IndiaNews

കരുതല്‍ ധന അനുപാതം വീണ്ടും വെട്ടിക്കുറച്ചേക്കും

കൊച്ചി:ബാങ്കിങ് മേഖലയുടെ പണ ലഭ്യതയില്‍ അനുഭവപ്പെടുന്ന കമ്മി ഏതാനും മാസത്തേക്കു കൂടി തുടർന്നേക്കുമെന്ന് ആശങ്ക.

ബാങ്കുകളുടെ ആവശ്യങ്ങള്‍ക്കായി 1.87 ലക്ഷം കോടി രൂപ കൂടി ലഭ്യമാക്കുമെന്നു കഴിഞ്ഞ ദിവസം റിസർവ് ബാങ്ക് (ആർബിഐ) അറിയിച്ചെങ്കിലും അതിന്റെ പ്രയോജനം താല്‍ക്കാലികമായിരിക്കുമെന്നാണു ബാങ്കിങ് വ്യവസായവുമായി ബന്ധപ്പെട്ടവരുടെ അഭിപ്രായം.

ബാങ്കുകളുടെ കരുതല്‍ ധന അനുപാതത്തില്‍ (സിആർആർ) 0.25 ശതമാനമെങ്കിലും കുറവു വരുത്തുക കൂടി ചെയ്‌താല്‍ പ്രശ്‌നത്തിനു പരിഹാരമാകുമെന്നും അവർ നിർദേശിക്കുന്നു.
നവംബറില്‍ 1.35 ലക്ഷം കോടി രൂപയുടെ അധിക പണ ലഭ്യതയാണു ബാങ്കിങ് മേഖലയിലുണ്ടായിരുന്നത്. എന്നാല്‍ ഡിസംബറില്‍ അനുഭവപ്പെട്ടത് 65,000 കോടിയുടെ കമ്മിയാണ്.

ജനുവരിയില്‍ കമ്മി 2.07 ലക്ഷം കോടിയായി. കഴിഞ്ഞ മാസം അവസാനത്തെ കണക്കു പ്രകാരം കമ്മി 1.59 ലക്ഷം കോടി രൂപയായിരുന്നു. ഇക്കഴിഞ്ഞ ദിവസത്തെ കണക്കനുസരിച്ചു കമ്മി 55,000 കോടി മാത്രമാണെങ്കിലും ആദായ നികുതിയുടെ മുൻകൂർ തവണ, ജിഎസ്‌ടി എന്നീ ആവശ്യങ്ങള്‍ക്കായി ഈ മാസം വൻ തുക പിൻവലിക്കപ്പെടുമെന്നതിനാല്‍ കമ്മി ഭീമമായി വർധിക്കും.

ഇതു പരിഗണിച്ചാണു 12 – 24 തീയതികള്‍ക്കിടയില്‍ 1.87 ലക്ഷം കോടി രൂപ ബാങ്കിങ് മേഖലയ്‌ക്കു ലഭ്യമാക്കുമെന്ന് ആർബിഐ അറിയിച്ചിട്ടുള്ളത്.

ബാങ്കുകള്‍ നിക്ഷേപത്തിന് ആനുപാതികമായി ആർബിഐയില്‍ സൂക്ഷിക്കേണ്ട കരുതല്‍ ധനം നിലവില്‍ നാലു ശതമാനമാണ്. ഇതു 3.75 ശതമാനമായി കുറച്ചാല്‍ പണലഭ്യത മെച്ചപ്പെടും.


എന്നാല്‍ രൂപയുടെ വില സ്‌ഥിരത ലക്ഷ്യമിട്ടു ഡോളർ വില്‍പന തുടരേണ്ടി വന്നാല്‍ നില തുടർന്നും പരുങ്ങലിലായിരിക്കും. കരുതല്‍ ധന അനുപാതത്തില്‍ കുറവു വരുത്തുക എന്ന നിർദേശം ഏതാനും ദിവസം മുൻപ് എസ്ബിഐയുടെ ഗവേഷണ റിപ്പോർട്ടിലും ഉന്നയിക്കപ്പെട്ടിരുന്നു.

നീണ്ട ഇടവേളയ്‌ക്കു ശേഷം ആർബിഐ കഴിഞ്ഞ മാസം വായ്‌പാ നിരക്കില്‍ 0.25% കുറവു വരുത്തുകയുണ്ടായെങ്കിലും നിരക്കിളവിന്റെ ആനുകൂല്യം എല്ലാ ബാങ്കുകളും ഇടപാടുകാർക്ക് അനുവദിച്ചുകൊടുത്തിട്ടില്ല.

STORY HIGHLIGHTS:Reserve ratio may be cut again

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker