കൊല്ലം:ഓണ്‍ലൈന്‍ പെയ്മെന്‍റ് നടത്താന്‍ കഴിയാതെ വന്നപ്പോള്‍ പ്രശ്നം പരിഹരിക്കാൻ ‘കസ്റ്റമർ കെയറുമായി’ ബന്ധപ്പെട്ട കരുനാഗപ്പള്ളി മാരാരിതോട്ടം സ്വദേശിനിക്ക് നഷ്ടമായത് പത്ത് ലക്ഷത്തിലധികം രൂപ.
ഗൂഗിളില്‍ തിരഞ്ഞാണ് കസ്റ്റമർ കെയർ നമ്ബർ കണ്ടെത്തിയതെന്ന് മാത്രം. കിട്ടിയതാവട്ടെ സൈബർ തട്ടിപ്പ് സംഘം നല്‍കിയിരുന്ന വ്യാജ നമ്ബറും.
യഥാർത്ഥ കസ്റ്റമർ കെയർ സംവിധാനം പോലെ സംസാരിച്ച തട്ടിപ്പുകാർ സഹായിക്കാനെന്ന വ്യാജേന നിര്‍ദ്ദേശങ്ങള്‍ നല്‍കി 10 ലക്ഷത്തിലധികം രൂപ സംഘം കൈക്കലാക്കി. പണം നഷ്ടമായെന്ന് മനസിലായപ്പോഴാണ് കെണിയില്‍ വീണ കാര്യം മനസിലായത് പോലും. പിന്നാസെ കരുനാഗപ്പള്ളി പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ അന്നേഷണം എത്തിയത് ജാർഖണ്ഡിലേക്ക്.
13 ദിവസം പൊലീസ് ജാർഖണ്ഡിലെ പലയിടങ്ങളില്‍ തിരച്ചില്‍ നടത്തി. ഒടുവില്‍ ജാംതാരാ ജില്ലയിലെ കര്‍മ്മതാര്‍ ഗ്രാമത്തില്‍ നിന്നും തട്ടിപ്പ് സംഘത്തിലെ പ്രധാനിയായ അക്തര്‍ അന്‍സാരി എന്നായാളെ പിടികൂടുകയായിരുന്നു.
പ്രതിയെ നാട്ടില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. 15 പേരടങ്ങുന്ന വൻ സംഘമാണ് തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിന് വെബ്സൈറ്റ് നിർമ്മിച്ചു നല്‍കിയ റാഞ്ചി സ്വദേശി ഉള്‍പ്പടെ സംഘത്തിലെ 15 പേരെക്കുറിച്ചും പോലീസിന് വിവരം ലഭിച്ചു. കരുനാഗപ്പള്ളി എസ്‌എച്ച്‌ഒ ബിജുവിന്റെ നേതൃത്വത്തില്‍ ആറംഗ സംഘമാണ് പ്രതിയെ പിടികൂടിയത്.ജാർഖണ്ഡ് പോലീസിന്റെ സഹായമില്ലാതെയാണ് സംഘം അത്തർ അൻസാരിയെ വലയിലാക്കിയത്. തട്ടിപ്പിന് പിന്നിലെ മറ്റു പ്രതികളും ഉടൻ പിടിയിലാകുമെന്ന് കരുനാഗപ്പള്ളി പോലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
തട്ടിപ്പിലൂടെ ലഭിക്കുന്ന പണം കൃത്യമായി വീതിച്ച് നല്‍ക്കുന്നതാണ് പ്രതികളുടെ രീതി. പണം ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിച്ചാല്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടുപിടിക്കാൻ സാധ്യതയുള്ളതിനാല്‍ ഗ്രാമീണരുടെ പേരില്‍ എന്‍.എസ്.ഡി.എല്‍ അക്കൗണ്ട് തുടങ്ങിയാണ് കൈമാറ്റം ചെയ്തിരുന്നത്. അറസ്റ്റിലായ പ്രതിയില്‍ നിന്നും ലഭിച്ച വിവരങ്ങളിലൂടെ മറ്റ് പ്രതികളിലേക്കും വൈകാതെ എത്താൻ കഴിയുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടല്‍.
STORY HIGHLIGHTS:The Karunagappally native called ‘customer care’ and asked for help; later, she lost more than 10 lakh rupees.