News

സംസ്ഥാനത്തെ മോട്ടോര്‍വാഹന നികുതി പുതുക്കി, ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം:സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തെത്തുടർന്ന് സംസ്ഥാനത്തെ മോട്ടോർവാഹന നികുതി പുതുക്കി ഉത്തരവിറക്കി. ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും 15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ വാഹനങ്ങള്‍ക്കുമാണ് നികുതിയില്‍ വർധനയുണ്ടായിട്ടുള്ളത്.

15 വർഷം രജിസ്ട്രേഷൻകാലാവധി കഴിഞ്ഞ മോട്ടോർ സൈക്കിളുകള്‍ക്കും സ്വകാര്യ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന മുച്ചക്രവാഹനങ്ങള്‍ക്കും അഞ്ചുവർഷത്തേക്കുള്ള നികുതി 400 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. 750 കിലോഗ്രാം വരെയുള്ള കാറുകള്‍ക്ക് 3200 രൂപയും 750 കിലോഗ്രാം മുതല്‍ 1500 വരെയുള്ള കാറുകള്‍ക്ക് 4300 രൂപയും 1500-ന് മുകളിലുള്ള വാഹനങ്ങള്‍ക്ക് 5300 രൂപയുമാണ് വർധിപ്പിച്ചിട്ടുള്ളത്. ഇതിനുപുറമേ സംസ്ഥാനത്ത് രജിസ്റ്റർചെയ്ത കോണ്‍ട്രാക്‌ട് ക്യാരേജ് വാഹനങ്ങളില്‍ ഓർഡിനറി, പുഷ്ബാക്ക്, സ്ലീപ്പർ സീറ്റുകള്‍ എന്നീ തരംതിരിവ് ഒഴിവാക്കി ഏകീകരിക്കുകയും ചെയ്തു. സ്റ്റേജ് വാഹനങ്ങളുടെ നികുതിയില്‍ കുറവുവന്നിട്ടുണ്ട്.

രജിസ്ട്രേഷൻ അഞ്ചുവർഷത്തേക്കാണ് പുതുക്കിനല്‍കുക. എല്ലാ ഇലക്‌ട്രിക് വാഹനങ്ങള്‍ക്കും ഇപ്പോള്‍ വിലയുടെ അഞ്ചുശതമാനമാണ് നികുതിയുണ്ടായിരുന്നത്. എന്നാല്‍, പുതുക്കിയതുപ്രകാരം 15 ലക്ഷം രൂപവരെയുള്ള വാഹനങ്ങള്‍ക്ക് അഞ്ചുശതമാനമാക്കിയും 15 മുതല്‍ 20 ലക്ഷം വരെയുള്ള വാഹനങ്ങള്‍ക്ക് എട്ട് ശതമാനമാക്കിയും 20 ലക്ഷംമുതലുള്ള വാഹനങ്ങള്‍ക്ക് 10 ശതമാനമാക്കിയുമാണ് നികുതി പുതുക്കിയിട്ടുള്ളത്. ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങള്‍ക്കും ത്രീവീലറുകള്‍ക്കും നികുതി അഞ്ചുശതമാനമായിത്തന്നെ തുടരും. ഇലക്‌ട്രിക് വാഹനങ്ങളുടെ നികുതിവർധന പുതുതായി വാഹനംവാങ്ങാൻ ആഗ്രഹിക്കുന്നവരെ ആശങ്കയിലാക്കുന്നുണ്ട്

മോട്ടോർവാഹന വകുപ്പ് കഴിഞ്ഞദിവസമാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍വരും. ഏപ്രില്‍ ഒന്നുമുതലുള്ള നികുതി മാർച്ച്‌ 31-നുമുന്നേ അടച്ചിട്ടുണ്ടെങ്കില്‍ ആ വാഹനത്തില്‍നിന്ന് മാറ്റംവരുത്തിയ നികുതി ഈടാക്കണമെന്നും ഇതിനായി കണക്ക് പരിശോധനയ്ക്കായി കാത്തിരിക്കേണ്ടെന്നും നിർദേശമുണ്ട്.

STORY HIGHLIGHTS:Motor vehicle tax in the state revised, effective from April 1

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker