
മോഷ്ടിച്ചെടുത്ത ക്രെഡിറ്റ്കാര്‍ഡ് ഉപയോഗിച്ച് ലോട്ടറി സ്‌ക്രാച്ച്‌കാര്‍ഡ് വാങ്ങി സമ്മാനമടിച്ചവര്‍ക്ക് വന്‍ വാഗ്ദാനം നല്‍കി ക്രെഡിറ്റ്കാര്‍ഡ് ഉടമ.
അവര്‍ ടിക്കറ്റുമായി എത്തിയാല്‍ സമ്മാനത്തുകയായ 5 ലക്ഷം യൂറോയുടെ ഒരു വിഹിതം നല്‍കാമെന്നാണ് കാര്‍ഡ് ഉടമ പറയുന്നത്. സമ്മാനമടിച്ച ലോട്ടറി ടിക്കറ്റിന്റെ യഥാര്‍ത്ഥ ഉടമ ആരെന്ന കാര്യത്തില്‍ നിയമജ്ഞര്‍ക്കിടയില്‍ തര്‍ക്കം ഉയരുന്ന സമയത്താണ് ഇത്തരത്തിലൊരു ഓഫര്‍ നല്‍കി കാര്‍ഡ് ഉടമ എത്തിയിരിക്കുന്നത്. സ്‌ക്രാച്ച്‌കാര്‍ഡ് വാങ്ങിയ ആളാണോ, അതിനായി പണം മുടക്കിയ ആളാണോ യഥാര്‍ത്ഥ വിജയി എന്ന കാര്യത്തിലാണ് തര്‍ക്കം.

ഒരു സിനിമാകഥയെ വെല്ലുന്ന കഥയാണിത്. ഭവനരഹിതരായ രണ്ടു പുരുഷന്മാര്‍, തെക്കന്‍ ഫ്രാന്‍സിലെ ടുലോസില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു കാര്‍ തകര്‍ത്ത് അതില്‍ കയറുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. കാറിനകത്ത് കയറിയ അവര്‍ ക്രെഡിറ്റ് കാര്‍ഡ്, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയടങ്ങിയ ബാക്ക് പാക്ക് മോഷ്ടിക്കുന്നു. ജീന്‍ ഡേവിഡ് എന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഒരു പ്രദേശവാസിയുടേതായിരുന്നു ആ ബാഗ്.
മോഷണം പോയ വിവരം അറിഞ്ഞതോടെ ജീന്‍ അക്കാര്യം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും ബാങ്കുമായി ബന്ധപ്പെട്ട് തന്റെ ക്രെഡിറ്റ്കാര്‍ഡ് ബ്ലോക്ക് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അതിനിടയില്‍ കാര്‍ഡ് ആരെങ്കിലും ഉപയോഗിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് കാര്‍ പാര്‍ക്ക് ചെയ്തിരുന്ന സ്ഥലത്തു നിന്നും 500 മീറ്റര്‍ മാറി ഒരു ന്യൂസ് ഏജന്റിന്റെ ഷോപ്പില്‍ നിന്നും 43.50 അപുണ്ട് (52.50 യൂറോ) വില വരുന്ന സാധനങ്ങള്‍ വാങ്ങാനായി കാര്‍ഡ് ഉപയോഗിച്ചതായി ബാങ്കുകാര്‍ മറുപടി നല്‍കി.
തന്റെ തിരിച്ചറിയല്‍ രേഖകള്‍ വീണ്ടെടുക്കുക എന്നതായിരുന്നു ജീന്‍ ഡേവിഡിനെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതിനായി അയാള്‍ ന്യൂസ് ഏജന്റുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ അറിയിക്കുകയും മോഷ്ടാക്കളെ തിരിച്ചറിയുന്നതിനായി സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. അതിനിടയിലാന് 30 നും 40 നും ഇടയില്‍ പ്രായമുള്ള രണ്ട് ഭവനരഹിതര്‍ തന്റെ കടയിലെത്തി സിഗരറ്റുകളും സ്‌ക്രാച്ച് കാര്‍ഡുകളും വാങ്ങിയ വിവരം ന്യൂസ് ഏജന്റ് ജീനിനെ അറിയിച്ചത്. അവരുടെ പെരുമാറ്റത്തില്‍ ചില സംശയങ്ങള്‍ ഉണ്ടായതായും ന്യൂസ് ഏജന്റ് അറിയിച്ചു.

അവര്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചായിരുന്നു വാങ്ങിയ സാധനങ്ങളുടെ പണം നല്‍കിയത്. എന്നാല്‍, അല്പ സമയത്തിന് ശേഷം മറ്റെന്തോ വാങ്ങി പണം നല്‍കാന്‍ ശ്രമിച്ചപ്പോള്‍ അത് വിജയിച്ചില്ല എന്നും ന്യൂസ് ഏജന്റ് പറഞ്ഞു. ലോട്ടറിയുടെ പരമാവധി സമ്മാന തുകയായ 5 ലക്ഷം യൂറോ നേടിയതറിഞ്ഞ് പിന്നീട് മോഷ്ടാക്കള്‍ ഇരുവരും ന്യൂസ് ഏജന്റിനെ സമീപിച്ചു. ഫ്രാന്‍സിലെ നാഷണല്‍ ലോട്ടറി നടത്തിപ്പുകാരായ ഫ്രാങ്കെയ്‌സ് ഡി ജ്യൂക്സുമായി ബന്ധപ്പെടാനായിരുന്നു അയാള്‍ നിര്‍ദ്ദേശിച്ചത്.
തുടര്‍ന്നാണ് സമ്മാനം നേടിയ ടിക്കറ്റിന്റെ യഥാര്‍ത്ഥ ഉടമ ആരെന്ന നിയമ പ്രശ്നം ഉയര്‍ന്നത്. ഫ്രാങ്കെയ്‌സ് ഡി ജ്യൂക്സ് ഈ ടിക്കറ്റ് മരവിപ്പിച്ചു. പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിനിടയിലാണ് ജീന്‍ ഡേവിഡ് പ്രശ്നം സൗഹാര്‍ദ്ദപരമായി പരിഹരിക്കുന്നതിനായി മോഷ്ടാക്കളെ ക്ഷണിച്ചത്. എത്രയും പെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുമെന്നാണ് അയാള്‍ കരുതുന്നത്.

STORY HIGHLIGHTS: