയിട്ടാണ് ഇവർ ഓടിരക്ഷപ്പെട്ടത്. വീട്ടിലുണ്ടായിരുന്ന മൂന്നുപേരെ പോലീസ് പിടികൂടി. ലഹരിമരുന്ന് പാക്കറ്റുകളിലേക്ക് മാറ്റുന്നതിനിടെയാണ് ഇവർ പിടിയിലായത്.

അരിമ്ബൂർ നാലാംകല്ല് തേക്കിലക്കാടൻ അരുണ്‍(25), സഹോദരനായ അലൻ(19), അരണാട്ടുകര ആഞ്ജനേയൻ(19) എന്നിവരാണ് മാർച്ച്‌ ഏഴിന് അറസ്റ്റിലായ മൂന്നുപേർ. ഇവരുടെ വാടകവീട്ടില്‍നിന്ന് ലാപ്ടോപ്, നോട്ട്പാഡ്, നാല് മൊബൈല്‍ഫോണുകള്‍, എന്നിവയും ഒരു ബൈക്കും പോലീസ് പിടിച്ചെടുത്തു. ഇവർക്കൊപ്പമുണ്ടായിരുന്ന മനക്കൊടി ചെറുവത്തൂർ ആല്‍വിൻ(21), പുല്ലഴി അബിൻ ടോണി(20) എന്നിവരാണ് അന്ന് പോലീസുകാരെ തള്ളിയിട്ട് രക്ഷപ്പെട്ടത്. തൃശ്ശൂരില്‍നിന്ന് മുങ്ങിയെങ്കിലും പോലീസ് ഇവരെ പിന്തുടരുന്നുണ്ടായിരുന്നു. പ്രതികള്‍ സിംകാർഡ് മാറ്റി മറ്റൊരു സിംകാർഡ് ഉപയോഗിക്കുന്നതായും പോലീസ് കണ്ടെത്തി. ഇതിനിടെ ഇരുവരും ഡല്‍ഹിയിലെത്തി. തുടർന്ന് സംഭവമെല്ലാം തണുത്തെന്ന് കരുതി രണ്ടുപേരും ഡല്‍ഹിയില്‍നിന്ന് തൃശ്ശൂരിലേക്ക് മടങ്ങി. പക്ഷേ, ഇവരെ നിരീക്ഷിച്ചിരുന്ന പോലീസ് സംഘം ഇക്കാര്യമറിഞ്ഞതോടെ തൃശ്ശൂർ റെയില്‍വേ സ്റ്റേഷനില്‍ നിലയുറപ്പിച്ചു. തൃശ്ശൂരില്‍ ട്രെയിനിറങ്ങിയ ആല്‍വിനെയും അബിൻടോണിയെയും പോലീസ് കാത്തിരുന്ന് കൈയോടെ പിടികൂടി.

ആല്‍വിന്റെ പരാക്രമങ്ങള്‍, ബെംഗളൂരുവില്‍ തെളിവെടുപ്പ്…
പിടിയിലായ ആല്‍വിനാണ് ലഹരിസംഘത്തിന് ബെംഗളൂരുവില്‍നിന്ന് എംഡിഎംഎ അടക്കമുള്ള ലഹരിമരുന്നുകള്‍ എത്തിക്കുന്നതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതോടെ ആല്‍വിനുമായി ബെംഗളൂരുവിലെത്തിച്ച്‌ തെളിവെടുപ്പ് നടത്താനും ലഹരിസംഘത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം നടത്താനും പോലീസ് തീരുമാനിച്ചു. അതിനിടെ, പോലീസ് കസ്റ്റഡിയിലിരിക്കെ ആല്‍വിന്റെ പെരുമാറ്റങ്ങള്‍ പോലീസിനെ വലച്ചു. പോലീസ് നല്‍കിയ ഭക്ഷണം കഴിക്കാൻ കൂട്ടാക്കാതിരുന്ന പ്രതി ബിരിയാണി വേണമെന്ന് വാശിപ്പിടിച്ചു. ഭക്ഷണം കിട്ടിയതോടെ പ്രതി പോലീസിന്റെ ചോദ്യംചെയ്യലുമായി ആദ്യം സഹകരിച്ചു. എന്നാല്‍, അടിക്കടി മൊഴി മാറ്റിപ്പറഞ്ഞ് പ്രതി പോലീസിനെ തെറ്റിദ്ധരിപ്പിക്കാനും ശ്രമിച്ചു

മാർച്ച്‌ 29-ന് കേസില്‍ തെളിവെടുപ്പ് നടത്താനായി ആല്‍വിനെ പോലീസ് ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. ബെംഗളൂരുവിലേക്ക് പോയ പോലീസ് സംഘം പ്രതിയുമായി ഹൊസൂരിലെ ഒരു ഹോട്ടലിലാണ് താമസിച്ചത്. ഗേറ്റും വലിയ ചുറ്റുമതിലുമുള്ള ഹോട്ടല്‍ തന്നെയാണ് താമസത്തിനായി തിരഞ്ഞെടുത്തത്. ഹൊസൂർ സ്റ്റേഷനിലും തൃശ്ശൂരിലെ പോലീസ് സംഘം കാര്യം റിപ്പോർട്ട്ചെയ്തിരുന്നു.

കാലില്‍ വിലങ്ങിട്ട് കട്ടിലിനോട് ബന്ധിപ്പിച്ചാണ് ആല്‍വിനെ ഹോട്ടല്‍മുറിയില്‍ കിടത്തിയത്. രണ്ടുപോലീസുകാരും മുറിയിലുണ്ടായിരുന്നു. യാത്രാക്ഷീണമുണ്ടായിട്ടും പോലീസുകാർ ഇടയ്ക്കിടെ പ്രതിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇതിനിടെ ആല്‍വിൻ ഉറക്കം അഭിനയിച്ചു. പോലീസുകാരും ഈ സമയം മയങ്ങിപ്പോയി. എന്നാല്‍, ഏതാനുംനിമിഷങ്ങള്‍ക്ക് ശേഷം പോലീസുകാർ ഇടയ്ക്ക് കണ്ണുതുറന്നപ്പോള്‍ ആല്‍വിൻ മുറിയിലുണ്ടായിരുന്നില്ല. ഓടിയെത്തി പരിശോധിച്ചപ്പോള്‍ ഹോട്ടല്‍കെട്ടിടത്തിന്റെ മൂന്നാംനിലയില്‍നിന്ന് പൈപ്പിലൂടെ ആല്‍വിൻ താഴേക്ക് ഊർന്നിറങ്ങുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെ പോലീസ് സംഘം ഓടിയെത്തി. എന്നാല്‍, നിമിഷങ്ങള്‍ക്കുള്ളില്‍ പ്രതി സണ്‍ഷേഡിലൂടെ മതിലിലേക്കും പിന്നെ മതില്‍ചാടിക്കടന്ന് സമീപത്തെ ചതുപ്പിലേക്കും ഓടിപ്പോയി.

പ്രതി രക്ഷപ്പെട്ടതോടെ പോലീസ് സംഘം ഉടൻതന്നെ ഹൊസൂർ പോലീസിനെ വിവരമറിയിച്ചിരുന്നു. ഹൊസൂർ പോലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെ പരിശോധന നടത്തിയെങ്കിലും ആല്‍വിനെ കണ്ടെത്താനായില്ല. സമീപത്തെ കോളനികളിലും വാഹനങ്ങളിലും പോലീസ് സംഘം പരിശോധന നടത്തിയെങ്കിലും പ്രതിയെ കിട്ടിയില്ല. കോളനികളിലെ വീടുകളില്‍ കയറി പരിശോധന നടത്തുകയെന്നത് ആ സമയത്ത് ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യവുമായിരുന്നു.

കോളനിയില്‍ ഒളിച്ചിരുന്നു, നാട്ടിലേക്ക് കടന്നു…
പോലീസ് കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ട ആല്‍വിൻ സമീപത്തെ കോളനിയില്‍ ഒളിച്ചിരുന്നെന്നാണ് പോലീസ് പറയുന്നത്. പിന്നീട് അവിടെനിന്നും രക്ഷപ്പെട്ടു. ഇതിനിടെ, ആല്‍വിൻ വിളിച്ചതനുസരിച്ച്‌ നാട്ടില്‍നിന്ന് ചില ബന്ധുക്കള്‍ ബെംഗളൂരുവിലെത്തിയിരുന്നു. ഇവരുടെ സഹായത്തോടെയാണ് പ്രതി കാലിലെ വിലങ്ങ് മുറിച്ചെടുത്തതും പിന്നീട് കേരളത്തിലേക്ക് തിരികെ മടങ്ങിയതെന്നുമാണ് പോലീസ് കണ്ടെത്തല്‍. അതേസമയം, ഇതേക്കുറിച്ച്‌ പോലീസ് പിന്നീട് ചോദിച്ചപ്പോള്‍ കോളനിയില്‍നിന്ന് ഒരു സ്ത്രീ ബ്ലേഡ് നല്‍കിയെന്നും അതുപയോഗിച്ചാണ് വിലങ്ങ് മുറിച്ചതെന്നും ഒരു വർക്ക്ഷോപ്പില്‍നിന്നുള്ളയാളുടെ സഹായത്തോടെയാണ് വിലങ്ങ് മുറിച്ചതെന്നും പ്രതി മാറ്റിമാറ്റി പറഞ്ഞിരുന്നു. എന്നാല്‍, ഇതെല്ലാം നുണയാണെന്നാണ് പോലീസ് ഉറപ്പിച്ചുപറയുന്നത്.

ആല്‍വിൻ രക്ഷപ്പെട്ടതോടെ ഇയാള്‍ പോകാൻ സാധ്യതയുള്ള ബെംഗളൂരുവിലെ സ്ഥലങ്ങളിലെല്ലാം പോലീസ് സംഘം തിരച്ചില്‍ നടത്തിയിരുന്നു. ഇയാളുമായി ബന്ധമുള്ള സുഹൃത്തുക്കളുടെ നമ്ബറുകളും നിരീക്ഷണത്തിലാക്കി. ബെംഗളൂരുവിലുള്ള ആല്‍വിന്റെ ഒരു സുഹൃത്തിനെയും കണ്ടെത്തി. എന്നാല്‍, ആല്‍വിൻ ആരെയും വിളിച്ചില്ല. പക്ഷേ, ഇതിനിടെ അപ്രതീക്ഷിതമായ മറ്റൊരു വഴിത്തിരിവുണ്ടായി. ആല്‍വിന്റെ കാമുകിയായ നഴ്സിങ് വിദ്യാർഥിനി ആല്‍വിന്റെ സുഹൃത്തിനെ ഫോണില്‍ വിളിച്ചതാണ് വഴിത്തിരിവായത്. ആല്‍വിൻ ചാടി അല്ലേടാ എന്നും കുറച്ചുമുൻപ് വിളിച്ചിരുന്നതായും കാമുകി സുഹൃത്തിനോട് പറഞ്ഞു. ഇതോടെ കാമുകിയുടെ ഫോണ്‍വിളി വിവരങ്ങള്‍ ശേഖരിച്ചു. ബെംഗളൂരുവിലെ ഒരു സെക്യൂരിറ്റി ജീവനക്കാരന്റെ നമ്ബറില്‍നിന്നാണ് ആല്‍വിൻ കാമുകിയെ വിളിച്ചതെന്ന് വ്യക്തമായി. ബെംഗളൂരു നഗരത്തിന്റെ ഉള്‍പ്രദേശത്തുള്ള ഇയാളെ പിന്നീട് കണ്ടെത്തിയെങ്കിലും ആല്‍വിൻ കാമുകിയെ വിളിക്കാനായി ഇയാളുടെ ഫോണ്‍ ഉപയോഗിച്ചതാണെന്നും പ്രതി അവിടെനിന്ന് മുങ്ങിയെന്നും മനസ്സിലായി.

മാർച്ച്‌ 31-ന് ആല്‍വിൻ കേരളത്തിലെത്തിയതായി പോലീസ് സംഘം ഉറപ്പിച്ചത് പിന്നീടായിരുന്നു. ഇതിനിടെ, ആല്‍വിന്റെ ഒരു ബന്ധു ബെംഗളൂരുവിലെ ഒരു ബേക്കറിക്കാരന്റെ ഫോണിലേക്ക് 500 രൂപ ഗൂഗിള്‍പേ ചെയ്തതായും കണ്ടെത്തി. വഴിയില്‍ കാണുന്നവരുടെ ഫോണുകളില്‍നിന്ന് പ്രതി ഇടയ്ക്കിടെ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നു.

അപകടം പറ്റിയെന്നും വീട്ടുകാരെ വിളിക്കണമെന്നും പറഞ്ഞാണ് ആല്‍വിൻ പലരുടെയും ഫോണുകളില്‍നിന്ന് ബന്ധുക്കളെ വിളിച്ചിരുന്നത്. ഇങ്ങനെ വിളിക്കുമ്ബോള്‍ ചെലവിനുള്ള പണം അക്കൗണ്ടിലിടാൻ നിർദേശിക്കും. ഒരിടത്തുനിന്ന് ബന്ധുക്കളെ ഫോണ്‍ വിളിച്ചാല്‍ അതേയിടത്തുനിന്നുള്ള എടിഎമ്മില്‍നിന്ന് പ്രതി പണം പിൻവലിച്ചിരുന്നില്ല. കിലോമീറ്ററുകള്‍ അകലെയുള്ള എടിഎമ്മില്‍നിന്നാണ് പിന്നീട് പണം പിൻവലിക്കുക. പോലീസ് പിന്നാലെ എത്തുമ്ബോഴേക്കും ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് പ്രതി രക്ഷപ്പെട്ടിരുന്നു.

ആല്‍വിൻ ഇടയ്ക്കിടെ ബന്ധുക്കളെ ഫോണില്‍ വിളിക്കുന്നത് പോലീസിന് വ്യക്തമായി. ഈ ഫോണ്‍വിളികളില്‍നിന്ന് തൃശ്ശൂർ, മലപ്പുറം ജില്ലകളില്‍തന്നെ പ്രതി കറങ്ങിനടക്കുന്നതായി പോലീസ് ഉറപ്പിച്ചു. തൃശ്ശൂരിലെ ചാവക്കാട്, തളിക്കുളം, മലപ്പുറം പൊന്നാനി, തിരൂർ മേഖലകളില്‍ തൃശ്ശൂരിലെ പോലീസുകാർ രാത്രിയും പുലർച്ചെയും പരിശോധന നടത്തി. ഇതിനിടെ, എടവണ്ണപ്പാറയിലെ മുറുക്കാൻകടക്കാരനായ ഇതരസംസ്ഥാന തൊഴിലാളിയുടെ നമ്ബറില്‍നിന്ന് ആല്‍വിൻ ബന്ധുവിനെ വിളിച്ചതായി കണ്ടെത്തി. ഈ നമ്ബറില്‍നിന്ന് തുടർച്ചയായി രണ്ടുതവണ കോളുകള്‍ വന്നതോടെ പ്രതി ഈ ഭാഗത്തുതന്നെ താമസിക്കുന്നുണ്ടെന്ന നിഗമനത്തിലെത്തി. നിരീക്ഷണത്തിനായി ചില പോലീസുകാരെയും മേഖലയില്‍ ഏർപ്പാടാക്കി. പിന്നീട് പോലീസ് ഇവിടെയെത്തി ലോഡ്ജുകളിലടക്കം പരിശോധന നടത്തിയെങ്കിലും പ്രതി അവിടെനിന്നും കടന്നുകളഞ്ഞിരുന്നു. ഇതിനിടെ, പ്രതി താമസിച്ചിരുന്ന ലോഡ്ജുടമയോട് പണം ചോദിച്ചതായുള്ള വിവരം ലഭിച്ചു. അതിനാല്‍ തന്നെ ആല്‍വിൻ്റെ കൈയിലെ പണം കഴിഞ്ഞിട്ടുണ്ടാകുമെന്ന് പോലീസ് ഊഹിച്ചു. തൊട്ടുപിന്നാലെ കോഴിക്കോട് ജില്ലയില്‍നിന്ന് ആല്‍വിൻ വീണ്ടും ബന്ധുവിനെ വിളിച്ചു. പൊന്നാനി ഭാഗത്തേക്കാണ് പ്രതി യാത്രചെയ്യുന്നതെന്ന് ഇതോടെ പോലീസിന് വ്യക്തമായി. തുടർന്ന് പൊന്നാനിയില്‍വെച്ച്‌ പോലീസ് ആല്‍വിനെ പിടികൂടുകയായിരുന്നു.

ബന്ധുക്കളുടെ പിന്തുണ, ലഹരിക്കച്ചവടത്തില്‍ ലക്ഷങ്ങളുടെ ഇടപാടുകള്‍…
പോലീസിന്റെ പിടിയിലായിട്ടും ഇനിയും ലഹരിക്കച്ചവടം തുടരുമെന്നായിരുന്നു ആല്‍വിന്റെ വെല്ലുവിളി. എന്തായാലും എല്ലാവരും അറിഞ്ഞില്ലേ, അതിനാല്‍ ഇനിയും കച്ചവടം ചെയ്യുമെന്നാണ് പ്രതി പറഞ്ഞത്.

ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിക്കുകയാണെന്ന് പറഞ്ഞാണ് ആല്‍വിൻ ഇടയ്ക്കിടെ ബെംഗളൂരുവില്‍ പോയിരുന്നതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, ആല്‍വിൻ പറഞ്ഞ കോളേജില്‍ ഇയാള്‍ പഠിക്കുന്നില്ലെന്ന് കോളേജ് അധികൃതർ പോലീസിനോട് സ്ഥിരീകരിച്ചിട്ടുണ്ട്. നാട്ടില്‍നിന്ന് ബെംഗളൂരുവിലേക്ക് പോയാല്‍ 10-15 ദിവസങ്ങള്‍ കഴിഞ്ഞാണ് ആല്‍വിൻ നാട്ടിലേക്ക് മടങ്ങുക. അതുവരെ ബെംഗളൂരുവിലെ സുഹൃത്തിനൊപ്പമായിരിക്കും താമസം. ബെംഗളൂരുവില്‍നിന്ന് ലഹരിമരുന്ന് വാങ്ങികൊണ്ടുവന്ന് തൃശ്ശൂരിലെ ലഹരിസംഘങ്ങള്‍ക്ക് എത്തിച്ചുനല്‍കലായിരുന്നു ആല്‍വിന്റെ പ്രധാനജോലിയെന്നും പോലീസ് പറയുന്നു.

ഒരുമാസം മാത്രം ഏകദേശം ഏഴുലക്ഷത്തോളം രൂപയുടെ ഇടപാടാണ് ആല്‍വിന്റെ അക്കൗണ്ടില്‍ നടന്നിരുന്നത്. പ്രതിയുടെ പേരില്‍ കാറും ബൈക്കും ഉണ്ട്. പോലീസ് തിരച്ചില്‍ ആരംഭിച്ചതോടെ പ്രതിയുടെ ബന്ധുക്കള്‍ തന്നെ ഈ വാഹനങ്ങള്‍ ഒളിപ്പിച്ചിരുന്നു. രണ്ട് വാഹനങ്ങളും പോലീസ് പിന്നീട് കണ്ടെത്തി. പ്രതിയുടെ ലഹരിക്കച്ചവടത്തിന് ബന്ധുക്കളില്‍നിന്ന് വലിയസഹായമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. അതിനിടെ, ഹൊസൂരില്‍വെച്ച്‌ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെട്ടതിന് ഹൊസൂർ പോലീസ് ആല്‍വിനെതിരേ കേസെടുത്തിട്ടുണ്ട്. പോലീസുകാരുടെ മൊബൈല്‍ഫോണുകള്‍ കവർന്നതിനും ഹൊസൂരില്‍ കേസുണ്ട്. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചതിന് ബന്ധുക്കളെ അടക്കം ഹൊസൂർ പോലീസ് പ്രതിചേർത്തേക്കുമെന്നാണ് സൂചന.

STORY HIGHLIGHTS:Girlfriend’s phone call; Police expertly locked up drug dealer

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker