തിരുവനന്തപുരം:നെയ്യാറ്റിൻകരയിലെ ഗോപന് സ്വാമിയുടെ മൃതദേഹം സംസ്കരിച്ച കല്ലറയുടെ സ്ലാബ് പൊളിച്ചു. കല്ലറയില്‍ മൃതദേഹം കണ്ടെത്തി.
ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം പുറത്തെടുത്ത് ടേബിളിലേക്ക് മാറ്റി.
മൃതദേഹത്തിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചു. രണ്ട് ഫോറന്‍സിക് സര്‍ജര്‍മാര്‍ സ്ഥലത്തുണ്ട്. നെഞ്ച് വരെ പൂജാദ്രവ്യങ്ങള്‍ മൂടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്.
നെയ്യാറ്റിന്‍കരയില്‍ പിതാവ് സമാധിയായെന്ന് മക്കള്‍ പോസ്റ്റര്‍ പതിക്കുകയും അടക്കം ചെയ്യുകയും ചെയ്തതോടെയാണ് ഗോപന് സ്വാമിയെന്ന പേര് ചര്‍ച്ചയായത്. അച്ഛന് ആവശ്യപ്പെട്ടത് അനുസരിച്ചാണ് സമാധിയിരുത്തിയതെന്നായിരുന്നു മക്കള്‍ പറഞ്ഞത്. ചൊവ്വാഴ്ച രാവിലെ പത്തരയോടെ അച്ഛന് നടന്നാണ് സമാധിപീഠത്തിലിരുത്തിയതെന്നും തന്നെ നെറുകയില്‍ കൈവെച്ച് അനുഗ്രഹിച്ചിരുന്നുവെന്നും പൂജാരിയായ മകന് രാജശേഖരന് പറഞ്ഞിരുന്നു.
അതേസമയം കല്ലറ പൊളിക്കരുതെന്ന കുടുംബത്തിന്റെ ഹര്‍ജി കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് എവിടെയെന്നായിരുന്നു കോടതി ചോദിച്ചത്. ഗോപന് സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടിരുന്നു. ഗോപന് സ്വാമി എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്നും വ്യക്തമാക്കി.
മരണം രജിസ്റ്റര്‍ ചെയ്തോയെന്നും ഹൈക്കോടതി കുടുംബത്തോട് ചോദിച്ചിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരുമെന്നും അല്ലെങ്കില്‍ അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും കോടതി അറിയിച്ചു. സ്വാഭാവിക മരണമാണോ അസ്വഭാവിക മരണമാണോ എന്ന് തിരിച്ചറിയണമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഭയക്കുന്നത് എന്തിനാണെന്നും കുടുംബത്തോട് ചോദിച്ചിരുന്നു.
STORY HIGHLIGHTS:The slab of the tomb where Gopan Swamy’s body was buried was demolished.