
തായ്ലാൻഡിലെ ഭൂകമ്ബത്തില്‍ തകർന്ന കെട്ടിത്തിലേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച നാല് ചൈനീസ് പൗരന്മാരെ പോലീസ് അറസ്റ്റ് ചെയ്തു.
തകർന്ന കെട്ടിടത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ടവരാണ് ഈ നാലുപേരുമെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. നിർമാണത്തിലിരുന്ന ഈ കെട്ടിടത്തിന്റെ ഉള്ളില്‍നിന്നും ഇതുമായി ബന്ധപ്പെട്ട രേഖകള്‍ കൈക്കലാക്കിയ ശേഷം രക്ഷപ്പെടാനായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് പോലീസ് പറയുന്നു.
ചൈനീസ് പിന്തുണയോടെ പ്രവർത്തിക്കുന്ന കമ്ബനിക്കായിരുന്നു നിർമാണത്തിലിരിക്കെ തകർന്നുവീണ 30 നില കെട്ടിടത്തിന്റെ നിർമാണ ചുമതല. ഇതുമായി ബന്ധപ്പെട്ട രേഖകളുമായി കടക്കാനുള്ള ശ്രമത്തിനിടെയാണ് ഇവർ പിടിയിലാകുന്നത്. 32 പേജുകളുള്ള ഒരു ഫയലാണ് ഇവർ തകർന്ന കെട്ടിടത്തില്‍നിന്ന് എടുത്തതെന്നാണ് മെട്രോപോളിറ്റൻ പോലീസ് ബ്യൂറോ മേധാവി അറിയിച്ചത്. അധികൃതർ ദുരന്ത മേഖലയായി പ്രഖ്യാപിച്ച സ്ഥലത്താണ് ചൈനീസ് പൗരന്മാർ അതിക്രമിച്ച് കയറിയത്.
തകർന്നുവീണ കെട്ടിടത്തില്‍ അനധികൃതമായി ആളുകള്‍ പ്രവേശിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ചൈനീസ് പൗരന്മാർ പിടിയിലാകുന്നത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഒരാള്‍ ഈ കെട്ടിട നിർമാണത്തിന്റെ പ്രൊജക്‌ട് മാനേജർ ആയിരുന്നുവെന്ന് സമ്മതിച്ചിട്ടുണ്ട്. ഇയാള്‍ക്ക് വർക്ക് പെർമിറ്റ് ഉണ്ടെന്നും കെട്ടിട നിർമാണം എടുത്തിട്ടുള്ള ഇറ്റാലിയൻ-തായ് ഡെവലപ്പ്മെന്റ് കമ്ബനിയുമായി ചേർന്നാണ് ഇയാളുടെ കമ്ബനി ഇവിടെ നിർമാണ പ്രവർത്തികള്‍ നടത്തുന്നതെന്നും കണ്ടെത്തി.
ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മൂന്നുപേരില്‍ നിന്നുമാണ് 32 പേജുകളുള്ള രേഖകള്‍ പോലീസ് കണ്ടെടുത്തതെന്നാണ് വിവരം. കെട്ടിട നിർമാണവുമായി ബന്ധപ്പെട്ട രേഖകളാണിവയെന്നാണ് റിപ്പോർട്ടുകള്‍. തങ്ങള്‍ സബ് കോണ്‍ട്രാക്ടർമാരാണെന്നും കെട്ടിട നിർമാണത്തിന്റെ മേല്‍നോട്ടത്തിനും മറ്റുമായി ഇവിടെ ഒരുക്കിയിരുന്ന താത്കാലിക കണ്ടെയ്നർ റൂമില്‍ സൂക്ഷിച്ചിരുന്ന രേഖകള്‍ ഇൻഷുറൻസ് ലഭിക്കുന്നത് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ക്കായാണ് എടുത്തതെന്നുമാണ് ചോദ്യം ചെയ്യലില്‍ ഇവർ പറഞ്ഞത്.
ചോദ്യം ചെയ്യലിന് ശേഷം ഈ നാലുപേരെയും പോലീസ് താത്കാലികമായി മോചിപ്പിച്ചെങ്കിലും പൊതുനിർദേശം ലംഘിച്ച് നിരോധിത മേഖലയില്‍ പ്രവേശിക്കുകയും തകർന്ന കെട്ടിടത്തിന്റെ ബ്ലൂ പ്രിന്റ് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈവശപ്പെടുത്തുകയും ചെയ്തതിനെ തുടർന്ന് മുമ്ബ് പിടികൂടിയ നാലുപേർ ഉള്‍പ്പെടെ അഞ്ചുപേരെ ഞായറാഴ്ച വീണ്ടും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. അഞ്ചാമനായി പിടികൂടിയിരിക്കുന്ന വ്യക്തി ഇവരുടെ ജീവനക്കാരനാണെന്നാണ് വിവരം.
STORY HIGHLIGHTS:Police have arrested four Chinese nationals who attempted to illegally enter a building damaged in the earthquake.