
സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടുകാര്‍ ചെയ്യുന്ന ക്രൂരതകള്‍ അനുദിനമെന്നോണം രാജ്യത്തൊട്ടാകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയാണ്.
സ്ത്രീകളെ മര്‍ദിച്ചും വിഷം കൊടുത്തും കൊലപ്പെടുത്തുന്നതു മുതല്‍ പാമ്ബിനെ ഉപയോഗിച്ച് കടിപ്പിക്കുന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ അതിക്രൂരമായ ആസൂത്രണങ്ങളുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. ഇപ്പോഴിതാ ഉത്തര്‍പ്രദേശില്‍ നിന്ന് ഞെട്ടിക്കുന്ന ഒരു സംഭവമാണ് പുറത്തുവരുന്നത്. സ്ത്രീധനം കൂടുതല്‍ നല്‍കിയില്ലെന്നാരോപിച്ച് ഭര്‍തൃവീട്ടുകാര്‍ മരുമകളുടെ ശരീരത്തില്‍ എച്ച്‌ഐവി അണുബാധയുള്ള സിറിഞ്ച് കുത്തിവച്ച ക്രൂരമായ സംഭവമാണ് പുറത്തുവരുന്നത്.
30 വയസുള്ള സ്ത്രീയാണ് സിറിഞ്ച് കൊണ്ട് കുത്തേറ്റ ക്രൂരതയ്ക്ക് ഇരയായത്. സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ക്രിമിനല്‍ കേസ് ഫയല്‍ ചെയ്യാന്‍ സഹറന്‍പുര്‍ കോടതി യുപി പൊലീസിനോട് ഉത്തരവിട്ടു. യുവതിയുടെ ഭര്‍ത്താവ്, ഭര്‍ത്താവിന്റെ സഹോദരി, സഹോദരീ ഭര്‍ത്താവ്, അമ്മായിയമ്മ, എന്നിവര്‍ക്കെതിരെ കൊലപാതക ശ്രമം, സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരത, വിശ്വാസ വഞ്ചന, സ്ത്രീധന പീഡനത്തിനെതിരേയുള്ള വകുപ്പുകള്‍ എന്നിവ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.

കേസിനാസ്പദമായ സംഭവം ഇങ്ങനെയാണ്: 2023 ഫെബ്രുവരിയിലാണ് യുവതിയുടെ വിവാഹം നടന്നത്. അന്ന് വന്‍തുക സ്ത്രീധനം നല്‍കിയിരുന്നു. വിവാഹത്തിനായി ഏകദേശം 45 ലക്ഷം രൂപയാണ് ചെലവഴിച്ചതെന്ന് യുവതിയുടെ പിതാവ് കോടതിയെ അറിയിച്ചു. ‘വരന്റെ കുടുംബത്തിന് എസ്യുവിയും 15 ലക്ഷം രൂപ പണമായും നല്‍കി. എന്നാല്‍ പിന്നീടവര്‍ 10 ലക്ഷം രൂപ കൂടി പണമായിട്ടും വലിയ എസ്യുവിയും ആവശ്യപ്പെട്ട് മകളെ ഉപദ്രവിക്കാന്‍ തുടങ്ങി, നിരന്തരമായി അധിക്ഷേപിച്ചു. മകന് മറ്റൊരു ഭാര്യയെ കണ്ടെത്തുമെന്നും പറഞ്ഞു. – പിതാവ് പറഞ്ഞു.
വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ മകളെ ഭര്‍തൃവീട്ടില്‍ നിന്ന് പുറത്താക്കി. പിന്നീട് ഗ്രാമ പഞ്ചായത്തിന്റെ ഇടപെടലില്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരിച്ചയച്ചു. വൈകാതെ വീണ്ടും ശാരീരികവും മാനസികവുമായ പീഡനത്തിന് മകളെ ഇരയാക്കി – പിതാവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞു.
2024 മെയ് മാസത്തില്‍ ഹരിദ്വാറിലെ യുവതിയുടെ ഭര്‍തൃവീട്ടിലാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടുകാര്‍ ബലമായി എച്ച്‌ഐവി അണുബാധയുള്ള സിറിഞ്ച് യുവതിയുടെ മേല്‍ കുത്തിവച്ചു. തുടര്‍ന്ന് യുവതിയുടെ ആരോഗ്യം വേഗത്തില്‍ വഷളായി. പിന്നീട് നടത്തിയ വൈദ്യപരിശോധനയില്‍ എച്ച്‌ഐവി പോസിറ്റീവാണെന്നു കണ്ടെത്തി. ഭര്‍ത്താവ് എച്ച്‌ഐവി നെഗറ്റീവുമായി.
യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിട്ടും അവര്‍ ഗൗനിച്ചില്ല, മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ കുടുംബം കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്നാണ് അതിക്രൂരമായ സംഭവം പുറത്തുവന്നത്.
STORY HIGHLIGHTS:’Dowry not enough’; In-laws insert HIV-infected syringe into daughter-in-law’s body
