IndiaNews

വിവാഹത്തിന് 4 ദിവസം മാത്രം ബാക്കി നില്‍ക്കെ 20 വയസ്സുള്ള മകളെ അച്ഛന്‍ വെടിവെച്ചു കൊന്നു.

വിവാഹത്തിന് 4 ദിവസം മാത്രം ബാക്കി നില്‍ക്കെ 20 വയസ്സുള്ള മകളെ അച്ഛന്‍ വെടിവെച്ചു കൊന്നു. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് സംഭവം.

മകള്‍ മറ്റൊരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് പിതാവിന്റെ ക്രൂരത. പോലീസ് ഉദ്യോഗസ്ഥരുടെ കണ്‍മുന്നില്‍ വെച്ചാണ് ഞെട്ടിക്കുന്ന കൊലപാതകം നടന്നത്. തനു ഗുര്‍ജാര്‍ ആണ് കൊല്ലപ്പെട്ടത്.

തനു വീട്ടുകാര്‍ നിശ്ചയിച്ച വിവാഹത്തെ പരസ്യമായി എതിര്‍ക്കുകയും ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. നഗരത്തിലെ ഗോല കാ മന്ദിര്‍ പ്രദേശത്ത് ചൊവ്വാഴ്ച രാത്രി ഒമ്ബത് മണിയോടെയായിരുന്നു കൊലപാതകം

കൊലപാതക ദിവസം മകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ കുപിതനായ പിതാവ് മഹേഷ് ഗുര്‍ജാര്‍ തോക്ക് ഉപയോഗിച്ച്‌ മകളെ വളരെ അടുത്ത് നിന്ന് വെടിവക്കുകയായിരുന്നു. ഇതിനുപുറമെ, തനുവിന്റെ ബന്ധുവായ രാഹുലും പെണ്‍കുട്ടിയെ വെടിവച്ചു.



കൊലപാതകത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബ് തനു സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പങ്കുവെച്ചിരുന്നു, അതില്‍ തന്റെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നുവെന്ന് ആരോപിച്ചിരുന്നു.

52 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ തന്റെ ദുരവസ്ഥയ്ക്ക് പിതാവ് മഹേഷിനെയും മറ്റ് കുടുംബാംഗങ്ങളെയും കുറ്റപ്പെടുത്തുകയും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.

കാമുകനായ വിക്കിയെ തനിക്ക് വിവാഹം കഴിക്കണമെന്ന് തനു വീഡിയോയില്‍ പറയുന്നുണ്ട്. വീട്ടുകാര്‍ ആദ്യം സമ്മതിച്ചെങ്കിലും പിന്നീട് സമ്മതിച്ചില്ല. അവര്‍ എന്നെ ദിവസവും തല്ലുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു.

എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം എന്റെ കുടുംബത്തിനായിരിക്കും. ആഗ്ര സ്വദേശിയായ യുവാവും താനുമായി 6 വര്‍ഷമായി ബന്ധമുണ്ടെന്നും യുവതി വീഡിയോയില്‍ പറയുന്നുണ്ട്.

ഈ വീഡിയോ വൈറലായതിനെ തുടര്‍ന്ന് പോലീസ് സൂപ്രണ്ട് ധരംവീര്‍ സിങ്ങിന്റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥര്‍ തനുവിന്റെ വീട്ടിലെത്തി തര്‍ക്കത്തിന് മധ്യസ്ഥത വഹിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിനായി ഒരു കമ്മ്യൂണിറ്റി പഞ്ചായത്തും നടന്നിരുന്നു.

തര്‍ക്കത്തിനിടെ തനു വീട്ടില്‍ താമസിക്കാന്‍ വിസമ്മതിക്കുകയും സുരക്ഷയ്ക്കായി തന്നെ വണ്‍-സ്റ്റോപ്പ് സെന്ററിലേക്ക് (അക്രമത്തിന് ഇരയായ സ്ത്രീകളെ സഹായിക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ നടത്തുന്ന സംരംഭം) കൊണ്ടുപോകാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

എന്നാല്‍ മകളോട് സ്വകാര്യമായി സംസാരിക്കണമെന്ന് പിതാവ് ആവശ്യപ്പെടുകയും കാര്യങ്ങള്‍ പറഞ്ഞ് അവളെ ബോധ്യപ്പെടുത്താമെന്ന് അവകാശപ്പെടുകയും ചെയ്തു.



ഇതിന് ശേഷമാണ് കൊലപാതകം നടന്നത്. നാടന്‍ തോക്ക് ഉപയോഗിച്ച്‌ മഹേഷ് മകളുടെ നെഞ്ചിലേക്കും തനുവിന്റെ നെറ്റിയിലും കഴുത്തിലും കണ്ണിനും മൂക്കിനുമിടയിലുള്ള ഭാഗത്ത് രാഹുലും വെടിയുതിര്‍ത്തു.

തനു ഉടന്‍ കുഴഞ്ഞുവീണ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതിന് പിന്നാലെ അച്ഛനും ബന്ധുവും പോലീസിനും കുടുംബാംഗങ്ങള്‍ക്കും നേരെ ആയുധം ചൂണ്ടി. മഹേഷിനെ പൊലീസ് നിയന്ത്രിച്ച്‌ അറസ്റ്റ് ചെയ്‌തെങ്കിലും പിസ്റ്റളുമായി രാഹുല്‍ രക്ഷപ്പെട്ടു.

ജനുവരി 18ന് നടക്കാനിരുന്ന തനുവിന്റെ വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ക്കിടെയായിരുന്നു കൊലപാതകം. മഹേഷ് ഗുര്‍ജറിനെ അറസ്റ്റ് ചെയ്തതായും കൊലപാതകത്തിന് ഉപയോഗിച്ച ആയുധവും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു.

രാഹുലിനെ തിരഞ്ഞുപിടിച്ച്‌ അറസ്റ്റ് ചെയ്യാനുള്ള ശ്രമം തുടരുകയാണ്. തനുവിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടും പൊലീസ് പരിശോധിക്കുന്നുണ്ട്.

STORY HIGHLIGHTS:A father shot and killed his 20-year-old daughter just 4 days before her wedding.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker