
നെയ്യാറ്റിൻകര ആശുപത്രി ജംഗ്ഷനിലെ ആപ്പോളോ ഫാർമസി അടിച്ചുതകർത്ത നാല്‍വർ സംഘത്തിലെ മൂന്നുപേരെ പൊലീസ് പിടികൂടി.
മലയില്‍കട സ്വദേശി ജിത്തു, ശ്രീരാജ്(നന്ദു), ധനുവച്ചപുരം സ്വദേശി അനൂപ് നെടിയാങ്കോട് എന്നിവരെയാണ് നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. മറ്റൊരു പ്രതിയായ വിമല്‍ ഒളിവിലാണ്.
കഴിഞ്ഞ ദിവസം രാത്രി 1.30നാണ് സംഘം ഫാർമസിയുടെ ഗ്ലാസ് അടിച്ചുതകർക്കുകയും കടയ്ക്ക് മുന്നില്‍ പാർക്ക്ചെയ്തിരുന്ന ജീവനക്കാരന്റെ ഇരുചക്രവാഹനം അടിച്ചുതകർക്കുകയും ചെയ്തത്. സിസി.ടിവി ദൃശ്യങ്ങളില്‍ ആക്രമണം നടത്തുന്നത് വ്യക്തമായി പതിഞ്ഞിരുന്നു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
രണ്ടുവർഷം മുമ്ബ് കൊല്ലിയോട് ഭാഗത്തുവച്ച് അഖില്‍ എന്നയാളെ അരുണ്‍,റെജിൻ,അഖില്‍ എന്നിവർ ചേർന്ന് കുത്തി പരിക്കേല്പിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ പ്രതികള്‍ ജാമ്യത്തില്‍ ഇറങ്ങിയശേഷം കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചു. എന്നാല്‍ അഖില്‍ അതിന് തയാറായില്ല. കേസിലെ പ്രതിയുടെ സുഹൃത്ത് അപ്പോളോ ഫാർമസിയില്‍ ജോലി ചെയ്യുന്നുണ്ടെന്നറിഞ്ഞാണ് അഖിലിന്റെ സുഹൃത്തുക്കള്‍ ഫാർമസിക്കു നേരെ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. നെയ്യാറ്റിൻകര എസ്.എച്ച്.ഒ എസ്.ബി പ്രവീണ്‍,എസ്.ഐ ഷാജി കുമാർ, എസ്.സി.പി.ഒമാരായ രതീഷ് എ.കെ,ലെനിൻ,സതീഷ് ചന്ദ്രൻ എന്നിവർ അന്വേഷണത്തിന് നേതൃത്വം നല്‍കി. പ്രതികളെ നെയ്യാറ്റിൻകര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
STORY HIGHLIGHTS:Three arrested for vandalizing pharmacy