
ബാംഗ്ലൂർ:50കാരിയെ മാസങ്ങള്‍ക്ക് മുമ്ബ് കാണാതായ സംഭവം കൊലപാതകമെന്ന് പൊലീസ്. നവംബര്‍ മാസം മുതലാണ് മേരി എന്ന 50കാരിയെ കാണാതായത്.
അയല്‍വാസിയായ ലക്ഷ്മണാണ് മേരിയെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണം കവര്‍ന്നത്. ബെംഗളൂരു യെലഹങ്കയിലെ നാഗെനഹള്ളിയിലെ കെ.എച്ച്.ബി കോളനി ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 30-കാരനായ ലക്ഷ്മണിനെയാണ് പൊലീസ് ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തത്. മേരിയെ കൊലപ്പെടുത്തിയ ശേഷം അവരുടെ നാല് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണവും ലക്ഷ്മണ്‍ കവര്‍ന്നു.
കൊലപാതകം നടത്തിയതിന് ശേഷം തെളിവുകള്‍ നശിപ്പിക്കുന്നതിന് തനിക്ക് പ്രചോദനമായത് കന്നഡ ചിത്രം ദൃശ്യ ആണെന്ന് പ്രതി പൊലീസിനോട് സമ്മതിച്ചു. നവംബര്‍ 27-നാണ് മേരിയെ കാണാനില്ലെന്ന് ബന്ധുവായ ജെന്നിഫര്‍ കൊതനൂര്‍ പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. തുടക്കത്തില്‍ കുറച്ചുപേരെ പോലീസ് സംശയിച്ചെങ്കിലും അന്വേഷണത്തിന് കാര്യമായ പുരോഗതിയുണ്ടായില്ല.
പിന്നീട് മേരിയുടെ ഫോണ്‍ വിവരങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി. അയല്‍വാസിയായ ലക്ഷ്മണ്‍ മേരിയെ കാണാതായ അതേ ദിവസം മുതല്‍ അപ്രത്യക്ഷമായതും പൊലീസില്‍ സംശയമുണ്ടാക്കി. തുടര്‍ന്ന് പൊലീസ് ലക്ഷ്മണിന്റെ കോള്‍ ഡീറ്റെയ്ല്‍സ് റെക്കോര്‍ഡും പരിശോധിച്ചു. രണ്ട് സ്ത്രീകളുമായി ലക്ഷ്മണിന് വിവാഹേതര ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തി. ഇൗ രണ്ട് യുവതികളേയും കണ്ടെത്തിയ പൊലീസ് ഇരുവരുമായും സംസാരിച്ചു.
തുടര്‍ന്ന്, ഇതില്‍ ഒരു കാമുകിയെ കാണാനായി ലക്ഷ്മണ്‍ മാര്‍ച്ച് ഒമ്ബതിന് എത്തുമെന്ന് മനസ്സിലാക്കി. അയല്‍ക്കാര്‍ എന്ന നിലയില്‍ മേരിയുമായി യുവാവിന് പരിചയമുണ്ടായിരുന്നു. ഇലക്‌ട്രിക്കല്‍ ജോലിയും ഓട്ടോ ഓടിക്കലുമായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. ഇടയ്ക്ക് ചില ബിസിനസ് സ്ഥാപനങ്ങള്‍ പലരില്‍ നിന്നായി കടം വാങ്ങി ആരംഭിച്ചു. എന്നാല്‍ ബിസിനസ് പൊട്ടിയതോടെ ലക്ഷങ്ങളുടെ കടമുണ്ടായി. ഈ കടം തീര്‍ക്കാനായി പണം ആവശ്യം വന്നപ്പോള്‍ മുമ്ബ് മേരിയുടെ വീട്ടിലെ ഇലക്‌ട്രിക്കല്‍ ജോലിക്ക് പോയപ്പോള്‍ കണ്ട സ്വര്‍ണത്തെ കുറിച്ച് ഓര്‍മ വന്നു.
തുടര്‍ന്ന് മേരിയെ കൊലപ്പെടുത്തി സ്വര്‍ണം കൈക്കലാക്കാന്‍ യുവാവ് തീരുമാനിച്ചു. വൈദ്യുതി ബന്ധം വിച്ഛേദിച്ച ശേഷം കഴുത്തില്‍ ഷാള്‍ മുറുക്കി മേരിയെ കൊലപ്പെടുത്തി. തുടര്‍ന്ന് കുറച്ച് മാലിന്യം കളയാനുണ്ടെന്ന് പറഞ്ഞ് ഓട്ടോറിക്ഷാ ഡ്രൈവറായ ബന്ധുവിനെ വിളിച്ചുവരുത്തി. ചാക്കില്‍ കെട്ടിയ മേരിയുടെ മൃതദേഹം ഓട്ടോറിക്ഷയില്‍ കൊണ്ടുപോയി മാലിന്യക്കൂമ്ബാരത്തില്‍ ഉപേക്ഷിച്ചു. തുടര്‍ന്നാണ് മേരിയുടെ സ്വര്‍ണം കൈക്കലാക്കിയത്. ഇത് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ് ഇപ്പോള്‍.
STORY HIGHLIGHTS:Police say the incident in which a 50-year-old woman went missing months ago was a murder.